
ദില്ലി: ഇന്ത്യന്‍ ഡെനിം വസ്ത്ര വിപണിയില്‍ വന്‍ മുന്നേറ്റം. ഡെനിം വസ്ത്രങ്ങളില്‍ തന്നെ ജീന്‍സ്‌വിപണിയിലാണ് വന്‍ കച്ചവടം നടക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ഇന്ത്യയുടെ ജീന്‍സ് വിപണി മൂന്ന് ഇരട്ടി വളര്‍ന്ന് 21,993 കോടി രൂപയിലേക്ക് എത്തി. യൂറോമോണിറ്ററാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഡെനിംവസ്ത്രങ്ങളുടെ ലാളിത്യവും സൗകര്യവും വിപണിയില്‍ നല്ല പ്രതികരണം നല്‍കുന്നു. കൂടാതെ ആളുകളുടെ ജീവിതശൈലിയിലും വസ്ത്രധാരണശൈലിയിലെ മാറ്റങ്ങളും ഈ വിപണിയ്ക്ക് കരുത്തേകുന്നു.
2009 ന് ശേഷമുള്ള ഏറ്റവും വലിയ വളര്‍ച്ചയാണ് വിപണിയിലുണ്ടായത്. 35ന് താഴെ പ്രായമുള്ളവരിലെ ഡെനിം വസ്ത്രങ്ങളോടുള്ള സ്‌നേഹമാണ് ഈ നേട്ടത്തിന് പിറകിലെന്ന് ലെവീസ് ഇന്ത്യാ ബ്രാന്റ് എംഡി സനീവ് മെഹെന്തി പറഞ്ഞു. 2018ല്‍ 25% വളര്‍ച്ച നേടി 1104 കോടി രൂപയുടെ വില്‍പ്പനയാണ് നടന്നത്. ഓരോ വര്‍ഷവും ഒമ്പത് മുതല്‍ പതിനൊന്ന് ശതമാനം വരെ ഇന്ത്യയിലെ ഡെനിം വിപണി വളര്‍ന്നുകൊണ്ടിരിക്കുന്നു. ആഗോള ബ്രാന്റായ സാറ,എച്ച് ആന്റ് എം ,ജാക്ക് ആന്റ് ജോണ്‍സ്,ഗ്യാപ് തുടങ്ങിയ ബ്രാന്റുകളാണ് ജീന്‍സ് വിപണിയില്‍ നേട്ടം കൊയ്തത്. ജീന്‍സിന് സ്ത്രീകളുടെ വസ്ത്രഫാഷനുകളിലുള്ള സ്വാധീനവും ഈ നേട്ടം എളുപ്പമാക്കി. ജീന്‍സ് വിപണിയിലെ ഫാസ്റ്റ് ഫാഷന്‍ ബ്രാന്റുകളേക്കാള്‍ ആധികാരിക ഡെനിം ബ്രാന്റുകളാണ് ഉപഭോക്താക്കള്‍ക്ക് പ്രിയമുള്ളതെന്നും റിപ്പോര്‍ട്ട് പറയുന്നു.