
ന്യൂഡല്‍ഹി: കൊവിഡ് കാലത്ത് ഉപഭോക്താക്കള്‍ ഓണ്‍ലൈന്‍ സംവിധാനം ഉപയോഗിച്ച് തുടങ്ങിയതോടെ അതിനും ഫീസ് ഈടാക്കിയ സ്വകാര്യ ബാങ്കുകള്‍ക്ക് തിരിച്ചടി. യുപിഐ പേമെന്റ് പൂര്‍ണ്ണമായും സൗജന്യമായിരിക്കണം എന്ന നിര്‍ദ്ദേശം കര്‍ശനമായി പാലിക്കാന്‍ ആവശ്യപ്പെട്ട കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ്, ഉപഭോക്താക്കളില്‍ നിന്ന് പിരിച്ചെടുത്ത തുക തിരികെ നല്‍കാന്‍ ഉത്തരവിട്ടു. 2020 ജനുവരി ഒന്നിനോ അതിനുശേഷമോ ഡിജിറ്റല്‍ ഇടപാടുകള്‍ക്കായി ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കിയ ചാര്‍ജുകള്‍ റീഫണ്ട് ചെയ്യാനാണ് നിര്‍ദ്ദേശം.
യുപിഐ വഴി ഒരു വ്യക്തി മറ്റ് സ്വകാര്യ വ്യക്തികള്‍ക്ക് 20 ലേറെ തവണ പണമയച്ചാലാണ് ചില സ്വകാര്യ ബാങ്കുകള്‍ ഫീസ് ഈടാക്കിയിരുന്നത്. ആദ്യ 20 ഇടപാടുകള്‍ സൗജന്യവും പിന്നീടുള്ള ഇടപാടുകള്‍ക്ക് 2.50 രൂപ മുതല്‍ അഞ്ച് രൂപ വരെ ഫീസുമാണ് ഈടാക്കിയിരുന്നത്. സംഭവം വാര്‍ത്തയായതോടെയാണ് കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് ഈ വിഷയത്തില്‍ ഇടപെട്ടത്. ലോക്ക്ഡൗണ്‍ കാലത്ത് ഓരോ മാസവും യുപിഐ ഇടപാടുകളില്‍ എട്ട് ശതമാനം വളര്‍ച്ചയാണ് ഉണ്ടായത്. ആഗസ്റ്റ് മാസത്തില്‍ 160 കോടി ഇടപാടുകള്‍ നടക്കുമെന്നാണ് റിപ്പോര്‍ട്ട്.
ഈ പശ്ചാത്തലത്തില്‍ ഉപഭോക്താക്കളെ വലയ്ക്കുന്ന തരത്തിലുള്ള യാതൊരു ശ്രമത്തിനും കൂട്ടുനില്‍ക്കില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് കേന്ദ്രം. സിസ്റ്റത്തില്‍ ഇടപാടുകളുടെ ലോഡ് കുറയ്ക്കാനാണ് ഈ നിസാര നിരക്ക് ഏര്‍പ്പെടുത്തിയതെന്ന ന്യായീകരണമാണ് ബാങ്കുകളുടെ ഭാഗത്ത് നിന്നുണ്ടായത്. കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശത്തില്‍ യുപിഐ പേമെന്റ്‌സ് സൗജന്യമായിരിക്കണം എന്നാണ് പറഞ്ഞിരിക്കുന്നത്. ബില്ലുകളും മറ്റും അടയ്ക്കുന്നത് മാത്രമാണ് സൗജന്യം, വ്യക്തികള്‍ തമ്മിലുള്ള പണമിടപാടുമായി ഇതിന് ബന്ധമില്ലെന്നും വ്യാഖ്യാനിച്ചാണ് ബാങ്കുകള്‍ ഫീസ് ഈടാക്കിയിരുന്നത്.