
ന്യൂഡല്‍ഹി: യുപിഐ പേയ്‌മെന്റ് ആപ്പായ ഭീം ഇനി ഭൂട്ടാനിലും. കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമനും ഭൂട്ടാന്‍ ധനമന്ത്രി ല്യോന്‍പോ നംഗെ ഷേറിംഗും സംയുക്തമായിട്ടാണ് ഭൂട്ടാനിലെ ഭീം-യുപിഐ സേവനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. വിര്‍ച്വല്‍ ആയിട്ടായിരുന്നു ഇന്ത്യയുടെ ധനമന്ത്രി പരിപാടിയില്‍ പങ്കെടുത്തത്. അയല്‍ രാജ്യങ്ങള്‍ക്ക് പ്രഥമ പരിഗണന എന്ന ഇന്ത്യയുടെ നയപ്രകാരമാണ് ഭൂട്ടാനില്‍ സേവനങ്ങള്‍ ആരംഭിച്ചതെന്ന് ചടങ്ങില്‍ സംസാരിക്കവെ നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.
കഴിഞ്ഞ 5 വര്‍ഷത്തിനിടയില്‍ 100 ദശലക്ഷത്തിലധികം യുപിഐ ക്യുആര്‍ സേവനങ്ങള്‍ സൃഷ്ടിച്ച ഭീം യുപിഐ, കോവിഡ് -19 മഹാമാരിക്കാലത്ത് ഇന്ത്യയിലെ ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് നേട്ടമായെന്നും, 2020-21ല്‍ 41 ലക്ഷം കോടി രൂപ മൂല്യമുള്ള 22 ബില്യണ്‍ ഇടപാടുകള്‍ ഭീം യുപിഐ കൈകാര്യം ചെയ്തെന്നും ധനമന്ത്രി പറഞ്ഞു.
പ്രധാനമന്ത്രിയുടെ 2019ലെ ഭൂട്ടാന്‍ സന്ദര്‍ശന വേളയില്‍ ഇരു രാജ്യങ്ങളും ചേര്‍ന്നെടുത്ത തീരുമാനമാണ് ഇതോടെ പ്രാവര്‍ത്തികമായത്. സന്ദര്‍ശനത്തെത്തുടര്‍ന്നാണ് ഇന്ത്യയും ഭൂട്ടാനും പരസ്പരം റുപെ കാര്‍ഡുകള്‍ സ്വീകരിക്കാന്‍ തീരുമാനിച്ചത്. രണ്ടു ഘട്ടമായി തീരുമാനം പൂര്‍ണ്ണമായും നടപ്പിലാകും. ആദ്യ ഘട്ടമായി ഭൂട്ടാനില്‍ ഇന്ത്യന്‍ റുപെ കാര്‍ഡുകളും രണ്ടാം ഘട്ടത്തില്‍ തിരിച്ചും സ്വീകരിക്കാനാണ് പദ്ധതി.
ഭൂട്ടാനില്‍ ഭീം യുപിഐ സമാരംഭിക്കുന്നതോടെ, ഇരു രാജ്യങ്ങളുടെയും പേയ്മെന്റ് അടിസ്ഥാനസൗകര്യങ്ങള്‍ പരിധികളില്ലാത്ത വിധം പരസ്പര ബന്ധിതമാകും. ഓരോ വര്‍ഷവും ഭൂട്ടാന്‍ സന്ദര്‍ശിക്കുന്ന ധാരാളം ഇന്ത്യന്‍ വിനോദ സഞ്ചാരികള്‍ക്കും വ്യാപാരികള്‍ക്കും ഇത് ഗുണം ചെയ്യും. ഒരു സ്പര്‍ശനത്തിലൂടെയുള്ള പണരഹിത ഇടപാടുകള്‍ ജീവിതവും യാത്രകളും സുഗമമാക്കും. ക്യുആര്‍ വിന്യാസത്തിനായി യുപിഐ മാനദണ്ഡങ്ങള്‍ സ്വീകരിക്കുന്ന ആദ്യ വിദേശ രാജ്യമാണ് ഭൂട്ടാന്‍.