
ബിടുബി പേയ്‌മെന്റ്, സേവന ദാതാവായ പേമേറ്റ് ഇന്ത്യയും ഓഹരി വിപണിയിലേക്ക്. പ്രാഥമിക ഓഹരി വില്‍പ്പനയ്ക്കായി മാര്‍ക്കറ്റ് റെഗുലേറ്ററായ സെബിയില്‍ ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്‌പെക്ടസ് സമര്‍പ്പിച്ചു. ഐപിഒയിലൂടെ 1,500 രൂപ സമാഹരിക്കാനാണ് പേമേറ്റ് ലക്ഷ്യമിടുന്നത്.1,125 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഷെയറുകളാണ് ഐപിഒയിലൂടെ കൈമാറുക. ബാക്കി 375 കോടി രൂപ നിലവിലുള്ള ഷെയര്‍ഹോള്‍ഡര്‍മാരുടെയും പ്രൊമോട്ടര്‍മാരുടെയും ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയ്ലായിരിക്കും.
അജയ് ആദിശേഷനും വിശ്വനാഥന്‍ സുബ്രഹ്മണ്യനും ഉള്‍പ്പെടെയുള്ള പ്രൊമോട്ടര്‍മാര്‍ യഥാക്രമം 134.73 കോടി രൂപയുടെയും 3.29 കോടി രൂപയുടെയും ഓഹരികളാണ് ഓഫര്‍ ഫോര്‍ സെയ്ലിലൂടെ കൈമാറുക. ലൈറ്റ്‌ബോക്‌സ് വെഞ്ചേഴ്‌സ് ക, മെയ്ഫീല്‍ഡ് എഫ്വിസിഐ, ആര്‍എസ്പി ഇന്ത്യ ഫണ്ട്, ഐപിഒ വെല്‍ത്ത് ഹോള്‍ഡിംഗ്‌സ് എന്നിവയുള്‍പ്പെടെ മറ്റ് സ്ഥാപന നിക്ഷേപകരും ഓഹരികള്‍ ഓഫ്‌ലോഡ് ചെയ്യും. 2006 ല്‍ പ്രവര്‍ത്തനമാരംഭിച്ച മുംബൈ ആസ്ഥാനമായുള്ള പേമേറ്റ് ഇന്ത്യ, വിതരണ ശൃംഖലകളിലെ ബിസിനസ് ടു ബിസിനസ് പേയ്‌മെന്റുകള്‍ ഡിജിറ്റൈസും ഓട്ടോമേറ്റും സ്ട്രീംലൈനും ചെയ്യുന്ന ഒരു പേയ്‌മെന്റ് സേവന ദാതാവാണ്.
പ്രാഥമിക ഓഹരി വില്‍പ്പനയില്‍ 75 ശതമാനം ഓഹരികള്‍ ക്വാളിഫൈഡ് സ്ഥാപന നിക്ഷേപകര്‍ക്കായി നീക്കിവച്ചിട്ടുണ്ട്. 15 ശതമാനം ഓഹരികള്‍ സ്ഥാപനേതര നിക്ഷേപകര്‍ക്കും 10 ശതമാനം റീട്ടെയ്ല്‍ നിക്ഷേപകര്‍ക്കുമായാണ് അനുവദിക്കുക. ഐപിഒയ്ക്ക് മുമ്പായി 225 കോടി രൂപ വരെ സമാഹരിക്കുന്ന ഒരു സ്വകാര്യ പ്ലേസ്‌മെന്റും കമ്പനി പരിഗണിച്ചേക്കും. അങ്ങനെയെങ്കിലും ഐപിഒ തുക കുറയാന്‍ സാധ്യതയുണ്ട്. ഐപിഒയിലൂടെ സമാഹരിക്കുന്ന തുക ബിസിനസ് വിപുലീകരണത്തിനും പൊതു കോര്‍പ്പറേറ്റ് ആവശ്യങ്ങള്‍ക്കുമായാണ് വിനിയോഗിക്കുക.
2021 ഡിസംബര്‍ 31 വരെയുള്ള കണക്കുകള്‍ പ്രകാരം 49,953 ഉപഭോക്താക്കളാണ് പേമേറ്റ് ഇന്ത്യയ്ക്കുള്ളത്. അതില്‍ 480 എന്റര്‍പ്രൈസ് ഉപഭോക്താക്കളും 49,473 ചെറുകിട ഇടത്തരം സംരംഭകരും ഉള്‍പ്പെടുന്നു. ഐസിഐസിഐ സെക്യൂരിറ്റീസ്, എച്ച്എസ്ബിസി സെക്യൂരിറ്റീസ് ആന്‍ഡ് ക്യാപിറ്റല്‍ മാര്‍ക്കറ്റ്സ് (ഇന്ത്യ), ജെഎം ഫിനാന്‍ഷ്യല്‍, എസ്ബിഐ ക്യാപിറ്റല്‍ മാര്‍ക്കറ്റ്സ് എന്നിവയാണ് ബുക്ക് റണ്ണിംഗ് ലീഡ് മാനേജര്‍മാര്‍. ഓഹരികള്‍ ബിഎസ്ഇയിലും എന്‍എസ്ഇയിലും ലിസ്റ്റ് ചെയ്തേക്കും.