
ന്യൂഡല്‍ഹി: പ്രധാനമന്ത്രി മുദ്ര യോജന വഴി ഇതുവരെ 14.96 ലക്ഷം കോടി രൂപയുടെ വായ്പ വിതരണം ചെയ്‌തെന്ന് കേന്ദ്രസര്‍ക്കാര്‍. 28.68 കോടി വായ്പാ അപേക്ഷകളിലായാണ് തുക വിതരണം ചെയ്തത്. എന്‍ബിഎഫ്‌സികള്‍, മൈക്രോ ഫിനാന്‍സ് ഇന്‍സ്റ്റിറ്റിയൂഷന്‍ എന്നിവ വഴിയാണ് വായ്പകള്‍ വിതരണം ചെയ്തത്.
2015 ഏപ്രില്‍ എട്ടിനാണ് പ്രധാനമന്ത്രി മുദ്ര യോജന അവതരിപ്പിച്ചത്. കോര്‍പറേറ്റ് ഇതര, കാര്‍ഷികേതര, സൂക്ഷ്മ -ചെറുകിട സംരംഭങ്ങളെ സാമ്പത്തികമായി സഹായിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് പദ്ധതി. ആറ് വര്‍ഷം കൊണ്ട് രാജ്യത്തിന്റെ പുരോഗതിയില്‍ മികച്ച പങ്ക് വഹിക്കാന്‍ പദ്ധതിക്ക് സാധിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.
സമൂഹത്തിലെ പാര്‍ശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങളുടെയും സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നില്‍ക്കുന്നവരുടെയും ഉന്നമനമാണ് കേന്ദ്രസര്‍ക്കാരിന്റെ പ്രധാന ലക്ഷ്യമെന്ന് ധനകാര്യ മന്ത്രാലയം വ്യക്തമാക്കി. മുദ്ര ലോണിന്റെ ആറ് വര്‍ഷങ്ങള്‍ പിന്നിടുന്ന ഘട്ടത്തിലെ ഈ നേട്ടം കേന്ദ്രസര്‍ക്കാര്‍ തങ്ങളുടെ അഭിമാനമായി കൂടിയാണ് കാണുന്നത്.