
കൊച്ചി: പാര്‍ലമെന്റ് പാസാക്കിയ ബാങ്കിങ് നിയന്ത്രണ നിയമ ഭേദഗതി ബില്‍, സര്‍വീസ് സഹകരണ ബാങ്കുകള്‍ എന്ന പേരില്‍ കേരളത്തില്‍ വ്യാപകമായ പ്രാഥമിക കാര്‍ഷിക വായ്പാസഹകരണ സംഘങ്ങളുടെ അടിത്തറ തകര്‍ക്കുമെന്ന് ആശങ്ക. ഇന്ത്യയിലെ ആകെ പ്രാഥമികസംഘങ്ങളില്‍ 1.7 ശതമാനം മാത്രമേ കേരളത്തില്‍ ഉള്ളൂവെങ്കിലും രാജ്യത്തെ മൊത്തം നിക്ഷേപത്തിന്റെ 69.5 ശതമാനം കേരളത്തിലാണ്. ഏതാണ്ട് ഒരു ലക്ഷം കോടി രൂപയുടെ നിക്ഷേപം.
നിലവില്‍ കേരളത്തിലെ 60 അര്‍ബന്‍ ബാങ്കുകള്‍ക്കു മാത്രമേ നിയമം ബാധകമാകൂ. 1624 സര്‍വീസ് സഹകരണ ബാങ്കുകള്‍, സംസ്ഥാന സഹകരണ ബാങ്ക്, മലപ്പുറം ജില്ലാ ബാങ്ക് എന്നിവയ്ക്കു നിയമം ബാധകമാകാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഇനി വീണ്ടും പ്രത്യേക വിജ്ഞാപനം പുറത്തിറക്കണം.
സര്‍വീസ് സഹകരണ ബാങ്കുകളെയും ഇടപാടുകാരെയും എങ്ങനെ ബാധിക്കുമെന്ന് നോക്കാം. സര്‍വീസ് സഹകരണ ബാങ്കുകളും കാര്‍ഷിക ഗ്രാമവികസന ബാങ്കുകളും ഇനി മുതല്‍ പേരിനൊപ്പം ബാങ്ക്, ബാങ്കര്‍, ബാങ്കിങ് എന്ന പദങ്ങള്‍ ഉപയോഗിക്കരുത്. സഹകരണസംഘം എന്ന പേരിലേ പ്രവര്‍ത്തിക്കാന്‍ പാടുള്ളൂ. ഇവരുടെ നിക്ഷേപ, വായ്പ ബാങ്കിങ് ഇടപാട് വോട്ടവകാശമുള്ള എ ക്ലാസ് മെംബര്‍മാരുമായി മാത്രമേ പാടുള്ളൂ. മറ്റുള്ളവരില്‍ നിന്നു നിക്ഷേപം സ്വീകരിക്കരുത്. ബാങ്കിന്റെ അധികാര പരിധിക്കു പുറത്തുള്ള വ്യക്തികളെ നോമിനല്‍ മെംബര്‍ (നാമമാത്ര അംഗം) ആക്കി നിലവില്‍ നിക്ഷേപം സ്വീകരിക്കുന്നുണ്ട്. ഇനി അതു പറ്റില്ല. കേരളത്തിലെ 1624 സര്‍വീസ് സഹകരണ ബാങ്കുകളിലെ 60,000 കോടി രൂപയുടെ നിക്ഷേപവും നാമമാത്ര നിക്ഷേപകരുടേതാണ്. ഇതെല്ലാം തിരിച്ചു നല്‍കേണ്ടി വരും. ഇതില്‍ തന്നെ 45,000 കോടി രൂപ കേരള ബാങ്കിലെ സര്‍വീസ് സഹകരണ ബാങ്കുകളുടെ നിക്ഷേപമാണ്. ഇതു തിരിച്ചു കൊടുക്കേണ്ടി വരുന്നത് കേരള ബാങ്കിനെയും ബാധിക്കും
ഇനി മുതല്‍ ചെക്ക് കൊടുക്കാനോ സ്വീകരിക്കാനോ പാടില്ല. സേവിങ്‌സ് ബാങ്ക് അക്കൗണ്ടില്‍ നിന്നു പണം പിന്‍വലിക്കാന്‍ ചെക്കിനു പകരം വിത്‌ഡ്രോയിങ് സ്ലിപ് ആണു നല്‍കേണ്ടത്. നിക്ഷേപകരുടെ മറ്റ് വാണിജ്യ ബാങ്കുകളിലെ ചെക്ക് വാങ്ങി ജില്ലാ ബാങ്ക് മുഖേന പണമാക്കി കൊടുക്കുന്നതും നിരോധിച്ചു. കേന്ദ്ര സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ കര്‍ഷകര്‍ക്കു ലഭിക്കുന്നതിനു വേണ്ടി ജില്ലാ ബാങ്കുകളില്‍ തുടങ്ങിയ 'മിറര്‍' അക്കൗണ്ടുകളുടെ സേവനവും നഷ്ടമാകും.
മറ്റു വാണിജ്യ ബാങ്കുകളുമായി ചേര്‍ന്നു കേരളത്തിലെ പല സര്‍വീസ് സഹകരണ ബാങ്കുകളും ഓണ്‍ലൈന്‍ പണമിടപാട് സേവനങ്ങളായ ആര്‍ടിജിഎസ്, നെഫ്റ്റ് എന്നിവ നടത്തിയിരുന്നു. ഇനി ഇവയ്ക്ക് അനുമതിയുണ്ടാകില്ല. സഹകരണ നിയമപ്രകാരമുള്ള വ്യക്തികള്‍, സര്‍ക്കാര്‍, ഫെഡറല്‍ സംഘം, സ്വാശ്രയ ഗ്രൂപ്പുകള്‍, തദ്ദേശ സ്ഥാപനങ്ങള്‍ എന്നിവര്‍ക്കു മാത്രമേ വോട്ടവകാശമുള്ള അംഗത്വം നല്‍കാന്‍ കഴിയൂ. ആരാധനാലയങ്ങള്‍ തുടങ്ങിയ മറ്റു സ്ഥാപനങ്ങളുടെ നിക്ഷേപം വാങ്ങരുത്.
അര്‍ബന്‍ ബാങ്കുകളില്‍ വരാന്‍ പോകുന്ന മാറ്റങ്ങളെല്ലാം നിക്ഷേപകരുടെ താല്‍പര്യങ്ങള്‍ക്ക് അനുകൂലമാണ്. ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ സഹകരണ ബാങ്കുകളുടെ ചെയര്‍മാനായി നിയമിക്കാനാവില്ല. ഭരണസമിതി അംഗങ്ങളുടെ നിയമനങ്ങളിലും റിസര്‍വ് ബാങ്കിന് ഇടപെടാം.