
ബഹ്റൈന്‍ ആസ്ഥാനമായുള്ള ടെലികോം ഓപ്പറേറ്റര്‍ ബാറ്റെല്‍കോയ്ക്ക് 2019-2020 സാമ്പത്തിക വര്‍ഷത്തിലെ നാലാം പാദത്തില്‍ വന്‍ നേട്ടം. കമ്പനിയുടെ അറ്റാദായത്തില്‍ വന്‍ വര്‍ധനവാണ് ഉണ്ടായത്. 7.4 മില്യണ്‍ ബഹറിന്‍ ദിനാര്‍ (19.6 മില്യണ്‍ ഡോളര്‍) അറ്റാദായം പ്രഖ്യാപിച്ചു. 2018 നെ അപേക്ഷിച്ച് 82 ശതമാനം വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. നിരക്കുകള്‍ കുറഞ്ഞത് 2018 ലെ അറ്റാദായത്തെ ബാധിച്ചിരുന്നു.
2019 ലെ മൊത്തം ലാഭം 51.6 മില്യണ്‍ ബഹറിന്‍ ദിനാര്‍ ആണ്. അതായത് 3 ശതമാനം വര്‍ധനയെന്ന് കമ്പനി പ്രസ്താവിച്ചു. നാലാം പാദത്തിലെ വരുമാനം ഒരു ശതമാനം കുറഞ്ഞ് 102.9 മില്യണ്‍ ബഹറിന്‍ ദിനാറായി. അതുപോലെ മൊത്തം വര്‍ഷ വരുമാനവും ഒരു ശതമാനം കുറഞ്ഞ് 401.5 മില്യണ്‍ ബഹറിന്‍ ദിനാറിലെത്തി. ക്വാളിറ്റിനെറ്റ് യൂണിറ്റിന്റെ വില്‍പ്പനയാണ് 2018 ല്‍ മൊത്ത വരുമാനമായ 11 മില്യണ്‍ ബഹറിന്‍ ദിനാര്‍ സംഭാവന ചെയ്തതെന്ന് ബാറ്റെല്‍കോ പറഞ്ഞു. ബഹ്റൈന്‍ ആഭ്യന്തര വിപണിയിലെ വരുമാനം ഫിക്‌സഡ് ബ്രോഡ്ബാന്‍ഡ്, ഡാറ്റാ കമ്മ്യൂണിക്കേഷന്‍സ്, മൊബൈല്‍ സേവനങ്ങള്‍ എന്നിവയില്‍ നിന്നുമായി 5 ശതമാനം വര്‍ദ്ധിച്ചു.
തന്ത്രപരമായ സംരംഭങ്ങള്‍ ഫലപ്രദമായി നടപ്പിലാക്കുന്നതിന്റെയും, ശക്തമായ പ്രവര്‍ത്തന പ്രകടനത്തിന്റെയും, ശക്തമായ സാമ്പത്തിക അച്ചടക്കത്തിന്റെയും ഫലമായിയുണ്ടായ സാമ്പത്തിക നേട്ടങ്ങള്‍ പ്രഖ്യാപിക്കുന്നതില്‍ ഞാന്‍ സന്തുഷ്ടനാണെന്ന് ബാറ്റെല്‍കോ ചെയര്‍മാന്‍ ഷെയ്ഖ് അബ്ദുല്ല ബിന്‍ ഖലീഫ അല്‍ ഖലീഫ പറഞ്ഞു. കമ്പനി പിളര്‍പ്പിനെത്തുടര്‍ന്ന് പുതിയ ബാറ്റെല്‍കോ സൃഷ്ടിക്കുന്നതിലേക്കുള്ള യാത്ര ഞങ്ങള്‍ ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു. ബിസിനസ്സ് ശക്തിപ്പെടുത്തുന്നതിനും ഡിജിറ്റല്‍ പരിവര്‍ത്തന യാത്ര തുടരുന്നതിനും പ്രധാനമായും ബാറ്റെല്‍കോ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് ബാറ്റെല്‍കോ സിഇഒ മൈക്കല്‍ വിന്റര്‍ കൂട്ടിച്ചേര്‍ത്തു.