
ദില്ലി: ഡിജിറ്റല്‍ പണമിടപാട് സംവിധാനമായ ഫാസ്റ്റ്ടാഗ് ഞായറാഴ്ച മുതല്‍ ടോള്‍പ്ലാസകളില്‍ നിര്‍ബന്ധം. ടോള്‍പ്ലാസകളില്‍ ടോള്‍ പിരിവിന് ഫാസ്റ്റ്ടാഗ് നിര്‍ബന്ധമാക്കിയത് കേന്ദ്രഉപരിതല ഗതാഗതമന്ത്രാലയമാണ്. തൃശൂര്‍ ടോള്‍പ്ലാസയില്‍ നാളെ മുതല്‍ ഇത് നടപ്പാക്കില്ലെന്നും തീയതി ദീര്‍ഘിപ്പിച്ചുണ്ടെന്നും ജില്ലാകളക്ടര്‍ അറിയിച്ചു. ആദ്യം ഡിസംബര്‍ ഒന്നുമുതല്‍ നടപ്പാക്കുമെന്ന് അറിയിച്ചിരുന്നുവെങ്കിലും കാലാവധി ദീര്‍ഘിപ്പിക്കുകയായിരുന്നു. ടോള്‍പ്ലാസകള്‍ പുതിയ സംവിധാനത്തിലേക്ക് മാറുന്നതിനുള്ള ക്രമീകരണങ്ങള്‍ സജ്ജമാക്കുന്നതിന്റെ ഭാഗമായിരുന്നു തീരുമാനം. ഫാസ്റ്റ്ടാഗ് പതിപ്പിക്കാത്ത വാഹനങ്ങളില്‍ നിന്ന് ഇരട്ടിതുക ഈടാക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം.
ഇത്തരം വാഹനങ്ങള്‍ കടന്നുപോകാനായി പ്രത്യേക ട്രാക്കും ഒരുക്കും. ഡിജിറ്റല്‍ പണമിടപാട് പ്രോത്സാഹിപ്പിക്കാനും ടോള്‍ പ്ലാസകളിലെ വന്‍ ക്യൂ ഒഴിവാക്കാനുമാണ് ഫാസ്റ്റ്ടാഗ് നടപ്പാക്കുന്നത്. പ്രീപെയ്ഡ് റീചാര്‍ജ് സാധ്യമാകുന്ന സംവിധാനമാണ് ഫാസ്റ്റ്ടാഗ്. പ്ലാസകളിലൂടെ കടന്നുപോകുമ്പോള്‍ പണം ഓട്ടോമാറ്റികായി പിന്‍വലിക്കാവുന്ന സംവിധാനമാണിത്. വാഹനത്തിന്റെ ഗ്ലാസിലാണ് ഇത് പതിപ്പിക്കേണ്ടത്. വാഹനം നിര്‍ത്താതെ തന്നെ ടോള്‍പ്ലാസയിലൂടെ കടന്നുപോകാന്‍ സാധിക്കും. ടോള്‍പ്ലാസകള്‍, ആക്‌സിസ് ബാങ്ക്,എച്ച്ഡിഎഫ്‌സി ബാങ്ക്,ഫെഡറല്‍ ബാങ്ക് ,യൂനിയന്‍ ബാങ്ക് ,ഐസിഐസിഐ ബാങ്ക് എന്നിവയിലൂടെ ഫാസ്റ്റ്ടാഗ് വിതരണം ചെയ്യുന്നുണ്ട്.