
ന്യൂഡൽഹി: ഗൂഗിൾ, ഫേസ്ബുക്ക്, ആമസോൺ, മൈക്രോസോഫ്റ്റ്, അഡോബ് തുടങ്ങിയ ഇന്റർനെറ്റ് ടെക്നോളജി ഭീമന്മാർ ഉൾപ്പെടുന്ന ഏഴ് മുൻനിര വ്യവസായ അസോസിയേഷനുകളുടെ ഒരു സംഘം ഏപ്രിൽ ഒന്നിന് പ്രാബല്യത്തിൽ വരുന്ന, അമേരിക്കൻ കമ്പനികളെ മോശമായി ബാധിക്കുന്ന പുതിയ നികുതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു. വിദേശ കമ്പനികൾക്ക് വളരെ വിവേചനപരമായി ഏർപ്പെടുത്തിയ പുതിയ നികുതിയെക്കുറിച്ച് ഇന്ത്യൻ സർക്കാരുമായി ചർച്ച നടത്തണമെന്ന് അസോസിയേഷനുകൾ യുണൈറ്റഡ് സ്റ്റേറ്റ്സ് ട്രേഡ് പ്രതിനിധി റോബർട്ട് ഇ ലൈറ്റ്ഹൈസറിന് കത്ത് എഴുതി. 2016 ൽ ആദ്യമായി ഇന്ത്യയിൽ നിന്നുള്ള എല്ലാ വിദേശ ഇ-കൊമേഴ്‌സ് ഇടപാടുകൾക്കും ഏർപ്പെടുത്തിയ നികുതിയുടെ വ്യാപ്തി കഴിഞ്ഞ ആഴ്ച സർക്കാർ വിപുലീകരിച്ചിരുന്നു. മാർച്ച് 23 ന് പാർലമെന്റ് പാസാക്കിയ ധനകാര്യ ബില്ലിൽ ഭേദഗതി വരുത്തിയാണ് ഇത് ചെയ്തത്.
നെറ്റ്ഫ്ലിക്സ്, എയർബൺബി, ബുക്കിംഗ്സ്.കോം തുടങ്ങിയ സ്ഥാപനങ്ങൾക്ക് പുറമെ, മൈക്രോസോഫ്റ്റ് മുതൽ അഡോബ് വരെയും ഗൂഗിൾ മുതൽ ഫേസ്ബുക്ക് വരെയുമുള്ള (സാസ്) കമ്പനികൾ, വിദേശ വേരുകളിലൂടെ ഇന്ത്യക്കാർക്ക് സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നു. ഇവരെയെല്ലാം പുതിയ 2 ശതമാനം നികുതി ബാധിക്കുന്നതാണ്. ഈ നികുതി, കേന്ദ്ര ബജറ്റ് 2020 ന്റെ അവസാന ഘട്ടത്തിൽ പാർലമെന്ററി ചർച്ചകളോ പൊതുവായ ആലോചനകളോ ഇല്ലാതെ ഉൾപ്പെടുത്തിയിരുന്നു. ഏപ്രിൽ 1 മുതൽ ഇത് ബാധകമായി വരുകയാണ്.
കമ്പ്യൂട്ടിംഗ് ടെക്നോളജി ഇൻഡസ്ട്രി അസോസിയേഷൻ (കോംപിടിഐ), ഇൻഫർമേഷൻ ടെക്നോളജി ഇൻഡസ്ട്രി കൗൺസിൽ (ഐടിഐ), ഇന്റർനെറ്റ് അസോസിയേഷൻ (ഐഎ), യുഎസ്-ഇന്ത്യ സ്ട്രാറ്റജിക് പാർട്ണർഷിപ്പ് ഫോറം (യുഎസ്‌ഐഎസ്‌പിഎഫ്), യുണൈറ്റഡ് സ്റ്റേറ്റ്സ് കൗൺസിൽ ഫോർ ഇന്റർനാഷണൽ ബിസിനസ് (യുഎസ്‌സിഐബി) എന്നിവയും മറ്റ് വ്യവസായ സ്ഥാപനങ്ങളും സംയുക്തമായിയാണ് കത്ത് നൽകിയിയിട്ടുള്ളത്.
അതേസമയം കമ്പനികൾ അതിന്റെ ആഭ്യന്തര സംവിധാനങ്ങളും ബില്ലിംഗ് സംവിധാനങ്ങളും മാറ്റണമെന്ന് ആവശ്യപ്പെടുന്ന നികുതി പിൻവലിക്കണമെന്ന് ഇൻറർനെറ്റ് ആൻഡ് മൊബൈൽ അസോസിയേഷൻ ഓഫ് ഇന്ത്യ (ഐഎഎംഐഐ) സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രത്യേകിച്ചും കൊറോണ വൈറസ് പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിൽ. ഇത്തരം സമയങ്ങളിൽ അധിക നികുതി ഈടാക്കുന്നത് കാര്യങ്ങൾ കൂടുതൽ വഷളാക്കുകയേയുള്ളൂവെന്ന് ഐഎഎംഎഐ ചൊവ്വാഴ്ച പ്രസ്താവനയിൽ പറഞ്ഞു.