
മൂന്നാംഘട്ടമായി പുറത്തിറക്കുന്ന ഭാരത് ബോണ്ട് ഇടിഎഫില്‍ ഡിസംബര്‍ മൂന്നുമുതല്‍ ഒമ്പതുവരെ നിക്ഷേപിക്കാം. പൊതുമേഖല സ്ഥാപനങ്ങളുടെ ഉയര്‍ന്ന റേറ്റിങ്(ട്രിപ്പിള്‍ എ)ഉള്ള കടപ്പത്രങ്ങളിലാണ് ഇടിഎഫ് നിക്ഷേപം നടത്തുക. 1000 കോടി രൂപയാണ് സമാഹരിക്കാന്‍ ലക്ഷ്യമിട്ടിട്ടുള്ളത്. അപേക്ഷകള്‍ക്കനുസരിച്ച് തുക വര്‍ധിപ്പിച്ചേക്കാം. 2021 ഒക്ടോബര്‍ 31പ്രകാരം 36,359 കോടി രൂപയാണ് ഭാരത് ബോണ്ട് ഇടിഎഫിന്റെ മൊത്തം ആസ്തി.
ഡെറ്റ് ഉപകരണങ്ങളില്‍ നിക്ഷേപിക്കുന്ന ഫിക്സ്ഡ് മെച്യൂരിറ്റി പ്ലാനാണിത്. 2031 ഏപ്രില്‍ 15നാണ് കാലാവധിയെത്തുക. എന്‍എസ്ഇയിലാകും ബോണ്ട് ലിസറ്റ്ചെയ്യുക. 2031വരെ കാലാവധിയുണ്ടെങ്കിലും എക്സ്ചേഞ്ചുവഴി എപ്പോള്‍വേണമെങ്കിലും നിക്ഷേപം പിന്‍വലിക്കാന്‍ കഴിയും. ഫണ്ട് കൈകാര്യം ചെയ്യുന്നതിന് ചെറിയ തുകയാണ് ചെലവിനത്തില്‍ ഈടാക്കുക. അതായത് പ്രതിവര്‍ഷം 0.0005 ശതമാനം മാത്രം. രണ്ടുലക്ഷം രൂപയുടെ നിക്ഷേപത്തന്മേല്‍ ചെലവിനത്തില്‍ വരുന്ന പരമാവധി ബാധ്യത ഒരു രൂപ മാത്രമാണ്. സര്‍ക്കാരിനുവേണ്ടി ഈഡെല്‍വെയ്സ് മ്യൂച്വല്‍ ഫണ്ടാണ് ബോണ്ട് കൈകാര്യം ചെയ്യുക.
കാലാവധി പൂര്‍ത്തിയാകുമ്പോള്‍ നികുതികിഴിച്ച് 6.87 ശതമാനമാകും ആദായം ലഭിക്കുക. ബാങ്ക് നിക്ഷേപത്തെ അപേക്ഷിച്ച് ആകര്‍ഷകമാണ് ആദായം. 1000 രൂപയാണ് മിനിമം നിക്ഷേപം. നെറ്റ് ബാങ്കിങ്, യുപിഐ തുടങ്ങിയവ വഴി ഓണ്‍ലൈനായി നിക്ഷേപം നടത്താന്‍ അവസരമുണ്ട്. ഇന്ത്യന്‍ റെയില്‍വെ ഫിനാന്‍സ് കോര്‍പറേഷന്‍, പവര്‍ ഫിനാന്‍സ് കോര്‍പറേഷന്‍, പവര്‍ഗ്രിഡ് കോര്‍പറേഷന്‍, എന്‍ടിപിസി, നബാര്‍ഡ്, എക്സ്പോര്‍ട്ട് ഇംപോര്‍ട്ട് ബാങ്ക് ഓഫ് ഇന്ത്യ, എന്‍എച്ച്പിസി, ന്യൂക്ലിയര്‍ പവര്‍ കോര്‍പറേഷന്‍ ഓഫ് ഇന്ത്യ തുടങ്ങിയ പൊതുമേഖല സ്ഥാപനങ്ങളുടെ കടപ്പത്രങ്ങളിലാണ് ഇടിഎഫ് നിക്ഷേപം നടത്തുക.