വീണ്ടും ഓഹരി വില്‍പ്പനയുമായി ജെഫ് ബെസോസ്; വിറ്റത് ആമസോണിലെ 18,000 കോടി രൂപയുടെ ഓഹരികള്‍

May 10, 2021 |
|
News

                  വീണ്ടും ഓഹരി വില്‍പ്പനയുമായി ജെഫ് ബെസോസ്; വിറ്റത് ആമസോണിലെ 18,000 കോടി രൂപയുടെ ഓഹരികള്‍

സിയാറ്റില്‍: ലോകത്തെ ഏറ്റവും സമ്പന്നനാണ് ജെഫ് ബെസോസ്. ഇ-കൊമേഴ്‌സ് വിപ്ലവം തീര്‍ത്ത ആമസോണിന്റെ സ്ഥാപകന്‍ എന്നാല്‍ ഇപ്പോള്‍ സ്വന്തം കമ്പനിയില്‍ തനിക്കുള്ള ഓഹരികള്‍ അതിവേഗം വിറ്റഴിക്കുകയാണ്. ഏകദേശം 18,000 കോടി രൂപയുടെ ഓഹരിയാണ് ബെസോസ് ഇപ്പോള്‍ വിറ്റിരിക്കുന്നത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് അദ്ദേഹം ആമസോണിലെ തന്റെ കുറച്ച് ഓഹരികള്‍ വിറ്റിരുന്നു. ഇതോടെ ഇക്കഴിഞ്ഞ ആഴ്ച്ച മാത്രം വിറ്റ ഓഹരികളുടെ മൂല്യം ഏകദേശം അഞ്ച് ബില്യണ്‍ ഡോളര്‍ വരും.   

യുഎസ് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് കമ്മീഷന്റെ പക്കലുള്ള വിവരങ്ങള്‍ പ്രകാരം ജെഫ് ബെസോസ് ആമസോണിലുള്ള തന്റെ 739,032 ഓഹരികളാണ് കഴിഞ്ഞ ദിവസം വിറ്റത്. ആമസോണിലെ തന്റെ ഓഹരികളില്‍ രണ്ട് ദശലക്ഷത്തോളം ഓഹരികള്‍ വില്‍ക്കാന്‍ പദ്ധതിയുണ്ടെന്നായിരുന്നു ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ബെസോസ് പറഞ്ഞത്.

ഇപ്പോഴും ആമസോണില്‍ ബെസോസിന് 10 ശതമാനത്തിലധികം ഓഹരിയുണ്ട്. ലോകത്തെ ശതകോടീശ്വരസമ്പന്നരില്‍ ഒന്നാം സ്ഥാനക്കാരനായ ബെസോസിന്റെ മൊത്തം സമ്പത്ത് 192.1 ബില്യണ്‍ ഡോളറാണ്. 1997ലാണ് ആമസോണ്‍ ലിസ്റ്റ് ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷം മാത്രം 10 ബില്യണ്‍ ഡോളര്‍ മൂല്യം വരുന്ന ഓഹരികളാണ് ബെസോസ് വിറ്റത്. കോവിഡ് മഹാമാരിയില്‍ ഓണ്‍ലൈന്‍ ഷോപ്പിംഗിന്റെ പ്രസക്തി വര്‍ധിച്ചതോടെ കഴിഞ്ഞ വര്‍ഷം ആമസോണിന്റെ ഓഹരിവിലയിലുണ്ടായത് 76 ശതമാനത്തിന്റെ വര്‍ധനയാണ്.

Related Articles

© 2025 Financial Views. All Rights Reserved