
മുംബൈ: ബാബ രാംദേവിന്റെ പതഞ്ജലി ആയുര്‍വേദയുടെ ഉടമസ്ഥതയിലുള്ള ഭക്ഷ്യ എണ്ണ കമ്പനിയായ രുചി സോയ 4,300 കോടി രൂപ വരെ വിപണിയില്‍ നിന്ന് സമാഹരിക്കാനൊരുങ്ങുന്നു. ധനസമാഹരണത്തിനായുളള ഫോളോ-ഓണ്‍ പബ്ലിക് ഓഫര്‍ (എഫ്പിഒ) നടപടികളുമായി ബന്ധപ്പെട്ട കരട് രേഖ സെബിക്ക് കമ്പനി സമര്‍പ്പിച്ചു.
ലിസ്റ്റുചെയ്ത എന്റിറ്റിയില്‍ 25 ശതമാനം മിനിമം പബ്ലിക് ഷെയര്‍ഹോള്‍ഡിംഗിന്റെ സെബി മാനദണ്ഡം പാലിക്കുന്നതിനാണ് എഫ്പിഒ ആരംഭിക്കുന്നത്. റെഡ് ഹെറിംഗ് പ്രോസ്‌പെക്ടസ് (ഡിആര്‍എച്ച്പി) കരട് മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെബിക്ക് ശനിയാഴ്ച സമര്‍പ്പിച്ചു. ഓഹരി വില്‍പ്പനയിലൂടെ 4,300 കോടി രൂപ വരെ സമാഹരിക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നതെന്ന് വൃത്തങ്ങള്‍ അറിയിച്ചു. സെബിയുടെ അംഗീകാരം ലഭിച്ചതിന് ശേഷം അടുത്ത മാസം എഫ്പിഒ മൂലധന വിപണിയിലെത്താന്‍ സാധ്യതയുണ്ട്.
കമ്പനിയുടെ ഇക്വിറ്റി ഷെയറുകളുടെ പൊതു ഓഫര്‍ വഴി ഫണ്ട് സ്വരൂപിക്കുന്നതിന് ബോര്‍ഡ് രൂപീകരിച്ചതും അധികാരപ്പെടുത്തിയതുമായ ഇഷ്യു കമ്മിറ്റി അംഗീകാരം നല്‍കിയിട്ടുണ്ടെന്ന് ഒരു റെഗുലേറ്ററി ഫയലിംഗില്‍ രുചി സോയ വ്യക്തമാക്കി. ബിഎസ്ഇ, നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് എന്നിവടങ്ങളില്‍ ഫയല്‍ ചെയ്യുന്നതിന് 2021 ജൂണ്‍ 12 ന് ഡിആര്‍എച്ച്പി പാനല്‍ അംഗീകരിച്ചു.
പ്രൊമോട്ടേഴ്‌സ് ഗ്രൂപ്പിന് കമ്പനിയില്‍ 98.90 ശതമാനം ഓഹരിയുണ്ട്. സെബി ലിസ്റ്റിംഗ് നിയമങ്ങള്‍ അനുസരിച്ച്, സെക്യൂരിറ്റീസ് കോണ്‍ട്രാക്റ്റ് (റെഗുലേഷന്‍) ചട്ടങ്ങള്‍, 1957 പ്രകാരം ലിസ്റ്റിംഗ് ആവശ്യകതയ്ക്ക് അനുസൃതമായി 25 ശതമാനം മിനിമം പബ്ലിക് ഷെയര്‍ഹോള്‍ഡിംഗ് നേടുന്നതിന് കമ്പനി പ്രൊമോട്ടര്‍മാരുടെ ഓഹരി വിഹിതം കുറയ്‌ക്കേണ്ടതുണ്ട്. പ്രമോട്ടര്‍മാരുടെ ഓഹരി 75 ശതമാനമായി നിജപ്പെടുത്താന്‍ സോയയ്ക്ക് മുന്നില്‍ മൂന്ന് വര്‍ഷം കാലാവധിയുണ്ട്. രുചി സോയയുടെ ഓഹരി വില വെള്ളിയാഴ്ച ബി എസ് ഇയില്‍ 1,242.35 രൂപയായി ക്ലോസ് ചെയ്തു. കമ്പനിയുടെ മാര്‍ക്കറ്റ് ക്യാപിറ്റലൈസേഷന് നിലവില്‍ 36,800 കോടി രൂപയാണ്.