
മാര്‍ച്ച് അവസാനിച്ച പാദത്തില്‍ ഭാരതി എയര്‍ടെല്‍ 5,237 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തി. ഒരു വര്‍ഷം മുമ്പ് ഇതേ കാലയളവില്‍ 107.2 കോടി രൂപ അറ്റാദായം നേടിയിരുന്നു രാജ്യത്തെ മൂന്നാമത്തെ വലിയ ടെലികോം ഓപ്പറേറ്ററായ ഭാരതി എയര്‍ടെല്‍.സുപ്രീം കോടതി വിധിയേത്തുടര്‍ന്ന് 5,642 കോടി രൂപയുടെ സ്പെക്ട്രം ചാര്‍ജ് കുടിശിക അടയ്ക്കേണ്ടിവരുന്നതാണ് വന്‍ നഷ്ടത്തിനു കാരണം.
പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 2019-20 സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍ 23,722.7 കോടി രൂപയായി ഉയര്‍ന്നു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 15.15 ശതമാനം വര്‍ധന. മാര്‍ച്ച് 31 ന് അവസാനിച്ച പാദത്തില്‍ ഒരു ഉപയോക്താവില്‍നിന്നുള്ള ശരാശരി വരുമാനം 154 രൂപയാണെന്ന് ഭാരതി എയര്‍ടെല്‍ പറഞ്ഞു, 2018-19 നാലാം പാദത്തില്‍ ഇത് 123 രൂപയായിരുന്നു. കോവിഡ് -19 ആഘാതം നേരിടാനുള്ള ശ്രമത്തിലാണ് കമ്പനിയെന്ന് ഭാരതി എയര്‍ടെല്‍ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ഗോപാല്‍ വിറ്റല്‍ പറഞ്ഞു.
എയര്‍ടെല്ലും മൊബൈല്‍ ഫോണ്‍ നിര്‍മാതാക്കളായ നോക്കിയയും തമ്മില്‍ 7,500 കോടി രൂപയുടെ കരാര്‍ കഴിഞ്ഞ മാസം ഒപ്പിട്ടു. എയര്‍ടെല്‍ മൊബൈല്‍ 4 ജി നെറ്റ്വര്‍ക്കിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനുള്ളതാണ് കരാര്‍. 5 ജി സേവനങ്ങള്‍ കൂടെ മുന്നില്‍ കണ്ടു കൊണ്ടുള്ളതാണ് കരാര്‍.ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ രാജ്യത്തെ ഡാറ്റ ഉപഭോഗം വര്‍ധിച്ചിരുന്നു. ലോകത്തിലെ തന്നെ രണ്ടാമത്തെ വലിയ ടെലികോം വിപണിയാണ് രാജ്യത്തേത്.
2025-ഓടെ രാജ്യത്തെ മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കള്‍ 92 കോടിയോളം ആയി മാറുമെന്നാണ് കണക്കാക്കുന്നത്. 8.8 കോടിയോളം 5 ജി കണക്ഷനുകളും ഉണ്ടാകുമെന്നാണ് കരുതുന്നത്. ഈ അവസരം കൂടുതല്‍ വിനിയോഗിയ്ക്കുകയാണ് എയര്‍ടെല്ലിന്റെ ലക്ഷ്യം. ടെലികോം കമ്പനികളുടെ ഗ്രാമ പ്രദേശങ്ങളിലെ 4 ജി നെറ്റ്വര്‍ക്കുമായി ബന്ധപ്പെട്ട സപ്ലൈ ഡീലുകള്‍ ഏറ്റെടുക്കാന്‍ നോക്കിയ നേരത്തെ താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നു. 3ജി സേവന ഉപഭോക്താക്കളോട് 4ജിയിലേക്ക് അപ്ഗ്രേഡ് ചെയ്യാന്‍ നിര്‍ദേശിച്ച് എയര്‍ടെല്‍ അടുത്തിടെ 3 ജി സേവനങ്ങള്‍ അവസാനിപ്പിച്ചിരുന്നു. വോയിസ് സേവനങ്ങള്‍ മാത്രമാണ് 3 ജി ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ കമ്പനി ലഭ്യമാക്കുന്നത്.