
ഇന്ത്യയില്‍ ബാങ്ക് വായ്പകള്‍ 3.2 ശതമാനം വര്‍ധിച്ചു. നടപ്പു സാമ്പത്തികവര്‍ഷം ആദ്യ 9 മാസങ്ങള്‍ക്കൊണ്ടുതന്നെ രാജ്യത്തെ ബാങ്കുകള്‍ നല്‍കിയത് 107.05 ലക്ഷം കോടി രൂപയുടെ വായ്പ. മുന്‍ സാമ്പത്തികവര്‍ഷം 103.72 ലക്ഷം കോടി രൂപയായിരുന്നു ബാങ്കുകള്‍ വായ്പ അനുവദിച്ചത്. ഇത്തവണ ഏപ്രില്‍ - ഡിസംബര്‍ കാലംകൊണ്ടുതന്നെ ബാങ്ക് നിക്ഷേപങ്ങള്‍ 8.5 ശതമാനം ഉയര്‍ന്നതും കാണാം. 147.27 ലക്ഷം കോടി രൂപയാണ് നിക്ഷേപമായി ബാങ്കുകളിലെത്തിയത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വളര്‍ച്ച 5.1 ശതമാനം.
ഡിസംബര്‍ പാദം വരെയുള്ള കണക്കുകള്‍ പരിശോധിക്കുമ്പോള്‍ വാര്‍ഷികാടിസ്ഥാനത്തില്‍ ബാങ്ക് വായ്പാ നിരക്ക് 6.7 ശതമാനവും നക്ഷേപ നിരക്ക് 11.5 ശതമാനവും വളര്‍ന്നു. കൊവിഡ് പ്രതിസന്ധിക്ക് തൊട്ടുമുന്‍പുള്ള നിലയിലേക്ക് ബാങ്ക് വായ്പകള്‍ തിരിച്ചെത്തിയതായാണ് കെയര്‍ റേറ്റിങ്സിന്റെ പക്ഷം. പോയവര്‍ഷം മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ 6.5 ശതമാനമായിരുന്നു ബാങ്ക് വായ്പ വളര്‍ച്ച രേഖപ്പെടുത്തിയത്. ചില്ലറ വായ്പകള്‍ കൂടിയത് വായ്പാ വളര്‍ച്ചയെ കാര്യമായി സ്വാധീനിച്ചു. ഇതേസമയം, 2019 വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ വായ്പാ വളര്‍ച്ച നാമമാത്രമായി ഇടിഞ്ഞു. 2019 വര്‍ഷം (ജനുവരി - ഡിസംബര്‍) 7.5 ശതമാനമായിരുന്നു ബാങ്ക് വായ്പ കുറിച്ച ഉയര്‍ച്ച.
നിലവില്‍ ആസ്തികളുടെ നിലവാരം മുന്‍നിര്‍ത്തി ബാങ്കുകള്‍ വായ്പാ പോര്‍ട്ട്ഫോളിയോകളിന്മേല്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തുന്നുണ്ട്. ഏറ്റവും പുതിയ സാമ്പത്തിക സ്ഥിരതാ റിപ്പോര്‍ട്ട് പ്രകാരം 2021 സെപ്തംബറോടെ എല്ലാ ബാങ്കുകളുടെയും നിഷ്‌ക്രിയാസ്തി 13.5 ശതമാനം വര്‍ധിക്കും. കഴിഞ്ഞവര്‍ഷം സെപ്തംബറില്‍ നിഷ്‌ക്രിയാസ്തി 7.5 ശതമാനമായിരുന്നു. കഴിഞ്ഞ 22 വര്‍ഷത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന തോതിലേക്കാണ് നിഷ്‌ക്രിയാസ്തി ഇപ്പോള്‍ പ്രവചിക്കപ്പെടുന്നത്.