ക്രിപ്റ്റോ കറന്‍സികളെ നിരോധിക്കുന്നതാണ് ബുദ്ധിയെന്ന് ആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണര്‍

February 15, 2022 |
|
News

                  ക്രിപ്റ്റോ കറന്‍സികളെ നിരോധിക്കുന്നതാണ് ബുദ്ധിയെന്ന് ആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണര്‍

ക്രിപ്റ്റോ കറന്‍സികളെ നിരോധിക്കുകയാണ് ബുദ്ധിപൂര്‍വമായ മാര്‍ഗമെന്ന് ആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണര്‍ രബി ശങ്കര്‍. രാജ്യത്തിന്റെ സാമ്പത്തിക നയങ്ങളെ ക്രിപ്റ്റോ തകിടം മറിക്കുമെന്ന് ആവര്‍ത്തിച്ചുകൊണ്ടാണ് രബി ശങ്കറിന്റെ പരാമര്‍ശം. ക്രിപ്റ്റോ നിരോധിക്കാത്ത വികസിത രാജ്യങ്ങളുടെ നിലപാടിന് പിന്നില്‍ സാമ്പത്തിക നേട്ടങ്ങളുണ്ടാകാം. ഭൂരിഭാഗം ക്രിപ്റ്റോകളും ഡോളറിലാണ് മൂല്യം കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ ഇന്ത്യന്‍ രൂപ നേരിടുന്ന ഭീക്ഷണി അവര്‍ക്കുണ്ടാകില്ലെന്നും രബി ശങ്കര്‍ പറഞ്ഞു.

രാജ്യത്ത് ക്രിപ്റ്റോ നിരോധിച്ചാല്‍ പണം നഷ്ടമാവാതിരിക്കാനുള്ള അവസരം നിക്ഷേപകര്‍ക്ക് നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യക്കാരുടെ ക്രിപ്റ്റോ നിക്ഷേപം അത്ര വലുതല്ല. നവംബറിലെടുത്ത അനൗദ്യോഗിക വിവരങ്ങള്‍ പ്രകാരം 80 ശതമാനം നിക്ഷേപകരും 10,000 രൂപയ്ക്ക് താഴെ ക്രിപ്റ്റോ വാങ്ങിയിട്ടുള്ളവരാണ്. 1,566 രൂപയാണ് ഇന്ത്യക്കാരുടെ ശരാശരി ക്രിപ്റ്റോ നിക്ഷേപമെന്നും രബി ശങ്കര്‍ അറിയിച്ചു. ക്രിപ്റ്റോ നിരോധനം ആര്‍ബിഐ അവതരിപ്പിക്കുന്ന ഡിജിറ്റല്‍ കറന്‍സിയേയോ ബ്ലോക്ക് ചെയിന്‍ ടെക്നോളജിയേയോ ബാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഓരോ സ്വകാര്യ ക്രിപ്റ്റോയും ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു രീതിയില്‍ രൂപയുടെ സ്വാധീനത്തെ ബാധിക്കും. ഒരു സമാന്തര കറന്‍സി വ്യവസ്ഥ രൂപപ്പെടുമെന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കി. അതേ സമയം ക്രിപ്റ്റോ വിഷയത്തില്‍ ആര്‍ബിഐയ്ക്കും കേന്ദ്ര സര്‍ക്കാരിനും സമാന നിലപാടാണെന്ന് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ അറിയിച്ചു. വിഷയത്തില്‍ ആര്‍ബിഐയുമായി കേന്ദ്രം ചര്‍ച്ച നടത്തുകയാണ്. സ്വകാര്യ ക്രിപ്റ്റോകളെ നിരോധിക്കണമെന്ന ആവശ്യത്തില്‍ ആര്‍ബിഐ ഉറച്ചു നിന്നാല്‍ സര്‍ക്കാരും സമാന നിലപാട് ആവര്‍ത്തിച്ചേക്കും. 2022-23 കേന്ദ്ര ബജറ്റില്‍ ക്രിപ്റ്റോ അടക്കമുള്ള ഡിജിറ്റല്‍ ആസ്ഥികള്‍ക്ക് 30 ശതമാനം നികുതിയും ഒരു ശതമാനം ടിഡിഎസുമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Related Articles

© 2025 Financial Views. All Rights Reserved