
മുംബൈ: ബാങ്ക് ജീവനക്കാരുടെ പണിമുടക്ക് രാജ്യത്തെ പണമിടപാടിനെ ഗുരുതരമായി ബാധിച്ചേക്കുമെന്ന് വിലയിരുത്തല്‍. രാജ്യത്തെ പ്രധാനപ്പെട്ട നഗരങ്ങളിലെയും, ഗ്രാമീണ മേഖലയിലെയും എടിഎമ്മുകളില്‍ ഉപഭോക്താക്കള്‍ക്ക് പണമിടപാടുകള്‍ നടത്താന്‍ സാധിച്ചേക്കില്ലെന്നാണ് റിപ്പോര്‍ട്ട്. ഇന്നുമുതല്‍ ബാങ്ക് ജീവനക്കാര്‍ നടത്തുന്ന പണമുടക്ക് രാജ്യത്തെ നോട്ടിടപാടുളില്‍ വലിയ പ്രതിസന്ധിയുണ്ടാകുമെന്നാണ് വിവരം. നിലവില്‍ രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന 22,000 ബ്രാഞ്ചുകളില്‍ വലിയ പ്രതിസന്ധി സൃഷ്ടിച്ചേക്കും.
പൊതുമേഖലാ ബാങ്കുകളിലെ ജീവനക്കാര്‍ നടത്തുന്ന പണിമുടക്ക് നിക്ഷേപകരെ ഗുരുതരമായി ബാധിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. ജീവനക്കാരുടെ പണിമുടക്ക് തീരുന്നത് വരെ നിക്ഷേപകര്‍ക്ക് ബാങ്കുമായി നേരിട്ട് നോട്ടിടപാടുകള്‍ നടത്താന്‍ കഴിഞ്ഞെക്കില്ല. ജീവനക്കാരുടെ പണിമുടക്ക് ബാങ്കിങ് മേഖലയിലെ പ്രവര്‍ത്തനത്തെ ഗുരുതരമായി ബാധിച്ചേക്കുമെന്നാണ് വിവരം. കറന്‍സി ഇടപാടുകളില്‍ വലിയ കുറവാണ് ഇനിയുള്ള ദിവസങ്ങളിലുണ്ടാവുക. എടിഎമ്മില്‍ പണം ഇല്ലാത്ത സാഹചര്യം വന്നാല്‍ ഉപഭോഗ മേഖലയെയും നിക്ഷേപ മേഖലയെയും ഗുരുതരമായി ബാധിച്ചേക്കും. ജീവനക്കാരുടെ പണിമുടക്ക് മൂലം എടിഎം കേന്ദ്രങ്ങള്‍ അടച്ചിടാനും സാധ്യതയുണ്ട്.
ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷനും (എഐഇബിഎ) ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയും (ബെഫി) എന്നീ സംഘടനകള്‍ ചേര്‍ന്നാണ് ഇന്നുമുതല്‍ രാജ്യവ്യാപകമായി പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. അതേസമയം ജീവനക്കാരുടെ സമരപരിപാടികള്‍ മൂലം ഒക്ടോബര്‍ 22 ന് ബാങ്ക് അവധിയായിരിക്കുമെന്ന് രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐ നേരത്തെ ഉപഭോക്താക്കളെ അറിയിച്ചിരുന്നു.
എന്നാല്‍ സ്വകാര്യ ബാങ്കുകളിലെ ജീവനക്കാര്‍ പണിമുടക്കിന്റെ ഭാഗമായേക്കില്ലെന്നാണ് റിപ്പോര്‍ട്ട്. ജീവനക്കാരുടെ സമരപരിപാടികള്‍ മൂലം സിന്‍ഡിക്കേറ്റ് ബാങ്കും ഇന്ന് അവധിയായിരിക്കും. പൊതുമേഖലാ ബാങ്കുകളെ ലയിപ്പിച്ചാല്‍ രാജ്യത്തെ ബാങ്കിങ് മേഖല ഗുരുതരമായ പ്രതിസന്ധികള്‍ നേരിട്ടേക്കുമെന്നാണ് ജീവനക്കാരുടെ സംഘടനകള്‍ പറയുന്നത്. മാന്ദ്യം നേരിടുന്ന സാഹചര്യത്തില്‍ ബാങ്കുകളെ ലയിപ്പിക്കുന്നത് ശരിയായ നടപടിയല്ലെന്നാണ് വിദഗ്ധര്‍ ഒന്നടങ്കം അഭിപ്രായപ്പെടുന്നത്.