വില്‍പനയില്‍ കനത്ത തിരിച്ചടി നേരിട്ട് ബജാജ്; ജൂലൈയിലുണ്ടായത് മുന്‍വര്‍ഷത്തെക്കാള്‍ 5 ശതമാനം ഇടിവ്; വാങ്ങാനാളില്ലാതായതോടെ സര്‍ക്കാരിനെതിരെ ബജാജ് സാരഥികള്‍

August 01, 2019 |
|
News

                  വില്‍പനയില്‍ കനത്ത തിരിച്ചടി നേരിട്ട് ബജാജ്; ജൂലൈയിലുണ്ടായത് മുന്‍വര്‍ഷത്തെക്കാള്‍ 5 ശതമാനം ഇടിവ്; വാങ്ങാനാളില്ലാതായതോടെ സര്‍ക്കാരിനെതിരെ ബജാജ് സാരഥികള്‍

മുംബൈ: വിപണിയില്‍ കനത്ത തിരിച്ചടി നേരിട്ട് ബജാജ് ഓട്ടോ. ജൂലൈയിലെ കണക്കുകള്‍ പ്രകാരം ആകെ 3,81, 530 യൂണിറ്റുകളാണ് വിറ്റത്. മുന്‍ വര്‍ഷത്തെ കണക്കുകള്‍ പ്രകാരം ഇതില്‍ അഞ്ച് ശതമാനം ഇടിവുണ്ടായിട്ടുണ്ടെന്നും കമ്പനി വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ 4,00,343 യൂണിറ്റുകളാണ് വിറ്റത്. ആഭ്യന്തര വില്‍പനയിലെ കണക്കുകള്‍ പ്രകാരം 2,05,470 യൂണിറ്റുകളാണ് വിറ്റു പോയത്. മുന്‍വര്‍ഷം ഇത് 2,37,511 യൂണിറ്റുകളായിരുന്നു. ആഭ്യന്തര വില്‍പനയില്‍ 13 ശതമാനം ഇടിവാണുണ്ടാക്കിയിരിക്കുന്നത്.

മാത്രമല്ല മോട്ടോര്‍ സൈക്കിള്‍ വില്‍പനയിലും വലിയ ഇടിവുണ്ട്. ഈ വര്‍ഷം 3,22,210 യൂണിറ്റുകളാണ് വിറ്റുപോയതെന്നും 3,32,680 യൂണിറ്റുകളാണ് കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ വിറ്റു പോയതെന്നും കമ്പനി വ്യക്തമാക്കി. അതായത് വില്‍പനയില്‍ മൂന്ന് ശതമാനം ഇടിവാണ് വന്നിരിക്കുന്നത്. മാത്രമല്ല കൊമേഴ്‌സ്യല്‍ വാഹനങ്ങളുടെ വില്‍പനയിലും ഇടിവുണ്ട്. കഴിഞ്ഞ വര്‍ഷം 67,663 യൂണിറ്റുകള്‍ വിറ്റുപോയപ്പോള്‍ ഈ വര്‍ഷം ജൂലൈയില്‍ അത് 59,320 ആയി താഴ്ന്നു. 

വാഹന വിപണി കൂപ്പുകുത്തിയിരിക്കുന്ന വേളയിലാണ് കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്ത് വന്നിരിക്കുകയാണ് രാജ്യത്തെ ആഭ്യന്തര വാഹന നിര്‍മ്മാതാക്കളില്‍ മുന്‍നിരക്കാരായ ബജാജ് ഓട്ടോയുടെ സാരഥികള്‍ രംഗത്തെത്തിയത്. ബജാജ് ഓട്ടോയുടെ പന്ത്രണ്ടാമത് വാര്‍ഷിക പൊതുയോഗത്തിലാണ് കമ്പനി ചെയര്‍മാന്‍ രാഹുല്‍ ബജാജും മകനും മാനേജിംഗ് ഡയറക്ടറുമായ രാജീവ് ബജാജും തങ്ങളുടെ കനത്ത ആശങ്കകള്‍ ഓഹരി ഉടമകളുമായി പങ്കുവച്ചത്. 

ആഭ്യന്തര വാഹന വ്യവസായം ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലേക്കും തൊഴില്‍ നഷ്ടത്തിലേക്കും കൂപ്പുകുത്തുകയാണെന്നും കേന്ദ്ര സര്‍ക്കാരിന്റെ വിവേകരഹിത നടപടികള്‍ മൂലമാണെന്നും യോഗത്തില്‍ ഇരുവരും ആരോപിച്ചതായി വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വാഹന വ്യവസായം വളരെ പ്രയാസകരമായ ഒരു കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്നും കാറുകളും വാണിജ്യ വാഹനങ്ങളും ഇരുചക്രവാഹനങ്ങളും ഇക്കാര്യത്തില്‍ ഏകദേശം ഒരു പോലെ തന്നെയാണെന്നും യോഗത്തില്‍ ഇരുവരും വ്യക്തമാക്കി.

ആഭ്യന്തര വാഹന വ്യവസായം കനത്ത മാന്ദ്യത്തെ അഭിമുഖീകരിക്കുന്നു. എല്ലാ വിധ വാഹനങ്ങളുടെയും വില്‍പ്പന ഓരോ മാസവും കുത്തനെ കുറയുന്നു. ഇതിനു പുറമേ, വിസ്മയം ജനിപ്പിക്കുന്ന തരത്തിലുള്ള അവ്യക്തതകള്‍ നിറഞ്ഞതാണ് സര്‍ക്കാരിന്റെ ഇ-വാഹന നയമെന്നും യോഗത്തില്‍ ഇരുവരും ചൂണ്ടിക്കാട്ടിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved