ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്കിന്റെ മുന്നറിയിപ്പ്: കിട്ടാക്കട വായ്പകള്‍ 12.5 ശതമാനമാകാന്‍ സാധ്യത

July 25, 2020 |
|
News

                  ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്കിന്റെ മുന്നറിയിപ്പ്: കിട്ടാക്കട വായ്പകള്‍ 12.5 ശതമാനമാകാന്‍ സാധ്യത

ഇന്ത്യന്‍ ബാങ്കുകളുടെ മൊത്ത നിഷ്‌ക്രിയ ആസ്തി നില അപായകരമായാണ് ഉയര്‍ന്നുകൊണ്ടിരിക്കുന്നതെന്ന് റിസര്‍വ് ബാങ്ക്. അടുത്ത വര്‍ഷം മാര്‍ച്ചോടെ കിട്ടാക്കട വായ്പകള്‍ 12.5 ശതമാനമാകുമെന്നാണ് നിരീക്ഷണം. കോവിഡ് -19 മഹാമാരിയുടെ ആഘാതം കുറയ്ക്കുന്നതിന് ധനകാര്യ മേഖലാ റെഗുലേറ്റര്‍മാരും കേന്ദ്രവും കൈക്കൊണ്ട നടപടികള്‍ വിപണിയിലെ തളര്‍ച്ച കുറയ്ക്കാനും പ്രവര്‍ത്തന പരിമിതികള്‍ ലഘൂകരിക്കാനും ഉപകരിച്ചെങ്കിലും ബാങ്കുകളുടെ ആരോഗ്യം ക്ഷയിക്കാനിടയാക്കിയെന്ന് ആര്‍.ബി.ഐ സാമ്പത്തിക സ്ഥിരതാ റിപ്പോര്‍ട്ടിന്റെ 21-ാം പതിപ്പ് ചൂണ്ടിക്കാട്ടുന്നു.

സര്‍ക്കാരിന്റെ സഹായത്തോടെയുള്ള ധന നിയന്ത്രണ ഇടപെടലുകളുടെ സംയോജനം ഈ വര്‍ഷം തുടക്കത്തിലെ കടുത്ത സാമ്പത്തിക പ്രതിസന്ധി കുറയാനും രാജ്യത്തിന്റെ ധനവിപണിയിലെ സാധാരണ പ്രവര്‍ത്തനം ഉറപ്പാക്കാനും വഴി തെളിച്ചെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കി.അതേസമയം, 'അങ്ങേയറ്റത്തെ റിസ്‌ക് ഒഴിവാക്കല്‍' എല്ലാവരേയും പ്രതികൂലമായി ബാധിക്കുമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് പുറത്തിറക്കിയ സാമ്പത്തിക സ്ഥിരതാ റിപ്പോര്‍ട്ടില്‍ പറയുന്നു. കൊവിഡ് മൂലം ഉലഞ്ഞുനില്‍ക്കുന്ന സാമ്പത്തികേതര മേഖല, ആഗോള ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ എന്നീ ഘടകങ്ങളും ആഗോള സാമ്പത്തിക സാധ്യതകള്‍ക്ക് വലിയ ദോഷമായി നിലനില്‍ക്കുകയാണ്.

നിലവില്‍, ബിസിനസുകള്‍ക്കും വ്യക്തികള്‍ക്കുമായി നല്‍കിയിരിക്കുന്ന വായ്പ തിരിച്ചടവ് മൊറട്ടോറിയം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ബിസിനസുകള്‍ക്ക് ആശ്വാസം നല്‍കുന്നുണ്ട്. എന്നാല്‍ ഓഗസ്റ്റില്‍ ഈ ആശ്വാസം അവസാനിച്ചുകഴിഞ്ഞാല്‍ ബാങ്കുകളില്‍ കിട്ടാക്കടം വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ടെന്ന് റിസര്‍വ് ബാങ്ക് മുന്നറിയിപ്പ് നല്‍കി.

വ്യാപാരത്തെയും മറ്റും ബാധിച്ചതും രാജ്യത്ത് ആയിരക്കണക്കിന് ആളുകളെ തൊഴില്‍ രഹിതരുമാക്കിയ രാജ്യവ്യാപക ലോക്ക്ഡൗണ്‍ ഇന്ത്യന്‍ ബാങ്കുകളില്‍ കിട്ടാക്കട വര്‍ദ്ധനവിന് കാരണമായി.ബാങ്കുകളുടെ കിട്ടാക്കട വായ്പാ അനുപാതം 2020 മാര്‍ച്ച് അവസാനത്തോടെ 8.5 ശതമാനമായി ഉയര്‍ന്നിരുന്നു. ആഗോള സമ്പദ്വ്യവസ്ഥയില്‍ ഏറ്റവും ഉയര്‍ന്ന നിരക്കിലൊന്നാണിത്. മാക്രോ-സാമ്പത്തിക അന്തരീക്ഷം ഈ വര്‍ഷാവസാനം മോശമായ അവസ്ഥയിലേക്ക് തിരിയുകയാണെങ്കില്‍, അനുപാതം 14.7 ശതമാനമായി ഉയരും. ഐസിഐസിഐ ബാങ്ക് മുതല്‍ പ്രതിസന്ധിയിലായ യെസ് ബാങ്ക് വരെയുള്ള ഇന്ത്യന്‍ ബാങ്കുകള്‍ മൂലധനം വര്‍ദ്ധിപ്പിക്കുന്നതിനായി ഓഹരികള്‍ വിറ്റ് ഫണ്ട് സമാഹരിക്കാനുള്ള പദ്ധതികള്‍ പ്രഖ്യാപിച്ചതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

Related Articles

© 2025 Financial Views. All Rights Reserved