ഒന്നാംപാദ അറ്റാദായത്തില്‍ 62 ശതമാനത്തിന്റെ ഇടിവ് നേരിട്ട് ഭാരതി എയര്‍ടെല്‍

August 04, 2021 |
|
News

                  ഒന്നാംപാദ അറ്റാദായത്തില്‍ 62 ശതമാനത്തിന്റെ ഇടിവ് നേരിട്ട് ഭാരതി എയര്‍ടെല്‍

രാജ്യത്തെ പ്രമുഖ ടെലികോം സേവനദാതാക്കളായ ഭാരതി എയര്‍ടെല്ലിന്റെ 2021-22 സാമ്പത്തിക വര്‍ഷത്തെ ഒന്നാംപാദ അറ്റാദായത്തില്‍ കുറവ്. 284 കോടി രൂപയുടെ അറ്റാദായമാണ് എയര്‍ടെല്ലിന് നേടാനായത്. കമ്പനി പ്രതീക്ഷിച്ചതിനേക്കാള്‍ കുറവാണിത്. കഴിഞ്ഞവര്‍ഷത്തെ കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ 62 ശതമാനത്തിന്റെ ഇടിവാണ്. 2020-21 സാമ്പത്തിക വര്‍ഷത്തെ ഒന്നാം പാദത്തില്‍ 759 കോടിയുടെ അറ്റാദായമായിരുന്നു കമ്പനി നേടിയിരുന്നത്. 26,854 കോടിയാണ് ജൂണില്‍ അവസാനിച്ച ത്രൈമാസത്തിലെ കമ്പനിയുടെ വരുമാനം.

അതേസമയം കമ്പനിയുടെ 4 ജി ഉപഭോക്താക്കളുടെ എണ്ണത്തില്‍ 4.61 കോടിയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. 18.44 കോടിയാണ് 4 ജി ഉപഭോക്താക്കളുടെ എണ്ണം. മൊത്തം ഉപഭോക്തൃ അടിത്തറയുടെ 57 ശതമാനമാണ്. കഴിഞ്ഞ പാദത്തില്‍ ഇന്ത്യന്‍ ഉപഭോക്തൃ അടിത്തറയില്‍ കമ്പനി 14.8 ശതമാനം വളര്‍ച്ച കൈവരിച്ചിട്ടുണ്ട്. ആഫ്രിക്കന്‍ വിപണിയുടെ ഉപഭോക്തൃ അടിത്തറ 8.4 ശതമാനം വളര്‍ച്ച നേടി.

എന്നിരുന്നാലും, ദക്ഷിണേഷ്യയിലെ ഉപഭോക്തൃ വളര്‍ച്ചാനിരക്കില്‍ 1.5 ശതമാനം കുറവുണ്ടായി. മൊത്തത്തില്‍, കമ്പനിയുടെ ഉപഭോക്തൃ അടിത്തറ 13 ശതമാനം വര്‍ധിച്ചിട്ടുണ്ട്. ഓരോ ഉപയോക്താവില്‍നിന്നുമുള്ള ശരാശരി വരുമാനം കഴിഞ്ഞ വര്‍ഷത്തെ ഇതേകാലയളവിലെ 138 രൂപയില്‍ നിന്ന് 146 രൂപയായി മെച്ചപ്പെട്ടു. ഓരോ ഉപഭോക്താവിന്റെയും പ്രതിമാസ മൊബൈല്‍ ഡാറ്റ ഉപഭോഗം 13.5 ശതമാനം വര്‍ധിച്ച് 18.5 ജിബിയായി.

Related Articles

© 2025 Financial Views. All Rights Reserved