
കോവിഡ് 19 ഭീതി വിതച്ച മാസങ്ങളില്‍ രാജ്യത്തെ വിവിധ ബാങ്കുകള്‍ വിതരണം ചെയ്തത് 1.6 കോടി പുതിയ ഡെബിറ്റ് കാര്‍ഡുകള്‍. പണമിടപാടുകള്‍ കോണ്‍ടാക്ട് ലെസ് രീതിയിലേക്ക് മാറിയതാണ് കാര്‍ഡുകളുടെ ആവശ്യകത കൂട്ടിയത്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തു വിട്ട കണക്കാണിത്.
പഴയ മാഗ്‌നറ്റിക് കാര്‍ഡ് മാറ്റി പുതിയ ചിപ്പ് ഘടിപ്പിച്ച കാര്‍ഡുകള്‍ മാറിയെടുത്തതും ഇതില്‍പ്പെടും. മാര്‍ച്ച് അവസാനം 82.85 കോടി കാര്‍ഡുകളാണ് രാജ്യത്ത് ആകെ നിലവിലുണ്ടായിരുന്നത്. ജൂണ്‍ ആയപ്പോഴേക്കും ഇതിന്റെ എണ്ണം 84.54 കോടിയായി. ഇതില്‍ 59.7 കോടിയും പൊതുമേഖലാ ബാങ്കുകളുടേതാണ്. സ്വകാര്യ ബാങ്കുകള്‍ ഇക്കാലയളവില്‍ നാലു ലക്ഷത്തിലേറെ കാര്‍ഡുകള്‍ പുതുതായി നല്‍കിയെന്നും റിസര്‍വ് ബാങ്ക് രേഖകള്‍ പറയുന്നു.
കോണ്‍ടാക്ട്ലെസ് ഇടപാടുകള്‍ വര്‍ധിച്ചതായും കണക്കുകളില്‍ വ്യക്തമാകുന്നു. യുപിഐയിലൂടെ ഉള്ള പണമിടപാട് 12 ശതമാനമാണ് ഇക്കാലത്ത് വര്‍ധിച്ചത്. 149 കോടി ഇടപാടുകളാണ് ജൂലൈയില്‍ മാത്രം നടന്നതെന്ന് നാഷണല്‍ പേമെന്റ്സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ഇത് 82.2 കോടി ഇടപാടുകള്‍ മാത്രമായിരുന്നു.