അല്‍ ബറാക ബാങ്കിംഗ് ഗ്രൂപ്പ് വിപണി വിപുലീകരണത്തിന് തയ്യാറെടുക്കുന്നു; ഇന്ത്യയിലടക്കം ഏറ്റെടുക്കലുകള്‍ക്ക് സാധ്യത

May 08, 2020 |
|
News

                  അല്‍ ബറാക ബാങ്കിംഗ് ഗ്രൂപ്പ് വിപണി വിപുലീകരണത്തിന് തയ്യാറെടുക്കുന്നു; ഇന്ത്യയിലടക്കം ഏറ്റെടുക്കലുകള്‍ക്ക് സാധ്യത

ബഹ്റൈന്‍: ബഹ്റൈനിലെ ശരിയ അധിഷ്ഠിത ബാങ്കായ അല്‍ ബറാക ബാങ്കിംഗ് ഗ്രൂപ്പ് വിപണി വിപുലീകരണത്തിന് തയ്യാറെടുക്കുന്നു. ഇന്ത്യ, ചൈന, ഇന്തോനേഷ്യ എന്നിവിടങ്ങളിലെ ബാങ്ക് ഏറ്റെടുക്കലുകളിലൂടെ ഏഷ്യയില്‍ സാന്നിധ്യം ശക്തമാക്കാന്‍ ആലോചനയുണ്ടെന്ന് സിഇഒ അദ്നാന്‍ യൂസിഫ് വെളിപ്പെടുത്തി. കൊറോണ വൈറസ് പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തിലുള്ള നിക്ഷേപ അവസരങ്ങളിലാണ് അല്‍ ബറാകയുടെ കണ്ണ്.

മാതൃവിപണിക്ക് പുറത്തുള്ള ഏറ്റെടുക്കലുകള്‍ക്ക് അല്‍ ബറാക എന്നും പ്രാധാന്യം നല്‍കിയിട്ടുണ്ടെന്ന് അദ്നാന്‍ പറഞ്ഞു. നേരത്തെ പാക്കിസ്ഥാനില്‍ ഇത്തരത്തില്‍ വിപണി വിപുലീകരണം നടത്തിയിട്ടുണ്ട്. ഭാവിയിലും ഇതേ രീതിയിലുള്ള ഏറ്റെടുക്കലുകള്‍ നടത്തും. ഒരു അവസരമുണ്ടെങ്കില്‍ അത് പാഴാക്കിക്കളയരുതെന്നാണ് തന്റെ അഭിപ്രായമെന്ന് 'ദ നാഷണലിന്' നല്‍കിയ അഭിമുഖത്തില്‍ അദ്നാന്‍ പറഞ്ഞു.

പലിശനിരക്കുകള്‍ ചരിത്രത്തിലെ തന്നെ ഏറ്റവും കുറഞ്ഞ നിലയിലേക്ക് എത്തുകയും കിട്ടാക്കടം പെരുകുമെന്ന ചിന്തയില്‍ ബാങ്കുകള്‍ നീക്കിയിരുപ്പ് കൂട്ടിയതും മൂലം ലോകമെമ്പാടുമുള്ള ബാങ്കുകള്‍ ലാഭത്തകര്‍ച്ചയുടെ വക്കിലാണ്. ആഗോള സമ്പദ് വ്യവസ്ഥയെ വന്‍തകര്‍ച്ചയിലേക്ക് തള്ളിവിട്ട പ്രതിസന്ധിയില്‍ ബിസിനസുകള്‍ പ്രതിസന്ധിയിലാകുകയും നിഷ്‌ക്രിയ വായ്പകള്‍ വര്‍ധിക്കുകയും ചെയ്തതോടെ ബാങ്കുകള്‍ വായ്പകള്‍ വെട്ടിക്കുറച്ചിരുന്നു. ധനകാര്യ വ്യവസായ മേഖലയില്‍ ഉടനീളം ആസ്തികള്‍ക്ക് മങ്ങലേറ്റിരിക്കുകയാണെന്ന് അദ്നാന്‍ പറഞ്ഞു. ഇത് മൂല്യത്തകര്‍ച്ചയ്ക്ക് കാരണമായെന്നും പല ബാങ്കുകളും ഏറ്റെടുക്കലുകള്‍ക്കുള്ള സാധ്യത തേടുകയാണെന്നും അദ്നാന്‍ കൂട്ടിച്ചേര്‍ത്തു. കിട്ടാക്കട പ്രശ്നം ദീര്‍ഘകാലത്തേക്ക് തുടരുമെന്നതിനാല്‍ അടുത്ത രണ്ട് മൂന്ന് വര്‍ഷത്തേക്ക് ബാങ്കുകളുടെ മൂല്യം കുറഞ്ഞ് തന്നെ തുടരും. അടുത്ത കാലത്തൊന്നും ഈ പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ ബാങ്കുകള്‍ക്ക് സാധിക്കില്ല. ചില ബാങ്കുകള്‍ക്ക് സമീപ ഭാവിയില്‍ അധിക മൂലധനം ആവശ്യമായി വരും. ഇത് മികച്ച സാമ്പത്തിക സ്ഥിതിയുള്ള ബാങ്കുകള്‍ക്ക് ഏറ്റെടുക്കലുകള്‍ക്ക് അവസരം നല്‍കും.

Related Articles

© 2025 Financial Views. All Rights Reserved