ഭാരതി എയര്‍ടെല്‍ ഘാനയിലെ ബിസ്സിനസ്സ് അവസാനിപ്പിക്കുന്നു; 100 ശതമാനം ഓഹരികളും സര്‍ക്കാരിന് കൈമാറും

October 30, 2020 |
|
News

                  ഭാരതി എയര്‍ടെല്‍ ഘാനയിലെ ബിസ്സിനസ്സ് അവസാനിപ്പിക്കുന്നു; 100 ശതമാനം ഓഹരികളും സര്‍ക്കാരിന് കൈമാറും

ഭാരതി എയര്‍ടെല്‍ ലിമിറ്റഡ് ഘാനയിലെ ബിസ്സിനസ്സ് അവസാനിപ്പിക്കുന്നു. സുനില്‍ മിത്തലിന്റെ ഉടമസ്ഥതയിലുളള ടെലകോം കമ്പനിയായ എയര്‍ടെല്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. എയര്‍ടെല്‍ തങ്ങളുടെ നൂറ് ശതമാനം ഓഹരികളും ഘാന സര്‍ക്കാരിന് കൈമാറും എന്നാണ് അറിയിച്ചിരിക്കുന്നത്.

1841 മില്യണ്‍ അഥവാ 184 കോടി രൂപയ്ക്കാണ് എയര്‍ടെല്‍ ഓഹരികള്‍ സര്‍ക്കാരിന് കൈമാറുക. എയര്‍ടെല്ലിന്റെ ഘാനയിലെ യൂണിറ്റ് ആയ എയര്‍ടെല്‍ ടിഗോയും ഘാന സര്‍ക്കാരും തമ്മില്‍ ഈ കൈമാറ്റ കരാര്‍ സംബന്ധിച്ചുളള അന്തിമ ഘട്ടത്തിലാണ് എന്നും കമ്പനി വ്യക്തമാക്കുന്നു. ഘാനയിലെ എയര്‍ടെല്‍ ടിഗോയുടെ ഉടമസ്ഥത എയര്‍ടെല്ലിനും ദക്ഷിണാഫ്രിക്കന്‍ കമ്പനിയായ മില്ലികോം ഇന്റര്‍നാഷണല്‍ സെല്ലുലാറിനുമാണ്. ഇന്ത്യയിലെ രണ്ടാമത്തെ വലിയ ടെലകോം കമ്പനിയായ എയര്‍ടെല്ലിന് 49.95 ശതമാനം ഓഹരി പങ്കാളിത്തമാണ് എയര്‍ടെല്‍ ടിഗോയിലുളളത്. ഓഹരി കൈമാറ്റത്തിനുളള തീരുമാനം ചൊവ്വാഴ്ച ഭാരതി എയര്‍ടെല്‍ ബോര്‍ഡ് അംഗീകരിച്ചു.

ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ എയര്‍ടെല്ലിന്റെ ആഫ്രിക്കയിലെ യൂണിറ്റ് ആയ എയര്‍ടെല്‍ നെറ്റ്വര്‍ക്ക്സ് കെനിയ ലിമിറ്റഡ്, ടെലകോം കെനിയ ലിമിറ്റഡുമായി ലയിക്കാനുളള തീരുമാനത്തില്‍ നിന്നും പിന്‍വാങ്ങിയിരുന്നു. ഈ ഇടപാടിനുളള റെഗുലേറ്ററി അനുമതികള്‍ ലഭിക്കുന്നതിനുളള തടസ്സങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു എയര്‍ടെലിന്റെ പിന്മാറ്റം.

2019 ഫെബ്രുവരിയില്‍ ആണ് കെനിയയിലെ ഏറ്റവും ചെറിയ ടെലകോം ഓപ്പറേറ്റര്‍ ആയ ടെലകോം കെനിയയുമായുളള ഇടപാട് എയര്‍ടെല്‍ പ്രഖ്യാപിച്ചത്. ഭാരതി എയര്‍ടെലിന്റെ 14 രാജ്യങ്ങളിലുളള പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് എയര്‍ടെല്‍ ആഫ്രിക്കയാണ്. കമ്പനിയുടെ ആകെ ലാഭത്തിന്റെ പകുതിയോളം വരുന്നത് നൈജീരിയയില്‍ നിന്ന് മാത്രമാണ്.

Related Articles

© 2024 Financial Views. All Rights Reserved