
കൊവിഡ് 19 വ്യാപകമായതിനെ തുടര്‍ന്ന് സാമൂഹ്യ അകലം പാലിക്കാനും പൊതുഇടങ്ങളില്‍ തൊടുന്നത് ഒഴിവാക്കുന്നതിനുമുള്ള മാര്‍ഗങ്ങള്‍ തേടിക്കൊണ്ടിരിക്കുകയാണ് ഓരോ മേഖലയും. ബാങ്ക് എടിഎമ്മുകളില്‍ കാര്‍ഡിടാതെ തന്നെ പണമെടുക്കാനുള്ള സൗകര്യമൊരുക്കാനൊരുങ്ങുകയാണ് രാജ്യത്തെ ബാങ്കുകള്‍. പേമെന്റ് കമ്പനിയായ എജിഎസ് ട്രാന്‍സാക്റ്റ് ടെക്നോളജീസ് വികസിപ്പിച്ചെടുത്ത പുതിയ സാങ്കേതിക വിദ്യയിലൂടെയാണ് ഇത് സാധ്യമാക്കുന്നത്. എടിഎമ്മില്‍ തെളിഞ്ഞു വരുന്ന ക്യൂആര്‍ കോഡ് എക്കൗണ്ട് ഉടമയുടെ സ്മാര്‍ട്ട് ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്ന അതാത് ബാങ്കുകളുടെ ആപ്പ് ഉപയോഗിച്ച് സ്‌കാന്‍ ചെയ്താണിത് സാധ്യമാക്കുന്നത്.
ഇതോടെ കാര്‍ഡ് ഇടുന്നതും പിന്‍ ടൈപ്പ് ചെയ്യുന്നതും ഒഴിവാക്കാനാകും എന്നതാണ് നേട്ടം. സ്മാര്‍ട്ട് ഫോണിലൂടെ തന്നെ എത്ര രൂപ ആവശ്യമുണ്ടെന്ന് രേഖപ്പെടുത്താം. മറ്റെവിടെയും തൊടാതെ പണമെടുത്ത് പോകാനാകും.
രാജ്യത്തെ 70,000 ബാങ്കുകളുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്ന എജിഎസ് ട്രാന്‍സാക്റ്റ് രണ്ടു ബാങ്കുകള്‍ക്കായി കോണ്‍ടാക്റ്റ് ലെസ് സൊലൂഷന്‍ വികസിപ്പിച്ചെടുക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. മറ്റു നാല് ബാങ്കുകളുമായി ചര്‍ച്ചയും തുടങ്ങിയിട്ടുണ്ട്. ഏകദേശം എട്ടാഴ്ച ഇത് യാഥാര്‍ത്ഥ്യമാകുമെന്നാണ് കണക്കു കൂട്ടല്‍. ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവില്‍ രാജ്യത്ത് എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കലും ഓണ്‍ലൈന്‍ ഇടപാടുകളും കുറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ജനുവരിയില്‍ 67 കോടി ഓണ്‍ലൈന്‍ ട്രാന്‍സാക്ഷനുകള്‍ നടന്നുവെങ്കില്‍ മാര്‍ച്ചില്‍ അത് 56 കോടിയായി കുറഞ്ഞു. എടിഎമ്മുകളിലൂടെ ജനുവരിയില്‍ പിന്‍വലിച്ചത് 3.2 ലക്ഷം കോടി രൂപയായിരുന്നു. മാര്‍ച്ചില്‍ അത് 2.7 ലക്ഷം കോടി രൂപയായി കുറഞ്ഞു.
ലോക്ക് ഡൗണും ആളുകള്‍ പൊതുഇടങ്ങളോട് മുഖം തിരിച്ചതുമാണ് ഈ കുറവിന് കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. ഈ സാഹചര്യത്തിലാണ് കോണ്‍ടാക്റ്റ്ലെസ് എടിഎമ്മുകള്‍ സ്ഥാപിക്കാനൊരുങ്ങുന്നത്. നിലവിലുള്ള ആപ്പുകളിലൂടെ തന്നെ 25 സെക്കന്റു കൊണ്ട് എടിഎമ്മുകളില്‍ നിന്ന് ഇടപാടുകള്‍ പൂര്‍ത്തിയാക്കാനാകുമെന്നാണ് എജിഎസ് ട്രാന്‍സാക്റ്റ് അധികൃതര്‍ പറയുന്നത്. മുമ്പ് എസ്ബിഐയും ഐസിഐസിഐ ബാങ്കും സമാനമായ രീതിയില്‍ ആപ്പ് ഉപയോഗിച്ച് പണം പിന്‍വലിക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും അത് അതാത് ബാങ്കുകളുടെ എടിഎമ്മുകളില്‍ മാത്രമാണ് പ്രവര്‍ത്തിച്ചിരുന്നത്.