ശമ്പളം വെട്ടിക്കുറക്കലും പിരിച്ചുവിടലും: വായ്പ ലഭിക്കാന്‍ ശമ്പള സ്ലിപ്പ് വേണം

June 08, 2020 |
|
News

                  ശമ്പളം വെട്ടിക്കുറക്കലും പിരിച്ചുവിടലും: വായ്പ ലഭിക്കാന്‍ ശമ്പള സ്ലിപ്പ് വേണം

കൊവിഡ് സാമ്പത്തിക പ്രതിസന്ധികളെ തുടര്‍ന്ന് നിരവധി കമ്പനികള്‍ സാലറി കട്ടും പിരിച്ചുവിടലുകളും പ്രഖ്യാപിക്കുകയാണ്. ഇതിനിടെ സ്വന്തമായി ഒരു വീട് ആഗ്രഹിച്ചവര്‍ക്ക് ഇരുട്ടടിയാകുകയാണ് ചില ബാങ്കുകളുടെ ഭാഗത്ത് നിന്നുളള നടപടികള്‍. വായ്പ അനുവദിച്ചു നല്‍കിയവരോട് വീണ്ടും ബാങ്കുകള്‍ സാലറി സ്ലിപ്പുകള്‍ ചോദിച്ചതാണ് പ്രശ്‌നങ്ങളുടെ തുടക്കം. ഫ്‌ലാറ്റ് വാങ്ങാന്‍ വായ്പ നടപടികള്‍ പൂര്‍ത്തിയാക്കിയവര്‍ പോലും ബാങ്കുകളുടെ ഭാഗത്ത് നിന്നുളള ഈ പുതിയ നടപടി കാരണം പ്രതിസന്ധിയിലായിരിക്കുകയാണ്. രാജ്യത്തിന്റെ വാണിജ്യ തലസ്ഥാനമായ മുംബൈയിലും മറ്റും ഇത്തരം കേസുകളുണ്ടായതായി പ്രമുഖ ദേശീയ മാധ്യമായ ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇതോടെ കെട്ടിട നിര്‍മാതാക്കളും പ്രശ്നത്തിലായി. അപ്പാര്‍ട്ട്മെന്റ് പ്രോജക്ടുകളുമായി ബന്ധപ്പെട്ട് കരാര്‍ നടപടികളും മറ്റും പുരോഗമിക്കുന്നതിനിടെയാണ് ബാങ്കുകളുടെ ഈ പുതിയ ആവശ്യം. വായ്പ എടുത്തവര്‍ക്ക് കൃത്യമായി ഇഎംഐ അടയ്ക്കാന്‍ പ്രാപ്തിയുണ്ടോ എന്ന് ശമ്പള സ്ലിപ്പുകള്‍ പരിശോധിച്ച് ഉറപ്പാക്കുകയാണ് ബാങ്കുകളുടെ ഈ നടപടിക്ക് പിന്നിലെ ലക്ഷ്യം. ശമ്പളത്തില്‍ കുറവുണ്ടാകുകയോ തൊഴില്‍ നഷ്ടമാവുകയോ ചെയ്തവര്‍ക്ക് നല്‍കുന്ന വായ്പ പിന്നീട് കിട്ടാക്കടമായി മാറുമോ എന്നാണ് ബാങ്കുകളുടെ പേടി. 

കഴിഞ്ഞ രണ്ട് മാസമായി ബാങ്കുകള്‍ വായ്പ വിതരണം ചെയ്യുന്നത് നിര്‍ത്തിയതായി തന്റെ ഉപഭോക്താക്കളില്‍ പലരും പരാതിപ്പെട്ടിട്ടുണ്ടെന്ന് മുംബൈ ആസ്ഥാനമായുള്ള ഒരു പ്രമുഖ നിര്‍മ്മാതാവ് പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. വലിയ കിട്ടാക്കട പ്രതിസന്ധി നേരിടുന്നതിനിടെ തിരിച്ചടവിന് പ്രാപ്തി ഇല്ലാത്തവര്‍ക്ക് വായ്പ അനുവദിക്കാന്‍ ബാങ്കുകള്‍ തയ്യാറല്ല.

'വായ്പാ നടപടികള്‍ പൂര്‍ത്തിയായി പൂര്‍ണമായി തുക കൈമാറുന്നതിന് മുന്‍പ് വരെ വായ്പ എടുത്ത വ്യക്തിക്ക് തുക തിരിച്ചടയ്ക്കാനുളള പ്രാപ്തിയുണ്ടോ എന്ന് പരിശോധിക്കാനുളള അധികാരം ബാങ്കുകള്‍ക്കുണ്ട്. നടപടി പൂര്‍ത്തിയാക്കി വായ്പ വിതരണം ചെയ്യുന്ന സന്ദര്‍ഭത്തില്‍ തനിക്ക് തിരിച്ചടയ്ക്കാനുളള കഴിവില്ലെന്ന് വായ്പ എടുത്ത ഉപഭോക്താവിന് തോന്നുകയാണെങ്കില്‍ അദ്ദേഹത്തിനും പിന്മാറാനുളള അവകാശം ഉണ്ട്. ഇതിന് വിപരീതമായി വായ്പ എടുത്ത ശേഷം ആദ്യ അടവ് തന്നെ മുടങ്ങിയാല്‍, വില കുറഞ്ഞ മറ്റൊരു വീടോ വായ്പയോ വാങ്ങാനോ എടുക്കാനോ ഉളള അവസരം അദ്ദേഹത്തിന് ഇല്ലാതാകും,' സ്വകാര്യ ബാങ്കിലെ സീനിയര്‍ ഉദ്യോഗസ്ഥന്‍ അഭിപ്രായപ്പെട്ടു.

