പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യവത്ക്കരണം: അഖിലേന്ത്യാ പണിമുടക്ക് മാര്‍ച്ച് 15, 16 തിയ്യതികളില്‍

March 12, 2021 |
|
News

                  പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യവത്ക്കരണം:  അഖിലേന്ത്യാ പണിമുടക്ക് മാര്‍ച്ച് 15, 16 തിയ്യതികളില്‍

ന്യൂഡല്‍ഹി: ഈ മാസം പതിമൂന്നാം തിയ്യതി മുതല്‍ തുടര്‍ച്ചയായ നാല് ദിവസങ്ങളില്‍ ബാങ്കുകള്‍ അടഞ്ഞ് കിടക്കും. ബാങ്കുകളുടെ അഖിലേന്ത്യാ പണിമുടക്കം അവധി ദിവസങ്ങളും ഒരുമിച്ച് വരുന്നതോടെയാണ് ബാങ്കുകളുടെ പ്രവര്‍ത്തനം നിലയ്ക്കുന്നത്. 15, 16 തിയ്യതികളിലായിട്ടാണ് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് ആഹ്വാനം ചെയ്തിരിക്കുന്ന അഖിലേന്ത്യാ പണിമുടക്ക്. പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവത്ക്കരിക്കാനുളള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ചാണ് ബാങ്ക് ജീവനക്കാര്‍ രണ്ട് ദിവസം പണി മുടക്കുന്നത്.

13, 14 തിയ്യതികള്‍ അവധി ദിവസങ്ങളുമായതോടെയാണ് തുടര്‍ച്ചയായി നാല് ദിവസങ്ങളില്‍ ബാങ്ക് സേവനങ്ങള്‍ തടസ്സപ്പെടുക. അഖിലേന്ത്യാ പണിമുടക്കില്‍ പൊതുമേഖലയില്‍ നിന്നും സ്വകാര്യ മേഖലയില്‍ നിന്നും വിദേശ, ഗ്രാമീണ ബാങ്കുകളില്‍ നിന്നുമുളള പത്ത് ലക്ഷത്തോളം ജീവനക്കാര്‍ രണ്ട് ദിവസത്തെ പണിമുടക്കില്‍ പങ്കെടുക്കുമെന്ന് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് വ്യക്തമാക്കി.

പൊതുമേഖലാ ബാങ്കുകള്‍ സ്വകാര്യവത്ക്കരിക്കുന്നതില്‍ എതിര്‍പ്പ് ശക്തമായതോടെ ബാങ്ക് യൂണിയനുകളുമായി കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ച നടത്തിയിരുന്നു. മാര്‍ച്ച് 4, 9, 10 തിയ്യതികളിലായി ധനകാര്യ മന്ത്രാലയം മൂന്ന് തവണയണാണ് യൂണിയനുകളുമായി ചര്‍ച്ച നടത്തിയത്. എന്നാല്‍ ഈ ചര്‍ച്ചകള്‍ പരാജയപ്പെട്ട സാഹചര്യത്തിലാണ് യൂണിയനുകള്‍ പണിമുടക്കിലേക്ക് നീങ്ങിയിരിക്കുന്നത്.

പൊതുമേഖലാ ബാങ്കുകള്‍ സ്വകാര്യവത്ക്കരിക്കാനുളള നീക്കം പുനപരിശോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാവുകയാണെങ്കില്‍ സമരത്തില്‍ നിന്ന് പിന്മാറാന്‍ തയ്യാറാണെന്ന് ബാങ്ക് യൂണിയനുകള്‍ വ്യക്തമാക്കി. എന്നാല്‍ ചര്‍ച്ചയില്‍ അത്തരമൊരു ഉറപ്പ് നല്‍കാന്‍ ധനവകുപ്പ് പ്രതിനിധികള്‍ക്ക് സാധിക്കാത്ത സാഹചര്യത്തിലാണ് യൂണിയനുകള്‍ സമര തീരുമാനവുമായി മുന്നോട്ട് നീങ്ങിയത്.

Related Articles

© 2025 Financial Views. All Rights Reserved