
കൊച്ചി: കേരളാ സ്റ്റാര്‍ട്ടപ്പ് മിഷന്‍ ഇന്‍ക്യുബേറ്ററായ ടെക് കമ്പനി അഗ്രിമ ഇന്‍ഫോടെകിനെ ഏറ്റെടുത്ത് ടാറ്റ ഗ്രൂപ്പിന്റെ ബിഗ്ബാസ്‌കറ്റ്. കൊച്ചി ആസ്ഥാനമായ ഈ ടെക്നോളജി സ്റ്റാര്‍ട്ടപ്പിന്റെ സ്വന്തം കസ്റ്റമര്‍വിഷന്‍ ടെക്നോളജി പ്ലാറ്റ്ഫോം ആയ 'സൈറ്റ്' ബിഗ്ബാസ്‌കറ്റ് എല്ലാ റീട്ടെയിലര്‍ സ്റ്റോറുകളിലെയും സെല്‍ഫ് ചെക്കൗട്ട് കൗണ്ടറുകളില്‍ സ്ഥാപിക്കും. അഗ്രിമയുടെ സ്ഥാപകരായ അനൂപ് ബാലകൃഷ്ണന്‍, അരുണ്‍ രവി, നിഖില്‍ ധര്‍മന്‍ എന്നിവരാണ് സൈറ്റ് ടെക്നോളജി വികസിപ്പിച്ചത്. ഇന്ത്യയുടെ തനതായ പച്ചക്കറി-ഫലവര്‍ഗങ്ങള്‍ ബാര്‍കോഡില്ലാതെ തന്നെ ചിത്രത്തിലൂടെ തിരിച്ചറിയാന്‍ സാധിക്കും. ഇതുവഴി സെല്‍ഫ് ചെക്ക്ഔട്ട് കൗണ്ടറുകളുള്ള റീട്ടെയില്‍ ഷോപ്പുകള്‍ക്ക് സുഗമമമായി പ്രവര്‍ത്തിക്കാനാകും.
അസംസ്‌കൃത ഭക്ഷ്യവസ്തുക്കളായ പഴങ്ങളും പച്ചക്കറികളും ഒരു ചിത്രത്തില്‍ തന്നെ മെഷീന്‍ കണ്ടെത്തുന്നത് സങ്കീര്‍ണ്ണമാണെന്ന് അഗ്രിമ സഹസ്ഥാപകനും സിഒഒയുമായ അരുണ്‍ രവി പറഞ്ഞു, കാരണം അവയുടെ ഉത്ഭവ സ്ഥാനവും സീസണും അനുസരിച്ച് അവയുടെ രൂപം വ്യത്യാസപ്പെടാം. നൂറ് ശതമാനം കൃത്യതയ്ക്ക് വേണ്ടി ഓരോ എസ്‌കെയുവിന്റെയും (സ്റ്റോക്ക് കീപ്പിംഗ് യൂണിറ്റ്) ആയിരക്കണക്കിന് ചിത്രങ്ങള്‍ സീസണുകളിലുടനീളവും വ്യത്യസ്ത സ്ഥലങ്ങളില്‍ നിന്നും തങ്ങള്‍ പകര്‍ത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു.
രാജ്യത്തെ ഓഫ്ലൈന്‍ ഷോപ്പിങ് രീതിയെ പുനര്‍നിര്‍വചിക്കാന്‍ ബിഗ്ബാസ്‌കറ്റുമായുള്ള സഹകരണം വഴി സാധിക്കുമെന്ന് അഗ്രിമ ഇന്‍ഫോടെക് സഹസ്ഥാപകനും സിഇഓയുമായ ബാലകൃഷ്ണന്‍ പറഞ്ഞു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും മെഷീന്‍ ലേണിങ് സംവിധാനവും സംയോജിപ്പിച്ചാണ് അഗ്രിമ തങ്ങളുടെ സാങ്കേതിക വിദ്യ വികസിപ്പിച്ചത്. ഈ വൈദഗ്ധ്യം പരമാവധി ബിഗ്ബാസ്‌കറ്റ് ഉപയോഗിക്കും. കമ്പനിയിലെ നിരവധി സാങ്കേതിക കണ്ടുപിടുത്തങ്ങള്‍ സമ്പന്നമാക്കാനും മെച്ചപ്പെടുത്താനും പുതിയ ഏറ്റെടുക്കലിലൂടെ കമ്പനിക്ക് സാധിക്കുമെന്ന് ബിഗ്ബാസ്‌കറ്റ് സിഇഒ ഹരി മേനോന്‍ അഭിപ്രായപ്പെട്ടു. ഗ്രോസറി മേഖലയില്‍ ശക്തമായ നവീകരണം കൊണ്ടുവരാന്‍ അഗ്രിമയുമായി ചേര്‍ന്നുള്ള പ്രവര്‍ത്തനത്തിലൂടെ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു. 2023 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്ത് ഉടനീളം 200 ഫിസിക്കല്‍ ഔട്ട്ലെറ്റുകള്‍ തുറക്കാനാണ് ബിഗ്ബാസ്‌കറ്റിന്റെ പദ്ധതി. 2026 ഓടെ 800 സ്റ്റോറുകളാക്കി ഉയര്‍ത്തുമെന്നും മേനോന്‍ പറഞ്ഞു.
അടുത്തിടെ, ബിഗ്ബാസ്‌ക്കറ്റ് അതിന്റെ ആദ്യത്തെ സാങ്കേതികവിദ്യാധിഷ്ഠിത സ്വയം സേവനമായ 'ഫ്രെഷോ' റീട്ടെയില്‍ സ്റ്റോര്‍ ബാംഗ്ലൂരില്‍ തുറന്നിരുന്നു. ഹീലിയോണ്‍ വെഞ്ചേഴ്‌സ്, സിഡിസി, ബെസ്സെമര്‍ വെഞ്ച്വര്‍ പാര്‍ട്‌ണേഴ്‌സ്, ദക്ഷിണ കൊറിയയുടെ മിറേ അസറ്റ് വെഞ്ച്വര്‍ ഇന്‍വെസ്റ്റ്‌മെന്റ് എന്നിവര്‍ ബിഗ്ബാസ്‌കറ്റിന്റെ പ്രമുഖ നിക്ഷേപകരാണ്. കഴിഞ്ഞ വര്‍ഷം മെയ് മാസത്തിലാണ് ടാറ്റ സണ്‍സിന്റെ അനുബന്ധ സ്ഥാപനമായ ടാറ്റ ഡിജിറ്റല്‍ 63 ശതമാനം ഓഹരികള്‍ സ്വന്തമാക്കിയത്. ഫ്ളിപ്പ്കാര്‍ട്ടും ആമസോണുമാണ് ബിഗ്ബാസ്‌കറ്റിന്റെ പ്രധാന എതിരാളികള്‍.