'മിക്കവരുടെയും ശമ്പളത്തില്‍ തിരുത്തലുകള്‍ ഉണ്ടായത് കാരണം ബാങ്കുകള്‍ അവരുടെ ഉപഭോക്താക്കളുടെ ഭവന വായ്പകള്‍ വീണ്ടും മൂല്യനിര്‍ണ്ണയം നടത്തുകയാണ്. ഇതിനാല്‍ കൂടുതല്‍ വായ്പ വിതരണം നിര്‍ത്തിവച്ചിരിക്കുന്നു. ബാങ്കുകള്‍ അവരുടെ പേയ്മെന്റുകള്‍ വൈകിപ്പിക്കുന്നതിനാല്‍ ഇത് പല നിര്‍മ്മാതാക്കളെയും ബാധിച്ചു,'' മഹാരാഷ്ട്ര ചേംബര്‍ ഓഫ് ഹൗസിംഗ് ഇന്‍ഡസ്ട്രി (താനെ) പ്രസിഡന്റ് അജയ് ആശര്‍ പറഞ്ഞു. ഞങ്ങള്‍ക്ക് ബാങ്കുകളില്‍ നിന്ന് പതിവായി പേയ്മെന്റുകള്‍ ലഭിക്കുന്നുണ്ടായിരുന്നു, പക്ഷേ ലോക്ക്ഡൗണിനുശേഷം ഇത് അവസാനിച്ചതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'50 ലക്ഷത്തിലധികം രൂപയുള്ള ഓരോ ഭവനവായ്പയും വീണ്ടും വിലയിരുത്തലിനായി ഏറ്റെടുക്കുന്നു. ബാങ്കുകള്‍ വായ്പ നല്‍കാനോ സമ്പദ്വ്യവസ്ഥയെ പിന്തുണയ്ക്കാനോ ആഗ്രഹിക്കുന്നില്ല. ഞങ്ങള്‍ ഇരട്ടി പലിശ നല്‍കണമെന്ന് അവര്‍ ആഗ്രഹിക്കുന്നു,' ഡെവലപ്പറും ക്രെഡായ്-എംസിഐ പ്രസിഡന്റുമായ നയന്‍ ഷാ പറഞ്ഞു

കൃത്യമായ പരിശോധനകളില്ലാതെ വായ്പ നേടിയെടുത്താന്‍ തിരിച്ചടവ് തുടക്കത്തിലേ മുടങ്ങും, ഇത് ക്രെഡിറ്റ് സ്‌കോര്‍ ഇല്ലാതാക്കുകയും ഭാവിയില്‍ വായ്പ ലഭിക്കാനുളള അവസരം കുറയാന്‍ ഇത് ഇടയാക്കുകയും ചെയ്യും. പ്രമുഖ ബാങ്കിങ് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. ''ഇത് ഞങ്ങള്‍ ചെയ്യുന്ന പുതിയ കാര്യമല്ല. ഞങ്ങളുടെ സാധാരണ മൂല്യനിര്‍ണ്ണയ പ്രക്രിയയുടെ ഭാഗമായി ഏറ്റവും പുതിയ സാലറി സ്ലിപ്പുകള്‍ ഞങ്ങള്‍ നോക്കുന്നു. അത്രമാത്രം,'' എച്ച്ഡിഎഫ്‌സിയുടെ വക്താവ് പറഞ്ഞു.

പ്രീ-ലോക്ക്ഡൗണ്‍ സമയത്ത് അനുവദിച്ചതും എന്നാല്‍, വിതരണം ചെയ്യാത്തതുമായ വായ്പകള്‍ക്കും അല്ലെങ്കില്‍ ഗണ്യമായ ഭാഗം ഇനിയും വിതരണം ചെയ്യാത്ത നിര്‍മാണത്തിന്‍ കീഴിലുള്ള വായ്പകള്‍ക്കും അവരുടെ സാമ്പത്തിക വിവരങ്ങള്‍ വീണ്ടും സമര്‍പ്പിക്കാന്‍ ക്ലയന്റുകളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മറ്റൊരു സ്വകാര്യ മേഖലയിലെ ബാങ്കര്‍ പറഞ്ഞു.

വീട് വാങ്ങുന്നവര്‍ തങ്ങളുടെ ഇഎംഐകളില്‍ മൂന്ന് മാസത്തെ മൊറട്ടോറിയം ആവശ്യപ്പെട്ട സംഭവങ്ങളുമുണ്ട്. അത്തരം സാഹചര്യങ്ങളില്‍ ബാങ്ക് പണം വിതരണം ചെയ്യുന്നത് നിര്‍ത്തി. മൊറട്ടോറിയം അവസാനിച്ചുകഴിഞ്ഞാല്‍, ഞങ്ങള്‍ ഈ കേസുകള്‍ പ്രത്യേകം വിലയിരുത്തിയ ശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്ന് ഒരു സ്വകാര്യ ബാങ്ക് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Related Articles

© 2025 Financial Views. All Rights Reserved