ഇരുചക്ര വാഹന വിപണിയില്‍ നേട്ടവുമായി ബജാജ് ഓട്ടോ; കയറ്റുമതിയില്‍ വന്‍ കുതിപ്പ്

May 04, 2021 |
|
News

                  ഇരുചക്ര വാഹന വിപണിയില്‍ നേട്ടവുമായി ബജാജ് ഓട്ടോ;  കയറ്റുമതിയില്‍ വന്‍ കുതിപ്പ്

ഇരുചക്ര വാഹന വിപണിയില്‍ പ്രതിസന്ധി കാലത്തും നേട്ടവുമായി ബജാജ് ഓട്ടോ. കയറ്റുമതിയില്‍ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ നേട്ടമാണ് പുനെ ആസ്ഥാനമായ ഇരുചക്ര വഹന നിര്‍മാതാക്കള്‍ ഏപ്രില്‍ മാസം നേടിയത്. 2,21,603 യൂണിറ്റ് ഇരുചക്ര വാഹനങ്ങള്‍ കഴിഞ്ഞ മാസം ബജാജ് ഓട്ടോ വിവിധ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തു. കഴിഞ്ഞ വര്‍ഷം ഇതേകാലയളവില്‍ 32,009 യൂണിറ്റുകള്‍ മാത്രമാണ് ബജാജ് കയറ്റുമതി ചെയ്തത്.

അതേസമയം ആഭ്യന്തര വിപണിയില്‍ 1,26,570 യൂണിറ്റുകളും കമ്പനി വിറ്റഴിച്ചു. കഴിഞ്ഞ വര്‍ഷം ഇതേകാലയളവില്‍ രാജ്യം സമ്പൂര്‍ണ ലോക്ക്ഡൗണായതിനാല്‍ ആഭ്യന്തര വിപണിയില്‍ വില്‍പ്പന നടന്നിരുന്നില്ല. കണക്കുകള്‍ പ്രകാരം ഏപ്രിലിലെ മൊത്തം വില്‍പ്പന 3,48,173 യൂണിറ്റാണ്.
അതേസമയം വാണിജ്യ വാഹന വില്‍പ്പനയില്‍ ബജാജ് ഓട്ടോ കഴിഞ്ഞ മാസം 39,843 യൂണിറ്റുകളുടെ വില്‍പ്പന റിപ്പോര്‍ട്ട് ചെയ്തു. 7,901 യൂണിറ്റുകള്‍ ആഭ്യന്തര വിപണിയില്‍ വിറ്റഴിച്ചപ്പോള്‍ ബാക്കി 31,942 യൂണിറ്റുകള്‍ കയറ്റുമതി ചെയ്തു.

ബജാജ് ഓട്ടോയുടെ മൊത്തം വാഹന വില്‍പ്പന ഏപ്രിലില്‍ 3,88,016 യൂണിറ്റാണ്. ഇതില്‍ 1,34,471 യൂണിറ്റുകള്‍ ആഭ്യന്തര വിപണിയില്‍ വിറ്റപ്പോള്‍ 2,53,545 യൂണിറ്റുകള്‍ കയറ്റുമതി ചെയ്തു. 2021 ജനുവരി മാസത്തിലാണ് ബജാജ് ഓട്ടോ അതിന്റെ ഏറ്റവും ഉയര്‍ന്ന കയറ്റുമതി എണ്ണത്തിന് സാക്ഷ്യം വഹിച്ചത്. അന്ന് 2,27,532 യൂണിറ്റ് ഇരുചക്രവാഹനങ്ങളാണ് കയറ്റുമതി ചെയ്തത്.

Related Articles

© 2025 Financial Views. All Rights Reserved