
ഉത്സവസീസണ്‍ വില്പനയ്ക്കിടയില്‍ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലെ വില്പനക്കാര്‍ ആദ്യദിവസങ്ങളില്‍ തന്നെ കോടികള്‍ വരുമാനമുണ്ടാക്കി. ടയര്‍ 2 നഗരങ്ങളില്‍ നിന്നും പട്ടണങ്ങളില്‍ നിന്നുമുള്‍പ്പടെ ലക്ഷക്കണക്കിന് വില്പനക്കാര്‍ക്ക് ഓര്‍ഡറുകള്‍ ലഭിച്ചതായി ഫ്ളിപ്കാര്‍ട്ടും ആമസോണും പറയുന്നു. ബിഗ് ബില്യണ്‍ ഡെയ്സ് വില്പനയുടെ ആദ്യ മൂന്നുദിവസങ്ങള്‍ക്കുള്ളില്‍ 70ഓളം വില്പനക്കാര്‍ക്ക് ഒരുകോടി രൂപയിലധികം വരുമാനംലഭിച്ചതായി ഫ്ളിപ്കാര്‍ട്ട് അവകാശപ്പെട്ടു. 10,000ലേറെ കച്ചവടക്കാര്‍ക്ക് ലക്ഷങ്ങളും സമ്പാദിക്കാനായി.
മൂന്നുലക്ഷത്തലേറെ വില്പനക്കാര്‍ക്കാണ് ആദ്യമൂന്നുദിവസങ്ങള്‍ക്കുള്ളില്‍ ഓര്‍ഡറകുള്‍ ലഭിച്ചത്. ഇതില്‍ 60ശതമാനം വില്പനക്കാരും ചെറുനഗരങ്ങളില്‍നിന്നുള്ളവരാണ്. കഴിഞ്ഞവര്‍ഷത്തെ വില്പനയില്‍ ആറുദിവസംകൊണ്ടുണ്ടായ നേട്ടം ഇത്തവണ രണ്ടുദിവസംകൊണ്ട് നേടാനായതായാണ് കമ്പനി അവകാശപ്പെടുന്നത്. ഇത്തവണ വന്‍തോതില്‍ ഡിമാന്‍ഡ് കൂടിയതായി പറയുന്നു.
അതേസമയം, ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവെലിലൂടെ 48 മണിക്കൂറിനുള്ളില്‍ 1.1 ലക്ഷം കച്ചവടക്കാര്‍ക്ക് ഓര്‍ഡറുകള്‍ ലഭിച്ചതായി ആമസോണും അവകാശപ്പെട്ടു. 5000ലധികം വില്പനക്കാര്‍ക്ക് ആദ്യ 48 മണിക്കൂറിനുള്ളില്‍ 10 ലക്ഷത്തിലധികംരൂപയുടെ കച്ചവടം നടത്താനായെന്നാണ് കമ്പനി പറയുന്നത്.