
ബംഗളൂരു: വിപ്രോയുടെ മുന്‍ എക്‌സിക്യുട്ടീവ് ചെയര്‍മാനായിരുന്ന അസിം പ്രേംജിയുടെ പ്രതിഫലത്തില്‍ 95 ശതമാനം വര്‍ധനവുണ്ടായതായി റിപ്പോര്‍ട്ട്. പ്രതിഫലത്തില്‍ വന്‍ വര്‍ധനവുണ്ടായതോടെ അസിം പ്രേംജി 2018-2019 സാമ്പത്തിക വര്‍ഷം വാങ്ങിയ പ്രതിഫലം 262,054 ഡോളറാണെന്നാണ് റിപ്പോര്‍ട്ട്. അസിം പ്രേംജി കമ്പനിയുടെ ചുമതലകളില്‍ അടുത്തിടെയാണ് വിരമിച്ചത്. മകന്‍ റിഷാദ് പ്രേംജി അടുത്ത മാസം അസിം പ്രേംജിയുടെ സ്ഥാനം ഏറ്റെടുക്കുമെന്നാണ് വിവരം. മകന്‍ റിഷാദ് പ്രേംജി 2018-2019 സാമ്പത്തിക വര്‍ഷം ആകെ വാങ്ങിയ പ്രതിഫലം 987,652 ഡോളറാണെന്നാണ് കണക്കുകളിലൂടെ സൂചിപ്പിക്കുന്നത്.
വിപ്രോ ചീഫ് എക്‌സിക്യൂട്ടീവ് ആബിദലി നീമുച്ചിന്റെ പ്രതിഫലത്തില്‍ 41 ശതമാനം വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. 3.9 മില്യണ്‍ ഡോളര്‍ വരുമാനമായി ഉയര്‍ന്നെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. നീണ്ട 53 വര്‍ഷത്തെ ബിസിനസ് പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷമാണ് അസിം പ്രേംജി വിപ്രോയുടെ ചുമതലകളില്‍ നിന്ന് വിരമിച്ചത്.