
ന്യൂഡല്‍ഹി: കോവിഡ് 19 നെതിരായ പോരാട്ടത്തിനായി ഏറ്റവുമധികം തുക സംഭാവന നല്‍കിയ മൂന്നാമത്തെയാളായി ഐടി ഭീമന്‍മാരായ വിപ്രോ ലിമിറ്റഡിന്റെ സ്ഥാപകനും എക്‌സിക്യൂട്ടീവ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായിരുന്ന അസിം പ്രേംജി. ഫോബ്‌സിന്റെ പട്ടിക അനുസരിച്ച് കൊവിഡ് 19 പ്രതിരോധങ്ങള്‍ക്കായി സ്വകാര്യ മേഖലയില്‍ നിന്ന് സംഭാവന നല്‍കിയ ആദ്യ പത്ത് പേരില്‍ അസിം പ്രേംജിയുമുണ്ട്. ഇന്ത്യയില്‍ നിന്ന് ഫോബ്‌സിന്റെ ആദ്യം പത്ത് പേരുടെ പട്ടികയില്‍ ഇടം നേടിയ ഒരേയൊരു ഇന്ത്യക്കാരനും അസിം പ്രേജിയാണ്. അമേരിക്കയിലെ കോടീശ്വരന്‍മാരാണ് പട്ടികയിലുള്ള മറ്റ് ആള്‍ക്കാര്‍.
ഏപ്രില്‍ ആദ്യം തന്നെ 1125 കോടി രൂപയാണ് കൊവിഡ് 19 നെതിരായ പോരാട്ടത്തിനായി അസിം പ്രേംജി പ്രഖ്യാപിച്ചത്. ആരോഗ്യ മേഖല, സമൂഹത്തിന്റെ താഴേത്തട്ടില്‍ പേമാരി മൂലം ബുദ്ധിമുട്ടുന്നവര്‍ക്കുമായാണ് അസിംപ്രേംജി ധനസഹായം പ്രഖ്യാപിച്ചത്. പ്രഖ്യാപിച്ച 1125 കോടിയില്‍ ആയിരം കോടി രൂപ ഇതിനോടകം അസിം പ്രേംജി ഫൌണ്ടേഷന്‍ നല്‍കി കഴിഞ്ഞു. 100 കോടി രൂപയാണ് വിപ്രോ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിനായി നല്‍കിയത്. വിപ്രോ എന്റര്‍പ്രൈസസ് 25 കോടി രൂപയുടെ സഹായമാണ് മഹാമാരിക്കെതിരായ പോരാട്ടത്തിനായി ചെലവിടുന്നതെന്നാണ് ഇന്ത്യാ ടൈംസ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
ഫോബ്‌സ് ഡാറ്റ അനുസരിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 77 ശതകോടീശ്വരന്‍മാരാണ് ഏപ്രില്‍ അവസാനം വരെ കൊവിഡ് 19 പോരാട്ടത്തിനായി കൈകോര്‍ത്തിട്ടുള്ളത്. ട്വിറ്ററിന്റെ സിഇഒ ജാക്ക് ഡോര്‍സിയാണ് പട്ടികയില്‍ ആദ്യ സ്ഥാനത്തുള്ളത്. 7549 കോടി രൂപയാണ് ജാക്ക് ഡോര്‍സിയുടെ സംഭാവന. രണ്ടാം സ്ഥാനത്തുള്ള ബില്‍ ഗേറ്റ്‌സും ഭാര്യ മെലിന്‍ഡ ഗേറ്റ്‌സും നല്‍കിയിട്ടുള്ളത് 1925 കോടി രൂപയാണ്.