
ന്യൂഡല്‍ഹി: ബാങ്ക് ജീവനക്കാരുടെ കുടുംബ പെന്‍ഷന്‍ കേന്ദ്രസര്‍ക്കാര്‍ വര്‍ധിപ്പിച്ചു. അവസാനം വാങ്ങിയ ശമ്പളത്തിന്റെ 30 ശതമാനമായി പെന്‍ഷന്‍ ഏകീകരിച്ചു. ഇതോടെ കുടുംബ പെന്‍ഷന്‍ 30000 രൂപ മുതല്‍ 35000 രൂപ വരെയായി വര്‍ധിച്ചതായി ധനകാര്യ സേവന വകുപ്പ് സെക്രട്ടറി ദേബാശിഷ് പാണ്ഡ അറിയിച്ചു. നേരത്തെ ഉയര്‍ന്ന പെന്‍ഷന്‍ പരിധി 9284 രൂപയായി നിജപ്പെടുത്തിയിരുന്നു.
സര്‍വീസില്‍നിന്നു വിരമിച്ചതിനു ശേഷം മരിച്ച ജീവനക്കാരുടെ കുടുംബത്തിനും സര്‍വീസിലിരിക്കെ പെന്‍ഷന് അര്‍ഹത നേടിയ ശേഷം മരിച്ചവരുടെ കുടുംബത്തിനും ആശ്വാസമാവുന്നതാണ് സര്‍ക്കാര്‍ തീരുമാനം. ഏറെനാളായി ബാങ്ക് ജീവനക്കാരുടെ സംഘടനകള്‍ ഇക്കാര്യം ആവശ്യപ്പെട്ടുവരികയായിരുന്നു.
പെന്‍ഷന്‍ വര്‍ധിപ്പിച്ചതിന്റെ ഭാഗമായി ജീവനക്കാരുടെ പെന്‍ഷന്‍ ഫണ്ടിലേക്കുള്ള വിഹിതം വര്‍ധിപ്പിക്കാന്‍ ബാങ്കുകളോട് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചു. നിലവില്‍ പത്തുശതമാനമാണ് ബാങ്കുകളുടെ വിഹിതം. ഇത് 14 ശതമാനമായി വര്‍ധിപ്പിക്കാന്‍ നിര്‍ദേശിച്ചതായും അദ്ദേഹം പറഞ്ഞു.