
ന്യൂഡല്‍ഹി: വീണ്ടും നിരക്ക് വര്‍ധന വേണ്ടിവരുമെന്ന് സൂചന നല്‍കി ഭാരതി എയര്‍ടെല്‍ സിഇഒ ഗോപാല്‍ വിറ്റല്‍. കമ്പനിക്ക് ഒരു ഉപഭോക്താവില്‍ നിന്നുള്ള ശരാശരി വരുമാനം 200 രൂപയിലേക്കും തുടര്‍ന്ന് 300 രൂപയിലേക്കും വര്‍ധിച്ചാല്‍ മാത്രമേ ഒരു സുസ്ഥിര വികസന മാതൃകയായി വിലയിരുത്താനാവൂ എന്ന് വിറ്റല്‍ പറഞ്ഞു.
രാജ്യത്തെ മുന്‍നിര ടെലികോം കമ്പനിയായ എയര്‍ടെല്‍ വന്‍ പ്രതിസന്ധിയിലെന്ന് റിപ്പോര്‍ട്ട്. നടപ്പ് സാമ്പത്തിക വര്‍ഷത്തെ ആദ്യ പാദത്തിലെ റിപ്പോര്‍ട്ട് പ്രകാരം എയര്‍ടെല്ലിന്റെ അറ്റനഷ്ടം ഏകദേശം 15,933 കോടി രൂപയാണ്. പതിനഞ്ച് വര്‍ഷത്തിനിടെ ഇത് ആദ്യമായാണ് എയര്‍ടെല്ലിന് ഇത്രയും വലിയ തിരിച്ചടി നേരിടുന്നത്. കഴിഞ്ഞ വര്‍ഷം ഇക്കാലയളവില്‍ ഇത് 2,866 കോടി രൂപയായിരുന്നു. ഇതിനിടെ കമ്പനിയുടെ മൊത്തം കടം 1.1 ലക്ഷം കോടി രൂപയായി.
ക്രമീകരിച്ച മൊത്ത വരുമാനം (എജിആര്‍) അടയ്ക്കല്‍ വ്യവസ്ഥകള്‍ കാരണമാണ് എയര്‍ടെല്‍ വന്‍ നഷ്ടത്തിലായത്. ഒന്നാം പാദത്തിലെ നഷ്ട റിപ്പോര്‍ട്ട് പുറത്തുവന്നതിനെത്തുടര്‍ന്ന് ഭാരതി എയര്‍ടെല്ലിന്റെ ഓഹരി വില വ്യാഴാഴ്ചത്തെ വ്യാപാരത്തില്‍ 4 ശതമാനത്തിലധികം ഇടിഞ്ഞു. ഭാരതി എയര്‍ടെല്‍ ഓഹരി വില 4.05 ശതമാനം ഇടിഞ്ഞ് 543.40 രൂപയായി. ബിഎസ്ഇയില്‍ 566.35 രൂപയായിരുന്നു ക്ലോസ്. പിന്നീട് ഓഹരി 2.38 ശതമാനം ഇടിഞ്ഞ് 13.50 രൂപ കുറഞ്ഞ് 552.85 രൂപയിലെത്തി.
എയര്‍ടെല്ലിന്റെ ഏകീകൃത വരുമാനം 15.4 ശതമാനം ഉയര്‍ന്ന് 23,939 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ഒന്നാം പാദത്തില്‍ ഇത് 20,737.90 കോടി രൂപയായിരുന്നു. ഉയര്‍ന്ന ഡേറ്റയും വോയ്‌സ് ഉപഭോഗവും രേഖപ്പെടുത്തിയിട്ടും ലാഭകരമായി മുന്നേറുന്നതില്‍ എയര്‍ടെല്‍ പരാജയപ്പെട്ടു.
രാജ്യത്തെ മൊബൈല്‍ സര്‍വീസുകളില്‍ നിന്നുള്ള കമ്പനിയുടെ ശരാശരി വരുമാനം ഒരു ഉപയോക്താവില്‍ നിന്ന് പ്രതിമാസം 157 രൂപയാണ്. ഇത് മാര്‍ച്ച് പാദത്തിലെ 154 രൂപയേക്കാള്‍ അല്‍പം കൂടുതലാണ്. 4 ജി ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് എയര്‍ടെലിന് നിരക്കുകള്‍ വര്‍ധിപ്പിക്കാന്‍ കഴിഞ്ഞു. മാത്രമല്ല ഇപ്പോള്‍ മുഖ്യ എതിരാളികളായ റിലയന്‍സ് ജിയോയേക്കാളും ഉയര്‍ന്ന എആര്‍പിയു ഉണ്ട്. ജിയോയുടെ കഴിഞ്ഞ പാദത്തിലെ ആര്‍പു 130.6 രൂപയാണ്.
ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവിലെ കണക്കുകള്‍ പ്രകാരം 4 ജി ഉപഭോക്താക്കളുടെ എണ്ണം 138.3 ദശലക്ഷമാണ്. ഈ കാലയളവില്‍ 20 ലക്ഷം 4ജി വരിക്കാരെ മാത്രമാണ് എയര്‍ടെലിന് നേടാനായത്. ഏപ്രിലില്‍, മേയ് മാസങ്ങളില്‍ കോവിഡുമായി ബന്ധപ്പെട്ടാണ് വരിക്കാരുടെ എണ്ണം കുറഞ്ഞത്. മിക്ക ജീവനക്കാരും വീട്ടില്‍ നിന്ന് ജോലിചെയ്യാന്‍ തുടങ്ങിയതോടെ ഓരോ വരിക്കാരന്റെയും ഡേറ്റ ഉപയോഗം പ്രതിമാസം 16.3 ജിബി എന്ന ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. 73 ശതമാനം വര്‍ധനയാണ് ഇത് കാണിക്കുന്നത്.
കോവിഡ് മൂലമുണ്ടായ അഭൂതപൂര്‍വമായ പ്രതിസന്ധിയിലൂടെയാണ് ഞങ്ങള്‍ കടന്നുപോകുന്നത്. ഇതൊക്കെയാണെങ്കിലും, ഞങ്ങളുടെ ടീമുകള്‍ രാജ്യത്തിന് മികച്ച സേവനം നല്‍കുകയും ഉപഭോക്താക്കളെ ബന്ധിപ്പിക്കുകയും ചെയ്യുന്നു. ഉപകരണ ഇക്കോ സിസ്റ്റത്തിലെ സപ്ലൈ ചെയിന്‍ ആഘാതം മൂലം 4 ജി നെറ്റ് വരിക്കാരെ ചേര്‍ക്കുന്നത് 20 ലക്ഷമായി കുറഞ്ഞു. എങ്കിലും ഡേറ്റാ ട്രാഫിക് വളര്‍ച്ച 73 ശതമാനം വര്‍ധിച്ചുവെന്നും ഭാരതി എയര്‍ടെല്ലിന്റെ ഇന്ത്യയുടെയും ദക്ഷിണേഷ്യയുടെയും ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ ഗോപാല്‍ വിറ്റാല്‍ പറഞ്ഞു.