
തിരുവനന്തപുരം: ബവ്‌റിജസ് കോര്‍പ്പറേഷന്റെ വെര്‍ച്വല്‍ ക്യൂ ആപ്പ് പ്ലേ സ്റ്റോര്‍ അനുമതിക്കായി സമര്‍പ്പിച്ചു. ഗൂഗിളിന്റെ അനുമതി ലഭിക്കാന്‍ സാധാരണനിലയില്‍ ഒരാഴ്ച വരെ എടുക്കാറുണ്ടെങ്കിലും സര്‍ക്കാര്‍ സ്ഥാപനമായതിനാല്‍ വേഗം അനുമതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ബവ്‌കോ. മദ്യവിതരണം പുനരാരംഭിക്കാനുള്ള തീയതിയെക്കുറിച്ച് തീരുമാനമെടുത്തിട്ടില്ലെന്നാണ് അധികൃതര്‍ പറയുന്നതെങ്കിലും തിങ്കളാഴ്ചയോടെ ആപ് ജനത്തിന് ഉപയോഗിക്കാന്‍ കഴിയുമെന്നാണ് ലഭിക്കുന്ന സൂചന.
ആപ്പിന്റെ സെര്‍വര്‍ അടക്കം എല്ലാ ചെലവുകളും വഹിക്കുന്നത് ബവ്‌റിജസ് കോര്‍പറേഷനാണെന്ന് സ്റ്റാര്‍ട്ട്അപ് മിഷന്‍ അധികൃതര്‍ പറഞ്ഞു. 50 പൈസ വീതം ബാറുകളിലെ ഒരു ടോക്കണിന് ബവ്‌റിജസ് കോര്‍പ്പറേഷന്‍ സര്‍വീസ് ചാര്‍ജ് ഈടാക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും മൊബൈല്‍ ആപ് ലഭ്യമാക്കും. ആപ്പിളിന്റെ അനുമതി ഇതുവരെ തേടിയിട്ടില്ല. ഇതിനു പുറമേ സാധാരണ ഫോണുകളില്‍നിന്ന് എസ്എംഎസ് വഴിയും വെര്‍ച്വല്‍ ക്യൂവില്‍ ബുക്ക് ചെയ്യാം. പേരും ഫോണ്‍ നമ്പരും സ്ഥലത്തെ സൂചിപ്പിക്കുന്ന അടയാളവും (സ്ഥലപ്പേര്, പിന്‍കോഡ്, ലൊക്കേഷന്‍ എന്നിവയിലേതെങ്കിലും) നല്‍കി ക്യൂവില്‍ ബുക്ക് ചെയ്യാം.
വ്യക്തിവിവരങ്ങള്‍ ചോദിക്കില്ല. ആപ്പിലൂടെ മദ്യത്തിന്റെ ബ്രാന്‍ഡ് ആദ്യഘട്ടത്തില്‍ തിരഞ്ഞെടുക്കാനാകില്ല. ബുക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന ടോക്കണ്‍ നമ്പര്‍ അതില്‍ പറയുന്ന സമയത്ത്, പറയുന്ന കേന്ദ്രത്തില്‍ ഹാജരാക്കണം. അവിടെയെത്തി ബ്രാന്‍ഡ് തിരഞ്ഞെടുത്ത് പണം അടയ്ക്കാം.