
ഇന്ത്യയിലെ രണ്ടാമത്തെ വലിയ ടെലികോം ഓപ്പറേറ്ററായ ഭാരതി എയര്‍ടെല്ലിന്റെ കണ്‍സോളിഡേറ്റഡ് അറ്റാദായം രണ്ട് മടങ്ങ് വര്‍ധിച്ച് 2,008 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 759 കോടി രൂപയായിരുന്നു അറ്റാദായം. 2021-22 സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍ എയര്‍ടെല്ലിന്റെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 22.3 ശതമാനം ഉയര്‍ന്ന് 31,500 കോടി രൂപയായി, മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 25,747 കോടി രൂപയായിരുന്നു.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം 15,084 കോടി രൂപയുടെ നഷ്ടത്തില്‍ നിന്ന് 4,255 കോടി രൂപയുടെ അറ്റാദായം 2022 സാമ്പത്തിക വര്‍ഷത്തില്‍ സുനില്‍ മിത്തലിന്റെ നേതൃത്വത്തിലുള്ള ടെലികോം കമ്പനി രേഖപ്പെടുത്തി. ഭാരതി എയര്‍ടെല്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം 100,616 കോടി രൂപയില്‍ നിന്ന് 2022 സാമ്പത്തിക വര്‍ഷത്തില്‍ 116,547 കോടി രൂപ വരുമാനം നേടി.
നല്ല ഉപഭോക്താക്കള്‍ക്കൊപ്പം വിജയിക്കുകയും അവര്‍ക്ക് മികച്ച അനുഭവം നല്‍കുകയും ചെയ്യുക എന്ന ലളിതമായ തന്ത്രത്തിലേക്ക് സ്ഥിരമായി പ്രവര്‍ത്തിക്കാനുള്ള തങ്ങളുടെ കഴിവും ഇന്‍ഫ്രാസ്ട്രക്ചറിലും ഡിജിറ്റല്‍ ശേഷിയിലും വന്‍തോതില്‍ നിക്ഷേപം നടത്തുന്ന തങ്ങളുടെ ബിസിനസ്സ് മോഡലും മൂലം കമ്പനി നല്ല സ്ഥിതിയിലാണെന്നും വരും വര്‍ഷങ്ങളിലെ അവസരങ്ങളെക്കുറിച്ച് ശുഭാപ്തിവിശ്വാസമുണ്ടെന്നും ഭാരതി എയര്‍ടെല്‍ ഇന്ത്യ, ദക്ഷിണേഷ്യ, സിഇഒ ഗോപാല്‍ വിറ്റല്‍ പറഞ്ഞു.