കൊവിഡ് പ്രതിരോധത്തില്‍ പങ്കാളികളായി ബജാജും; 200 കോടി രൂപയുടെ സഹായം

May 07, 2021 |
|
News

                  കൊവിഡ് പ്രതിരോധത്തില്‍ പങ്കാളികളായി ബജാജും;   200 കോടി രൂപയുടെ സഹായം

കൊവിഡ് 19 രണ്ടാം തരംഗ ഭീഷണിയിലാണ് രാജ്യം. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സഹായ ഹസ്തവുമായി വാഹന നിര്‍മ്മാണ മേഖലയില്‍ നിന്നും നിരവധി കമ്പനികള്‍ മുന്നോട്ടുവരുന്നുണ്ട്. ഇപ്പോഴിതാ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ധന സഹായം പ്രഖ്യാപിച്ചിരിക്കുകയാണ് ബജാജ് ഗ്രൂപ്പ്. 200 കോടി രൂപയുടെ സഹായമാണ് ബജാജ് പ്രഖ്യാപിച്ചിരിക്കുന്നതെന്ന് ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. കൊവിഡ് പ്രതിരോധത്തില്‍ നിലവിലുള്ള വെല്ലുവിളികള്‍ നേരിടാനും മൂന്നാം തരംഗമുണ്ടാവുന്ന പക്ഷം അതിജീവനത്തിനത്തിനായി സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനും ലക്ഷ്യമിട്ടാണ് ഈ സാമ്പത്തിക സഹായം പ്രഖ്യാപിച്ചതെന്നു ബജാജ് ഗ്രൂപ്പ് വിശദീകരിച്ചു.

കൊവിഡ് 19ന്റെ ആദ്യഘട്ടത്തില്‍, കഴിഞ്ഞ വര്‍ഷം ബജാജ് ഗ്രൂപ്പ് 100 കോടി രൂപയുടെ സഹായം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ മഹാമാരിയുടെ രണ്ടാം തരംഗത്തിന്റെ രൂക്ഷത മുന്‍നിര്‍ത്തിയാണു പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി 200 കോടി രൂപ കൂടി അനുവദിക്കുന്നതെന്നു ബജാജ് ഗ്രൂപ് ചെയര്‍മാന്‍ രാഹുല്‍ ബജാജ് അറിയിച്ചു. നിലവിലുള്ള പദ്ധതികള്‍ക്കു പുറമെ ഓക്‌സിജന്റെയും കൊവിഡ് 19 ചികിത്സയിലെ സുപ്രധാന മരുന്നുകളുടെയും ലഭ്യത ഉറപ്പാക്കാനും മഹാമാരിയെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കാനും വാക്‌സിനേഷന്‍ ത്വരിതപ്പെടുത്താനുമൊക്കെയുള്ള നടപടികളും കമ്പനി സ്വീകരിക്കുമെന്നും അദ്ദേഹം പറയുന്നു.

ഗ്രാമീണ, അര്‍ധനഗര മേഖലകളിലെ ആശുപത്രികള്‍ക്കായി മിനിറ്റില്‍ 5,000 ലീറ്റര്‍ വീതം ഉല്‍പ്പാദനശേഷിയുള്ള 12 ഓക്‌സിജന്‍ പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ ബജാജ് ഗ്രൂപ് സഹായം നല്‍കിയിരുന്നു. 'കോവിഡ് 19' ബാധിതരുടെ ചികിത്സയ്ക്കായി ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്റര്‍, വെന്റിലേറ്റര്‍, ബൈ പാപ്‌സ് തുടങ്ങിയവ ലഭ്യമാക്കാനും ഗ്രൂപ് നടപടി സ്വീകരിച്ചിരുന്നു.

Related Articles

© 2025 Financial Views. All Rights Reserved