
രാജ്യത്തെ പ്രമുഖ ഹൈപ്പര്‍മാര്‍ക്കറ്റ് ശൃഖലയായ ബിഗ്ബസാര്‍ ബിസിനസ് വിപുലപ്പെടുത്താന്‍ ഒരുങ്ങുന്നു. അടുത്ത മൂന്നു പാദം കൊണ്ട് 16 പുതിയ സ്റ്റോറുകള്‍ക്ക് തുടക്കമിടാനാണ് കമ്പനിയുടെ നീക്കം. ഇതോടെ ഇന്ത്യയില്‍ മൊത്തം ബിഗ്ബസാര്‍ സ്റ്റോറുകളുടെ എണ്ണം മുന്നൂറിലെത്തും. കൊവിഡ് ഭീതി അധികം പ്രഹമേല്‍പ്പിക്കാത്ത രാജ്യത്തെ ടിയര്‍-2 നഗരങ്ങളിലേക്കായിരിക്കും ബിഗ്ബസാര്‍ കടന്നുചെല്ലുക. അടുത്ത മൂന്നു ത്രൈമാസപാദംകൊണ്ട് 300 ഹൈപ്പര്‍മാര്‍ക്കറ്റ് സ്റ്റോറുകളെന്ന നാഴികക്കല്ല് ബിഗ്ബസാര്‍ പിന്നിടുമെന്ന് കമ്പനിയുടെ സിഇഓ സദാശിവ് നായക് അറിയിച്ചു.
നിലവില്‍ ഫ്യൂച്ചര്‍ റീടെയിലിന് കീഴിലുള്ള ബിഗ്ബസാറിന് നൂറിലേറെ നഗരങ്ങളിലായി 284 സ്റ്റോറുകളാണുള്ളത്. 300 സ്റ്റോറുകളെന്ന നാഴികക്കല്ല് പൂര്‍ത്തിയാക്കുന്നപക്ഷം ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ബിഗ്ബസാര്‍ സാന്നിധ്യമറിയിക്കും. ഇതേസമയം, പുതിയ നീക്കത്തിനായി കമ്പനി വകയിരുത്തിയ സാമ്പത്തിക വിവരങ്ങളോ നിക്ഷേപ വിവരങ്ങളോ സദാശിവ് നായക് വെളിപ്പെടുത്തിയില്ല.
വിപണിയില്‍ നിന്നും കൊവിഡ് ഭീതി പതിയെ വിട്ടൊഴിയുകയാണെന്ന സൂചന ഇദ്ദേഹം നല്‍കുന്നുണ്ട്. നാള്‍ക്കുനാള്‍ സ്റ്റോറുകളിലെ സന്ദര്‍ശകരുടെ എണ്ണം വര്‍ധിക്കുകയാണ്. ഉത്സവകാലത്ത് ബിഗ്ബസാര്‍ സ്റ്റോറുകളില്‍ ഉടനീളം വലിയ തിരക്ക് അനുഭവപ്പെട്ടു. വസ്ത്രവ്യാപാരത്തിലും മോശമല്ലാത്ത ഉണര്‍വ് കണ്ടതായി സദാശിവ് നായക് പറഞ്ഞു. ജനങ്ങള്‍ സാധനങ്ങള്‍ വാങ്ങിത്തുടങ്ങി. വാങ്ങുന്ന ഉത്പന്നങ്ങളുടെ വിലയും മറ്റു പ്രമോഷന്‍ ഇളവുകളെ കുറിച്ചും ഉപഭോക്താക്കള്‍ ജാഗ്രതയോടെ അന്വേഷിക്കുന്നുണ്ട്. പുതിയ സാഹചര്യത്തില്‍ ഉത്പന്നം എവിടെ നിന്നും നിര്‍മ്മിച്ചതാണെന്ന വിവരവും ജനങ്ങള്‍ തേടുന്നതായി സദാശിവ് നായക് വെളിപ്പെടുത്തി.
നിലവില്‍ ഡിജിറ്റല്‍ സാധ്യതകള്‍ വിനിയോഗിച്ചാണ് ബിഗ്ബസാര്‍ ബിസിനസ് കൊണ്ടുപോകുന്നത്. ഷോപ്പിങ് ആപ്പുകള്‍, വാട്സ്ആപ്പ് തുടങ്ങിയ ഡിജിറ്റല്‍ സാധ്യതകള്‍ക്ക് പുറമെ ഫോണ്‍വിളി വഴിയുള്ള ഓര്‍ഡറുകളും കമ്പനി സ്വീകരിക്കുന്നുണ്ട്. സാധനങ്ങള്‍ ആദ്യമേ ഓണ്‍ലൈനിലൂടെ വാങ്ങി സ്റ്റോറില്‍ നേരിട്ടെത്തി കൈപ്പറ്റാവുന്ന 'പിക്കപ്പ് അറ്റ് സ്റ്റോര്‍' അവസരവും ഉപഭോക്താക്കള്‍ക്കായി ബിഗ്ബസാര്‍ മുന്നോട്ടുവെയ്ക്കുന്നു.
വൈകാതെ റിലയന്‍സിന് കീഴിലുള്ള റിലയന്‍സ് റീടെയില്‍ വെഞ്ച്വേഴ്സ് ലിമിറ്റഡ് ഫ്യൂച്ചര്‍ ഗ്രൂപ്പിനെ ഏറ്റെടുക്കും. ഓഗസ്റ്റിലാണ് ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ റീടെയില്‍, ഹോള്‍സെയില്‍, ലോജിസ്റ്റിക്സ്, വെയര്‍ഹൗസിങ് ബിസിനസുകള്‍ റിലയന്‍സ് ഏറ്റെടുക്കുമെന്ന പ്രഖ്യാപനമുണ്ടായത്. 24,713 കോടി രൂപയുടേതാണ് ഇടപാട്. ഇടപാട് പൂര്‍ത്തിയായാല്‍ ഫ്യൂച്ചര്‍ ഗ്രൂപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ബിഗ്ബസാര്‍, എഫ്ബിബി, ഫുഡ്ഹാള്‍, ഈസിഡേ, നില്‍ഗിരിസ്, സെന്‍ട്രല്‍, ബ്രാന്‍ഡ് ഫാക്ടറി എന്നീ ബ്രാന്‍ഡ് സ്റ്റോറുകള്‍ റിലയന്‍സിന്റെ കൈവശമാവും.