
ന്യൂഡല്‍ഹി: ഒരൊറ്റ സൂം കോളിലൂടെ കമ്പനി പിരിച്ചുവിട്ടത് 900 ജീവനക്കാരെ. ബെറ്റര്‍.കോം സിഇഒ വിശാല്‍ ഗാര്‍ഗ് ആണ് കഴിഞ്ഞ ബുധനാഴ്ച കേട്ടുകേള്‍വിയില്ലാത്ത വിധത്തില്‍ വന്‍ പിരിച്ചുവിടല്‍ നടത്തിയത്. 'ഈ കോളില്‍ നിങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ട് എങ്കില്‍ ഇനി പറയാന്‍ പോകുന്ന കാര്യങ്ങള്‍ ഇഷ്ടപ്പെടില്ല. നിങ്ങളെ പിരിച്ചുവിടുകയാണ്. തീരുമാനം ഉടന്‍ പ്രാബല്യത്തില്‍ വരും'- ഇതായിരുന്നു വിശാല്‍ ഗാര്‍ഗിന്റെ വാക്കുകള്‍. ഒരു ജീവനക്കാരന്‍ സൂം കോള്‍ റെക്കോര്‍ഡ് ചെയ്തു സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയായിരുന്നു.
ബെറ്റര്‍.കോം കമ്പനിയുടെ ഒന്‍പതു ശതമാനം ജീവനക്കാര്‍ക്കാണ് ഒറ്റ കോളിലൂടെ ജോലി നഷ്ടമായത്. മൂന്നു മിനിറ്റ് ദൈര്‍ഘ്യമുള്ള കോളില്‍, ഏറെ വെല്ലുവിളി നിറഞ്ഞ തീരുമാനമാണു കൈക്കൊള്ളുന്നതെന്നു ഗാര്‍ഗ് പറഞ്ഞതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 'കരിയറില്‍ രണ്ടാം തവണയാണ് ഞാന്‍ ഇങ്ങനെ ചെയ്യുന്നത്. ഇതു ഞാന്‍ ഇഷ്ടപ്പെടുന്നില്ല, കഴിഞ്ഞ തവണ ഇങ്ങനെ ചെയ്തപ്പോള്‍ ഞാന്‍ കരഞ്ഞിരുന്നുവെന്നും ഇത്തവണ കൂടുതല്‍ കരുത്തോടെയിരിക്കാന്‍ ശ്രമിക്കുമെന്നും ഗാര്‍ഗ് പറഞ്ഞു.