
ഭാരതി എയര്‍ടെല്‍ ഡിസംബര്‍ പാദത്തിലെ സാമ്പത്തിക ഫലം പുറത്തുവിട്ടു. ഒക്ടോബര്‍ - ഡിസംബര്‍ കാലത്ത് 853.6 കോടി രൂപ അറ്റാദായമാണ് എയര്‍ടെല്‍ കുറിച്ചത്. കൃത്യം ഒരു വര്‍ഷം മുന്‍പ് ഇതേ കാലത്ത് 1,035 കോടി രൂപയുടെ നഷ്ടമായിരുന്നു കമ്പനി നേരിട്ടിരുന്നതും. നടപ്പു സാമ്പത്തികവര്‍ഷം സെപ്തംബര്‍ പാദത്തിലും നഷ്ടത്തിലായിരുന്നു എയര്‍ടെലിന്റെ കച്ചവടം. അന്ന് 763 കോടി രൂപ നഷ്ടം കമ്പനിക്ക് സംഭവിച്ചു. എന്തായാലും മൂന്നാം പാദത്തില്‍ ചിത്രം മാറിമറിഞ്ഞു.
കമ്പനിയുടെ ചരിത്രത്തിലെ എക്കാലത്തേയും ഉയര്‍ന്ന സംയോജിത പാദ വരുമാനമാണ് കഴിഞ്ഞവര്‍ഷം ഡിസംബറിലേത്. പ്രവര്‍ത്തന വരുമാനം 24 ശതമാനം വര്‍ധിച്ച് 26,518 കോടി രൂപയിലെത്തി. ഒരു വര്‍ഷം മുന്‍പ് 21,343 കോടി രൂപയായിരുന്നു ഇത്. നടപ്പു സാമ്പത്തികവര്‍ഷം സെപ്തംബര്‍ പാദത്തിലെ കണക്ക് നോക്കിയാല്‍ പ്രവര്‍ത്തന വരുമാനം 25,060 കോടി രൂപ തൊട്ടത് കാണാം. എയര്‍ടെലിന്റെ ഇന്ത്യയിലെ ബിസിനസ് കാര്യമായി 'പച്ച പിടിച്ചിട്ടുണ്ട്'. കമ്പനിയുടെ മൊത്തം വരുമാനത്തില്‍ 19,007 കോടി രൂപ ഇന്ത്യയില്‍ നിന്നുള്ള സംഭാവനയാണ്. വാര്‍ഷികാടിസ്ഥാനത്തിലുള്ള ഇന്ത്യയിലെ ബിസിനസ് വളര്‍ച്ച 25.1 ശതമാനം. മൊബൈല്‍ സേവനങ്ങളില്‍ നിന്നുള്ള വരുമാനത്തിലും 32.4 ശതമാനം വര്‍ധനവുണ്ടായിട്ടുണ്ട്.
എയര്‍ടെല്‍ കുറിച്ച നികുതിക്ക് മുന്‍പുള്ള പ്രവര്‍ത്തന വരുമാനം 12,178 കോടി രൂപയാണ്. മാര്‍ജിന്‍ ടാര്‍ഗറ്റ് 464 ബേസിസ് പോയിന്റ് മെച്ചപ്പെട്ട് 45.9 ശതമാനത്തില്‍ എത്തിനില്‍ക്കുന്നതായും ബിഎസ്ഇ ഫയലിങ്ങില്‍ എയര്‍ടെല്‍ അറിയിച്ചു. മൊബൈല്‍ ഉപയോക്താക്കളില്‍ നിന്നുള്ള പ്രതിശീര്‍ഷ വരുമാനത്തിന്റെ (എആര്‍പിയു) കാര്യത്തിലും കാര്യമായ പുരോഗതി കാണാം. 135 രൂപയില്‍ നിന്നും 166 രൂപയായി എയര്‍ടെലിന്റെ എആര്‍പിയു കൂടി. നിലവില്‍ റിലയന്‍സ് ജിയോയുമായി ഇഞ്ചോടിഞ്ചാണ് എയര്‍ടെലിന്റെ മത്സരം. രാജ്യത്ത് 5ജി സേവനങ്ങള്‍ ലഭ്യമാക്കാന്‍ ജിയോയ്ക്കൊപ്പം എയര്‍ടെലും മത്സരിക്കുന്നുണ്ട്. ഹൈദരാബാദിലെ വാണിജ്യ നെറ്റ്വര്‍ക്കില്‍ നടത്തിയ പരീക്ഷണത്തില്‍ അതിവേഗമാര്‍ന്ന പുതുതലമുറ 5ജി സേവനം വിജയകരമായി സമര്‍പ്പിക്കാനായെന്ന് ഭാരതി എയര്‍ടെല്‍ കഴിഞ്ഞവാരം വെളിപ്പെടുത്തിയിരുന്നു.
ബുധനാഴ്ച്ച സാമ്പത്തിക ഫലം മുന്‍നിര്‍ത്തി എയര്‍ടെല്‍ ഓഹരികള്‍ നേട്ടത്തിലാണ് വ്യാപാരം നടത്തിയത്. ബിഎസ്ഇ സെന്‍സെക്സ് സൂചികയില്‍ 3 ശതമാനം മുന്നേറ്റത്തോടെ 618.75 രൂപ എന്ന റെക്കോര്‍ഡ് നിലവാരം കണ്ടെത്താന്‍ എയര്‍ടെലിന് സാധിച്ചിരുന്നു. 611.70 രൂപയായിരുന്നു ഇതിന് മുന്‍പ് എയര്‍ടെല്‍ കുറിച്ച ഉയര്‍ന്ന നിലവാരം. ബുധനാഴ്ച്ച അവസാന മണി മുഴങ്ങുമ്പോള്‍ എയര്‍ടെല്‍ ഓഹരിയൊന്നിന് 608.8 രൂപ എന്ന നിലവാരം രേഖപ്പെടുത്തിയിട്ടുണ്ട്.