
കാസര്‍കോട്: കോവിഡ്19 സര്‍വ മേഖലകളെയും പ്രതിസന്ധിയിലാക്കുമ്പോഴും അടയ്ക്കാ കര്‍ഷകര്‍ക്ക് ലഭിക്കുന്നത് അപ്രതീക്ഷിത നേട്ടം. ലോക്ഡൗണിനു ശേഷം വര്‍ധിക്കാന്‍ തുടങ്ങിയ അടയ്ക്ക വില ഇപ്പോള്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയിലാണ്.കാംപ്‌കോ (സെന്‍ട്രല്‍ അരക്കനട്ട് ആന്‍ഡ് കൊക്കോ മാര്‍ക്കറ്റിങ് ആന്‍ഡ് പ്രോസസിങ് കോ ഓപ്പറേറ്റീവ് ലിമിറ്റഡ്) മുള്ളേരിയ ശാഖയില്‍ ഇന്നലെ ഒരു കിലോഗ്രാം പുതിയ അടയ്ക്കയ്ക്ക് 340 രൂപയാണ് വില. പഴയതിന് 350 രൂപയും. കച്ചവടക്കാര്‍ 2 രൂപ വര്‍ധിപ്പിച്ച് 342 രൂപയും 352 രൂപയും നല്‍കുന്നുണ്ട്.
ലോക്ഡൗണിനു ശേഷം ഒരു കിലോഗ്രാം അടയ്ക്കയ്ക്ക് ഘട്ടം ഘട്ടമായി 90 രൂപയാണ് വര്‍ധിച്ചത്. സമ്പൂര്‍ണ ലോക്ഡൗണില്‍ ഇളവ് പ്രഖ്യാപിച്ചതിനു ശേഷം 250 രൂപയ്ക്കാണ് കാസര്‍കോട് ജില്ലയില്‍ കാംപ്‌കോ വ്യാപാരം തുടങ്ങിയത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മാത്രം 10 രൂപ വര്‍ധിച്ചു.
പഴയ അടയ്ക്കയുടെ വില 350 രൂപ വരെ എത്തിയിട്ടുണ്ടെങ്കിലും പുതിയ അടയ്ക്കയ്ക്ക് 340 രൂപ ലഭിക്കുന്നത് ആദ്യമാണെന്ന് കര്‍ഷകര്‍ പറയുന്നു. 5 വര്‍ഷമായി 250 നും 280 നും ഇടയില്‍ നില്‍ക്കുകയായിരുന്നു വില. കോവിഡ് മൂലം നേപ്പാള്‍ അതിര്‍ത്തി അടച്ചതും വിവിധ രോഗങ്ങളും മറ്റും കാരണം 40% ഉല്‍പാദനം കുറഞ്ഞതുമാണ് വില വര്‍ധിക്കാനുള്ള കാരണമായി പറയുന്നത്.