
ഭാരതി എയര്‍ടെല്‍ ലിമിറ്റഡിനും വൊഡാഫോണ്‍ ഐഡിയ ലിമിറ്റഡിനും മേയ് മാസത്തില്‍ നഷ്ടമായത് 47 ലക്ഷം വീതം വയര്‍ലെസ് വരിക്കാരെ. അതേസമയം റിലയന്‍സ് ജിയോ ഇന്‍ഫോകോം ലിമിറ്റഡിന് അതേ മാസം 37 ലക്ഷം പുതിയ വരിക്കാരെ ലഭിക്കുകയും ചെയ്തു. ടെലികോം റെഗുലേറ്ററി അഥോറിറ്റി ഓഫ് ഇന്ത്യയുടെ കണക്കു പ്രകാരമാണിത്. മേയ് മാസത്തില്‍, ടുജി, ത്രീജി, 4ജി ഉപയോക്താക്കളുടെ എണ്ണത്തില്‍ 0.5 ശതമാനം വര്‍ധനയാണ് രാജ്യത്ത് ഉണ്ടായിരിക്കുന്നത്.
ലോക്ക് ഡൗണിനെ തുടര്‍ന്ന് നഗരങ്ങളില്‍ നിന്ന് തൊഴിലാളികടക്കമുള്ളവര്‍ ഗ്രാമീണ മേഖലകളിലേക്ക് മടങ്ങിയതാണ് ഈ കുറവിന് കാരണമെന്നാണ് നിഗമനം. മേയ് മാസത്തില്‍ വയര്‍ലെസ് വരിക്കാരുടെ എണ്ണം 56.1 ലക്ഷം കുറഞ്ഞുവെന്നാണ് ട്രായ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. നഗരപ്രദേശങ്ങളിലെ വരിക്കാരുടെ എണ്ണം ഏപ്രിലിലെ 62.9 കോടിയില്‍ നിന്ന് മേയ് ആയപ്പോള്‍ 62 കോടിയായാണ് കുറഞ്ഞത്. അതേസമയം ഗ്രാമീണ മേഖലയില്‍ 52 കോടിയുണ്ടായിരുന്നത് 52.3 കോടിയായി വര്‍ധിക്കുകയും ചെയ്തു. 0.70 ശതമാനം പ്രതിമാസ വളര്‍ച്ചയാണ് ഗ്രാമീണ മേഖലയില്‍ കാണുന്നത്.
ഏപ്രില്‍ മാസത്തിലും വരിക്കാരുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തിയിരുന്നു. 82 ലക്ഷം പേരെയാണ് അന്ന് വിവിധ കമ്പനികള്‍ക്ക് നഷ്ടമായത്. ആളുകള്‍ നഗരപ്രദേശങ്ങളില്‍ നിന്ന് വിട്ടുപോയതിനു പുറമേ തൊഴില്‍ നഷ്ടവും, വിവിധ സിം കാര്‍ഡുകള്‍ ഒരേസമയം ഉപയോഗിച്ചിരുന്നവര്‍ ആ ശീലം ഉപേക്ഷിച്ചതുമൊക്കെ ഇടിവിന് കാരണമായി.
ജിയോ മാത്രമല്ല, ബിഎസ്എന്‍എല്ലിനും വരിക്കാരെ കൂടുതലായി ലഭിച്ചുവെന്ന പ്രത്യേകതയുമുണ്ട്. മേയ് മാസത്തില്‍ 2.02 ലക്ഷം വരിക്കാരാണ് പൊതുമേഖലാ സ്ഥാപനമായ ബിഎസ്എന്‍എല്ലിന് കൂടുതലായി ലഭിച്ചത്.
ലാന്‍ഡ്ലൈന്‍ വരിക്കാരുടെ എണ്ണത്തിലും കുറവുണ്ടായി. ഏപ്രിലില്‍ ഉണ്ടായിരുന്ന 1.99 കോടി വരിക്കാരില്‍ നിന്ന് 1.97 വരിക്കാരായാണ് മേയില്‍ കുറഞ്ഞത്.