
കൊച്ചി: പൊതുമേഖലയിലെ ബാങ്ക് ഓഫ് മഹാരാഷ്ട്ര ഇക്കഴിഞ്ഞ ജൂലൈ-സെപ്റ്റംബര്‍ കാലയളവില്‍ 264 കോടി രൂപ അറ്റാദായം നേടി. 103 ശതമാനമാണു വര്‍ധന. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ സാന്നിധ്യമുള്ള ബാങ്കിന്റെ അറ്റ പലിശ വരുമാനം 34% വര്‍ധിച്ച് 1,500 കോടി രൂപയായി. ഫീ അധിഷ്ഠിത വരുമാനം, ട്രഷറി വരുമാനം, മറ്റ് വരുമാനം എന്നിവ അടങ്ങുന്ന പലിശ ഇതര വരുമാനം 23% വര്‍ധിച്ച് 493 കോടിയായി.
നിലവിലെ അറ്റ പലിശ മാര്‍ജിനായ 3.27% കഴിഞ്ഞ ഏതാനും വര്‍ഷത്തെ ഏറ്റവും ഉയര്‍ന്നതാണെന്നു മാനേജിങ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറുമായ എ.എസ്. രാജീവ് പറഞ്ഞു. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്ന സാഹചര്യത്തില്‍ 14 - 16% വായ്പ വളര്‍ച്ചയാണു ബാങ്ക് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. ബാങ്കിന്റെ മൊത്തം ബിസിനസ് 13.27% വര്‍ധിച്ച് 2,96,808 കോടി രൂപയായി. നിക്ഷേപങ്ങള്‍ 14.47% ഉയര്‍ന്ന് 181,572 കോടി ആയപ്പോള്‍ വായ്പ 11.44% വര്‍ധിച്ച് 115,235 കോടിയിലെത്തി.