
ഇലക്ട്രിക് കരുത്തില്‍ ബജാജ് ചേതക്കിനെ 14 വര്‍ഷത്തെ ഇടവേളക്ക് ശേഷം 2020 ജനുവരിയിലാണ് വിപണിയിലേക്ക് ബജാജ് ഓട്ടോ തിരിച്ചെത്തിച്ചത്. നിലവില്‍ ബെംഗളൂരു, പൂണെ എന്നീ നഗരങ്ങളില്‍ മാത്രമാണ് ഇലക്ട്രിക് ചേതക് വില്‍പ്പനയ്ക്കെത്തിയിട്ടുള്ളത്. 2022 ഓടെ പുതിയ 22 നഗരങ്ങളില്‍ കൂടി ചേതക് ഇലക്ട്രിക്കിനെ വില്‍പ്പനയ്ക്ക് എത്തിക്കാനാണ് ബജാജ് പദ്ധതിയിട്ടിരിക്കുന്നതെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. മഹാരാഷ്ട്രയിലെ നാഗ്പൂരിലേക്കായി അടുത്തിടെ കമ്പനി ബുക്കിംഗ് ആരംഭിച്ചിരുന്നു. ഇപ്പോഴിതാ ജൂലൈ 22 മുതല്‍ മൂന്ന് നഗരങ്ങളിലേക്ക് കൂടി ബുക്കിംഗ് ആരംഭിക്കുന്നതായി അറിയിച്ചിരിക്കുകയാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
2021 ജൂലൈ 22-ന് മൈസൂര്‍, മംഗലാപുരം, ഔറംഗബാദ് എന്നീ മൂന്ന് പുതിയ നഗരങ്ങള്‍ക്കായാണ് ബജാജ് ബുക്കിംഗ് ആരംഭിക്കുന്നതായി പ്രഖ്യാപിച്ചിരിക്കുന്നതെന്ന് ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 2,000 രൂപ ടോക്കണ്‍ തുകയായി സ്വീകരിച്ചാണ് ബ്രാന്‍ഡ് പ്രീ-ബുക്കിംഗിന് തുടക്കമിട്ടത്. ചേതക്കിനായുള്ള ബുക്കിംഗ് നിലവില്‍ എല്ലാ നഗരങ്ങളിലും താത്ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുന്ന സാഹചര്യത്തില്‍ താത്പ്പര്യമുള്ള ഉപഭോക്താക്കള്‍ക്ക് ബജാജിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാനും സാധിക്കും.
തുടര്‍ന്ന് അതത് നഗരങ്ങള്‍ക്കായി ബുക്കിംഗ് വീണ്ടും തുറന്നുകഴിഞ്ഞാല്‍ ഉപഭോക്താക്കള്‍ക്ക് അറിയിപ്പ് ലഭിക്കുകയും ചെയ്യും. ഈ വര്‍ഷം ഏപ്രിലില്‍ ബജാജ് ചെന്നൈയിലും ഹൈദരാബാദിലും ചേതക്കിന്റെ അരങ്ങേറ്റം പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതുവരെ ബുക്കിംഗിനായുള്ള ഒരു നടപടിയും ആരംഭിച്ചിട്ടില്ല. കൊവിഡ് രോഗ വ്യാപനത്തെ തുടര്‍ന്ന് രാജ്യമെങ്ങും ഉടലെടുത്ത പ്രതിസന്ധിയാണ് ഇതിന് കാരണം എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്തായാലും ചേതക്കിന്റെ നിര്‍മ്മാണം ഇരട്ടിയാക്കാനായി കഠിന ശ്രമത്തിലാണ് കമ്പനി എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
അര്‍ബന്‍, പ്രീമിയം എന്നീ രണ്ട് വേരിയന്റുകളിലാണ് ചേതക്കിനെ വില്‍പ്പനയ്ക്ക് എത്തിക്കുന്നത്. കഴിഞ്ഞ വര്‍ഷം അവതരിപ്പിക്കുന്ന സമയത്ത് ഇലക്ട്രിക് സ്‌കൂട്ടറിന് വില യഥാക്രമം 1.0 ലക്ഷം, 1.15 ലക്ഷം രൂപയായിരുന്നു. എന്നാല്‍ പിന്നീട് വില കൂട്ടിയിരുന്നു. അര്‍ബന്‍ വേരിയന്റിന് ഇപ്പോള്‍ 1,42,620 രൂപയും പ്രീമിയത്തിന് 1,44,620 രൂപയുമാണ് എക്‌സ്‌ഷോറൂം വിലയായി മുടക്കേണ്ടി വരിക.