ടെലികോം താരിഫ് വര്‍ദ്ധന അനിവാര്യമെന്ന് ഭാരതി എയര്‍ടെല്‍ ചെയര്‍മാന്‍ സുനില്‍ മിത്തല്‍

November 23, 2020 |
|
News

                  ടെലികോം താരിഫ് വര്‍ദ്ധന അനിവാര്യമെന്ന് ഭാരതി എയര്‍ടെല്‍ ചെയര്‍മാന്‍ സുനില്‍ മിത്തല്‍

നിലവിലെ നിരക്കുകള്‍ സുസ്ഥിരമല്ലെന്നും ടെലികോം താരിഫ് വര്‍ദ്ധനവ് ആവശ്യമാണെന്നും ഭാരതി എയര്‍ടെല്‍ ചെയര്‍മാന്‍ സുനില്‍ മിത്തല്‍ പറഞ്ഞു. ചൈനീസ് ടെലികോം ഉപകരണ വില്‍പ്പനക്കാരെ 5 ജി നെറ്റ്വര്‍ക്കുകളില്‍ പങ്കെടുക്കാന്‍ അനുവദിക്കുമോ ഇല്ലയോ എന്ന വിഷയത്തില്‍ രാജ്യം തീരുമാനിക്കുന്നത് എല്ലാവരും അനുസരിക്കുെമന്നും മിത്തല്‍ പറഞ്ഞു.

താരിഫുകളെ സംബന്ധിച്ചിടത്തോളം കമ്പനി ഇതിനകം തന്നെ ഈ വിഷയത്തില്‍ വ്യക്തമായ നിലപാട് സ്വീകരിച്ചിട്ടുണ്ടെന്നും താരിഫ് വര്‍ദ്ധിപ്പിക്കേണ്ടതുണ്ടെന്ന ഉറച്ച നിലപാടാണ് എയര്‍ടെല്ലിനെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ താരിഫുകള്‍ സുസ്ഥിരമല്ലെന്നും വ്യവസായം മുന്നോട്ട് നീങ്ങുന്നതിന് നിരക്ക് വര്‍ദ്ധനവ് അനിവാര്യമാണെന്നും മിത്തല്‍ ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

വ്യവസായത്തിന് ചില ഘട്ടങ്ങളില്‍ താരിഫ് വര്‍ദ്ധനവ് ആവശ്യമാണ്. നിരക്ക് വര്‍ദ്ധനവ് വിപണി സാഹചര്യങ്ങള്‍ക്ക് അനുസരിച്ചാണെന്നും മിത്തല്‍ പറഞ്ഞു. ഈ വര്‍ഷം ഓഗസ്റ്റില്‍ 160 രൂപയ്ക്ക് 16 ജിബി ഡാറ്റ ഉപഭോഗം ഒരു ദുരന്തമാണെന്ന് മിത്തല്‍ വിശേഷിപ്പിച്ചിരുന്നു. ഒരു ഉപയോക്താവില്‍ നിന്നുള്ള ശരാശരി വരുമാനം (എആര്‍പിയു) ആദ്യം 200 രൂപയായും ലാഭകരമായ വ്യവസായത്തിന് പിന്നീട് 300 രൂപയായും വില ഉയര്‍ത്തണമെന്നാണ് കമ്പനി വിലയിരുത്തല്‍.

ഭാരതി എയര്‍ടെല്ലിന്റെ മൊബൈല്‍ എആര്‍പിയു സെപ്റ്റംബര്‍ പാദത്തില്‍ 162 രൂപയായിരുന്നു. രണ്ടാം പാദത്തില്‍ 128 രൂപയില്‍ നിന്ന് 157 രൂപയായി ഉയര്‍ന്നു. ടെലികോം ഒരു ഉയര്‍ന്ന മൂലധനം ആവശ്യമായ വ്യവസായമായതിനാല്‍ നെറ്റ്വര്‍ക്കുകള്‍, സ്‌പെക്ട്രം, ടവറുകള്‍, സാങ്കേതികവിദ്യ എന്നിവയിലേക്ക് സ്ഥിരമായ നിക്ഷേപം ആവശ്യമാണെന്ന് ഭാരതി ഗ്രൂപ്പ് മേധാവി പറഞ്ഞു. ടെലികോം വ്യവസായത്തിന് കോടി കണക്കിന് പണം ആവശ്യമാണെന്നും ഇത് തുടര്‍ച്ചയായി നിക്ഷേപം നടത്തേണ്ട വ്യവസായമാണെന്നും മിത്തല്‍ പറഞ്ഞു.

സ്റ്റീല്‍ അല്ലെങ്കില്‍ പവര്‍ പ്ലാന്റുകള്‍ അല്ലെങ്കില്‍ റിഫൈനറികള്‍ സ്ഥാപിക്കുന്നതില്‍ നിന്ന് വ്യത്യസ്തമായി, ടെലികോം മേഖലയ്ക്ക് തുടര്‍ച്ചയായി മൂലധന നിക്ഷേപം ആവശ്യമാണ്. പുതിയ സാങ്കേതികവിദ്യ, കൂടുതല്‍ കവറേജ്, കൂടുതല്‍ ശേഷി എന്നിവ നേടുന്നതിന് ഓരോ വര്‍ഷവും കോടിക്കണക്കിന് രൂപ പുതുതായി ചെലവഴിക്കേണ്ടതുണ്ടെന്ന് അദ്ദേഹം വിശദീകരിച്ചു. ടെലികോം നയവും പുതിയ ഡിജിറ്റല്‍ കമ്മ്യൂണിക്കേഷന്‍ നയവും വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന് സഹായകമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സര്‍ക്കാരിന് എജിആര്‍ കുടിശ്ശിക ഇനത്തില്‍ എയര്‍ടെല്‍ ഇതിനകം 18,000 കോടി രൂപ നല്‍കിയിട്ടുണ്ടെന്ന് മിത്തല്‍ ചൂണ്ടിക്കാട്ടി. 5 ജി സ്‌പെക്ട്രം വില താങ്ങാനാവില്ലെന്നും മിത്തല്‍ പറഞ്ഞു. ഇന്ത്യയ്ക്ക് ഇനിയും സമയമുണ്ടെന്നും യുകെ, യുഎസ് പോലുള്ള രാജ്യങ്ങളില്‍ പോലും 5 ജി കവറേജ് ഇപ്പോഴും വളരെ വിരളമാണെന്നും അദ്ദേഹം പറഞ്ഞു.

Related Articles

© 2024 Financial Views. All Rights Reserved