
രാജ്യത്തെ ഏറ്റവും വലിയ പരമ്പരാഗത രുചിയുടെ കലവറയായ മധുരപലഹാര നിര്‍മാതാക്കളായ ബികാജി ഫുഡ് ഓഹരി വിപണിയിലേക്ക് വരാനൊരുങ്ങുന്നു. ഇതിന് മുന്നോടിയായി ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്പെക്ടസ് റെഗുലേറ്ററി അതോറിറ്റിയായ സെബിക്ക് മുമ്പാകെ ഈ ആഴ്ച സമര്‍പ്പിച്ചേക്കും. ഒരു ബില്യണ്‍ ഡോളര്‍ മൂല്യത്തില്‍ ഏകദേശം ആയിരം കോടി രൂപയാണ് ബികാജി ഫുഡ്‌സ് പ്രാഥമിക ഓഹരി വില്‍പ്പനയിലൂടെ സമാഹരിക്കാന്‍ ലക്ഷ്യമിടുന്നത്.
ഐപിഒയ്ക്ക് മുന്നോടിയായി രാജസ്ഥാന്‍ ആസ്ഥാനമായുള്ള കമ്പനി ജെഎം ഫിനാന്‍ഷ്യല്‍, ഐഐഎഫ്എല്‍ സെക്യൂരിറ്റീസ് എന്നിവയെ അതിന്റെ ബാങ്കര്‍മാരായി നിയമിച്ചിട്ടുണ്ട്. ഐപിഒയില്‍ നിലവിലുള്ള ഷെയര്‍ഹോള്‍ഡര്‍മാരുടെ ഓഫര്‍ ഫോര്‍ സെയിലും ഉള്‍പ്പെടും. പ്രതിദിനം 400 ടണ്ണിലധികം ലഘുഭക്ഷണം ഉണ്ടാക്കാന്‍ രാജസ്ഥാന്‍, അസം, കര്‍ണാടക എന്നിവിടങ്ങളില്‍ ബികാജിക്ക് ആറ് നിര്‍മ്മാണ കേന്ദ്രങ്ങളുണ്ട്.
ഭുജിയ, നാംകീന്‍, മധുരപലഹാരങ്ങള്‍, പപ്പടം, ശീതീകരിച്ച ഭക്ഷണങ്ങള്‍ എന്നിവയുള്‍പ്പെടെ 300-ഓളം ഉല്‍പ്പന്നങ്ങളാണ് കമ്പനി നിര്‍മിക്കുന്നത്. ബികാജിയുടെ വില്‍പ്പനതോത് 2016-2020 കാലയളവില്‍ പ്രതിവര്‍ഷം 13.85 ശതമാനം വര്‍ധിച്ച് 74.7 ദശലക്ഷം കിലോഗ്രാമിലെത്തി. അതേ കാലയളവില്‍ വരുമാനം 14.2 ശതമാനം വര്‍ധിച്ച് 1,073 കോടി രൂപയായി. റിപ്പോര്‍ട്ട് അനുസരിച്ച് അനുസരിച്ച്, അടുത്ത വര്‍ഷങ്ങളിലായി വിവിധയിടങ്ങളില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കാനും വിവിധ വിഭാഗങ്ങളില്‍ പുതിയ ബ്രാന്‍ഡുകള്‍ അവതരിപ്പിക്കാനും കമ്പനി പദ്ധതിയിടുന്നു.