
പ്രൊമോട്ടര്‍മാര്‍ വന്‍തോതില്‍ ഓഹരി കയ്യൊഴിഞ്ഞതിനെ തുടര്‍ന്ന് ഭാരതി എയര്‍ടെലിന്റെ ഓഹരി വില 5.80 ശതമാനം ഇടിഞ്ഞ് 558 രൂപ നിലവാരത്തിലെത്തി. കമ്പനിയുടെ 155.71 മില്യണ്‍(2.85ശതമാനം) ഓഹരികളാണ് വിറ്റത്. ഓപ്പണ്‍ മാര്‍ക്കറ്റ് ഡീലിലൂടെയാണ് ഈ ബ്ലോക്ക് ഇടപാട് നടന്നത്. ആരാണ് ഓഹരികള്‍ വാങ്ങിയതെന്നത് സംബന്ധിച്ച് വിവരം ലഭ്യമായിട്ടില്ല.
കടബാധ്യത കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ഓഹരി വില്പനയെന്നാണ് സൂചന. 593.20 രൂപയിലാണ് വെള്ളിയാഴ്ച കമ്പനിയുടെ ഓഹരി വില ക്ലോസ് ചെയ്തത്. അവകാശ ഓഹരി വില്പനയിലൂടെ കമ്പനി നേരത്തെ 25,000 കോടി രൂപയും നിക്ഷേപ സ്ഥാനങ്ങളില്‍നിന്ന് ക്യുഐപിവഴി 22,000 കോടിയും ഭാരതി എയര്‍ടെല്‍ സമാഹരിച്ചിരുന്നു. ഭാരതി ടെലികോം ഇന്ത്യന്‍ കോണ്ടിനന്റ് ഇന്‍വെസ്റ്റുമെന്റ്, വിറിഡിയന്‍ ലിമിറ്റഡ്, പാസ്റ്റല്‍ ലിമിറ്റഡ് എന്നിവരാണ് കമ്പനിയുടെ പ്രധാന പ്രൊമോട്ടര്‍മാര്‍.