
2016 മുതല്‍ വളര്‍ച്ച അനുസരിച്ച് ലോകത്തെ അതിവേഗം വളരുന്ന ടെക് നഗരമായി ബെംഗളൂരു മാറി. യൂറോപ്യന്‍ നഗരങ്ങളായ ലണ്ടന്‍, മ്യൂണിച്ച്, ബെര്‍ലിന്‍, പാരീസ് എന്നീ നഗരങ്ങളെ പിന്നിലാക്കിയാണ് ബംഗളൂരൂ മുന്നിലെത്തിയത്. ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈ ആറാം സ്ഥാനത്താണ്. വ്യാഴാഴ്ച ലണ്ടനില്‍ പുറത്തിറക്കിയ പുതിയ ഗവേഷണ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
ഇന്ത്യയുടെ സ്വന്തം സിലിക്കണ്‍ വാലി എന്ന് വിളിക്കപ്പെടുന്ന ബെംഗളൂരുവിലെ നിക്ഷേപം നാല് വര്‍ഷത്തിനിടെ 5.4 മടങ്ങ് വര്‍ധിച്ചു. 2016ലെ 0.7 ബില്യണ്‍ ഡോളറില്‍ നിന്ന് 2020 ല്‍ 7.2 ബില്യണ്‍ ഡോളറായി ഉയര്‍ന്നുവെന്ന് ലണ്ടനിലെ ഇന്റര്‍നാഷണല്‍ ട്രേഡ് ആന്‍ഡ് ഇന്‍വെസ്റ്റ്മെന്റ് ഏജന്‍സി മേയര്‍ ലണ്ടന്‍ & പാര്‍ട്ണേഴ്സ് വ്യക്തമാക്കി.
നാലുവര്‍ഷത്തിനിടെ മഹാരാഷ്ട്രയിലെ മുംബൈയിലെ നിക്ഷേപം 1.7 മടങ്ങ് വര്‍ദ്ധിച്ചുവെന്ന് വാര്‍ത്താ ഏജന്‍സി പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു. നിക്ഷേപം 0.7ല്‍ നിന്ന് 1.2 ബില്യണ്‍ ഡോളര്‍ വരെ ഉയര്‍ന്നു. പട്ടികയിലെ രണ്ടാമത്തെ നഗരമായ ലണ്ടന്‍ 2016-2020 കാലയളവില്‍ 3.5 ബില്യണ്‍ ഡോളറില്‍ നിന്ന് 10.5 ബില്യണ്‍ ഡോളറായി മൂന്നിരട്ടി വളര്‍ച്ച രേഖപ്പെടുത്തി.
വിസി നിക്ഷേപത്തിനായി അതിവേഗം വളരുന്ന ആഗോള ടെക് ഹബുകളില്‍ ബെംഗളൂരുവും ലണ്ടനും മികച്ച സ്ഥാനം നേടി എന്നത് അതിശയകരമാണ്. ടെക് നിക്ഷേപകര്‍ക്കും കമ്പനികള്‍ക്കും രണ്ട് മേഖലകളിലും വ്യാപാരം നടത്തുന്നതിന് ധാരാളം അവസരങ്ങള്‍ സൃഷ്ടിക്കുന്നുെണ്ടെന്ന് ലണ്ടന്‍ & പാര്‍ട്‌ണേഴ്‌സിലെ ഇന്ത്യയുടെ മുഖ്യ പ്രതിനിധി ഹെമിന്‍ ഭരുച്ച പറഞ്ഞു.
ഇന്ത്യയിലുടനീളമുള്ള നഗരങ്ങളുമായി ലണ്ടന് ശക്തമായ വ്യാപാര-നിക്ഷേപ ബന്ധമുണ്ട്. നിലവിലെ കണക്കുകള്‍ സാങ്കേതികവിദ്യയില്‍ യുകെയും ഇന്ത്യയും തമ്മിലുള്ള ഭാവി പങ്കാളിത്തത്തിനുള്ള അവസരങ്ങള്‍ വ്യക്തമാക്കുന്നു. പകര്‍ച്ചവ്യാധി ഉണ്ടായിരുന്നിട്ടും, ലണ്ടനിലെയും ഇന്ത്യയിലെയും ടെക് കമ്പനികള്‍ മുന്നിട്ടുനില്‍ക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യൂറോപ്യന്‍ യൂണിയനുമായി (ഇയു) യുകെ സര്‍ക്കാര്‍ അടുത്തിടെ നടത്തിയ ബ്രെക്സിറ്റ് ഇടപാട് ഇന്ത്യന്‍ കമ്പനികള്‍ക്കും ലണ്ടനിലേക്ക് ചേക്കേറാന്‍ നോക്കുന്ന നിക്ഷേപകര്‍ക്കും പ്രതീക്ഷ നല്‍കുന്നു.
മൊത്തത്തിലുള്ള ടെക് വെഞ്ച്വര്‍ നിക്ഷേപ പട്ടികയില്‍ കര്‍ണാടകയുടെ തലസ്ഥാന നഗരമായ ബംഗളൂരൂ ആറാം സ്ഥാനത്താണ്. ബീജിംഗ്, സാന്‍ ഫ്രാന്‍സിസ്‌കോ, ന്യൂയോര്‍ക്ക്, ഷാങ്ഹായ്, ലണ്ടന്‍ എന്നിവയാണ് മുന്‍നിരയില്‍. നഗരങ്ങളിലെ വെഞ്ച്വര്‍ ക്യാപിറ്റല്‍ നിക്ഷേപത്തില്‍ ലോക റാങ്കിംഗില്‍ മുംബൈ 21 സ്ഥാനത്താണ്.