
തിരുവനന്തപുരം: കേരളത്തിന്റെ സ്വന്തം നേന്ത്രപ്പഴം സര്‍ക്കാര്‍ സംവിധാനത്തിലൂടെ ആദ്യമായി കപ്പല്‍ മാര്‍ഗം യൂറോപ്യന്‍ വിപണിയിലേക്ക്. ഷിപ്‌മെന്റ് പ്രോട്ടോക്കോള്‍ പ്രകാരം നടപ്പാക്കുന്ന സംരംഭം അടുത്ത ഏപ്രിലില്‍ ആരംഭിക്കും.'സീ ഷിപ്‌മെന്റ് പ്രോട്ടോക്കോള്‍ ഡവലപ്‌മെന്റ് ഫോര്‍ നേന്ത്രന്‍ ബനാന ടു യൂറോപ്പ്' പദ്ധതിയുടെ തുടക്കത്തില്‍ 14 ടണ്‍ നേന്ത്രപ്പഴമാണു ലണ്ടനില്‍ എത്തിക്കുക. കേരളത്തില്‍ നിന്നു പ്രതിവര്‍ഷം 5000 ടണ്‍ നേന്ത്രപ്പഴം യൂറോപ്യന്‍ മാര്‍ക്കറ്റില്‍ എത്തിക്കാനാണു പദ്ധതിക്കു ചുക്കാന്‍ പിടിക്കുന്ന വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട് പ്രമോഷന്‍ കൗണ്‍സിലിന്റെ ലക്ഷ്യം. കര്‍ഷകര്‍ക്ക് 20% അധിക വരുമാനം ലഭ്യമാക്കാമെന്നും പ്രതീക്ഷിക്കുന്നു.
കേന്ദ്ര സര്‍ക്കാരിന്റെ രാഷ്ട്രീയ കൃഷി വികാസ് പദ്ധതിയില്‍പെടുത്തി തൃശൂര്‍ ജില്ലയിലെ തിരഞ്ഞെടുത്ത കര്‍ഷകരില്‍ നിന്നാണു നേന്ത്രപ്പഴം ശേഖരിക്കുക. ഏതാണ്ട് ഒരു മാസം കേടുകൂടാതെ സൂക്ഷിച്ച് യൂറോപ്പിലുള്ള ഉപഭോക്താവിന് എത്തിക്കും. കയറ്റുമതി ലക്ഷ്യമിട്ടുള്ള ഒരുക്കങ്ങള്‍ക്കു തിരുച്ചിറപ്പള്ളിയിലെ നാഷനല്‍ റിസര്‍ച് സെന്റര്‍ ഫോര്‍ ബനാനയിലെ ശാസ്ത്രജ്ഞരാണു കര്‍ഷകര്‍ക്കു സാങ്കേതികോപദേശം നല്‍കുക.85% മൂപ്പെത്തിയ നേന്ത്രക്കായകള്‍ സംസ്‌കരിച്ചു പായ്ക്ക് ചെയ്തു റീഫര്‍ കണ്ടെയ്‌നറുകളില്‍ ഊഷ്മാവ് ക്രമീകരിച്ചാണു കയറ്റുമതി ചെയ്യുകയെന്നു വിഎഫ്പിസികെ പ്രോജക്ട് ഡയറക്ടര്‍ അബ്ദുള്ള ഹാഷിം പറഞ്ഞു. കയറ്റുമതിച്ചെലവ് കിലോയ്ക്ക് 80100 രൂപ എന്നതു 10 15 രൂപയായി താഴ്ത്താന്‍ കഴിയും.
കുലകള്‍ തോട്ടത്തില്‍ നിന്നു തന്നെ പടല തിരിച്ചു ക്രെയ്റ്റുകളിലാക്കി, പായ്ക്ക് ചെയ്യുന്ന കേന്ദ്രത്തില്‍ എത്തിക്കും. അവിടെ ഇതു കഴുകി പിന്നീട് ഈര്‍പ്പം മാറ്റി വാക്വം പാക്കറ്റില്‍ കാര്‍ട്ടണ്‍ ബോക്‌സിലാക്കിയാണു കയറ്റുമതി ചെയ്യുക. ഈ ഉല്‍പന്നം വിദേശ രാജ്യത്തു പഴുപ്പിച്ചെടുത്തു സൂപ്പര്‍ മാര്‍ക്കറ്റുകളിലൂടെ ഉപഭോക്താവിന് എത്തിക്കും.