കോവിഡ് കാലത്തും വരുമാനം ഇരട്ടിയാക്കിയ ശതകോടീശ്വരന്മാര്‍ ആരൊക്കെ?

November 17, 2020 |
|
News

                  കോവിഡ് കാലത്തും വരുമാനം ഇരട്ടിയാക്കിയ ശതകോടീശ്വരന്മാര്‍ ആരൊക്കെ?

കോവിഡ് കാലത്തിലും കോടിക്കണക്കിന് ഡോളര്‍ വരുന്ന വരുമാനം ഇരട്ടിയാക്കിയ സംരംഭകരുണ്ട്. കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ പിഡബ്ല്യുസിയും സ്വിസ് ബാങ്ക് യുബിസിയും സംയുക്തമായി നടത്തിയ പഠന പ്രകാരം ലോകത്തെ 2000 ശതകോടീശ്വരന്മാര്‍ ചേര്‍ന്ന് ഈ വര്‍ഷം മാത്രം സമ്പാദിച്ചത് 10 ലക്ഷം കോടി ഡോളറാണ്. ലോക്ക്ഡൗണ്‍ കാലത്തും ആസ്തി ഇരട്ടിയാക്കിയ ലോകത്തെ ശതകോടീശ്വരന്മാര്‍ ഇവരാണ്.

ജെഫ് ബെസോസ് (ആസ്തി 184.1 ബില്യണ്‍ ഡോളര്‍)

ലോകത്തിലെ ഏറ്റവും സമ്പന്നനാണ് ആമസോണ്‍ ചീഫ് എക്സിക്യൂട്ടിവ് ഓഫീസര്‍ ജെഫ് ബെസോസ്. 2019 ഒക്ടോബറില്‍ 114 ബില്യണ്‍ ഡോളര്‍ ആസ്തിയുണ്ടായിരുന്ന അദ്ദേഹത്തിന് ഇന്ന് 184 ബില്യണ്‍ ഡോളര്‍ ആസ്തിയുണ്ട്. ഓഗസ്റ്റില്‍ ഏതാനും ആഴ്ചകളില്‍ അതിന്റെ മൂല്യം 200 ബില്യണ്‍ ഡോളറിനും മുകളിലെത്തുകയും ചെയ്തിരുന്നു. ഓഹരി വിലയില്‍ വന്‍ വര്‍ധനവ് കണ്ട ആ കാലത്ത് ഒറ്റ ദിവസം കൊണ്ട് വര്‍ധിച്ചത് 10 ബില്യണ്‍ ഡോളറാണ്. അതായത് ഏകദേശം 75,000 കോടി രൂപയോളം.

മാര്‍ക്ക് സുക്കര്‍ബര്‍ഗ് (101.5 ബില്യണ്‍ ഡോളര്‍)

ഫേസ്ബുക്ക് സഹസ്ഥാപകനായ മാര്‍ക്ക് സുക്കര്‍ബെര്‍ഗിന്റെ സമ്പത്തില്‍ ഈ വര്‍ഷം ഇരട്ടി വര്‍ധനയാണുണ്ടായത്. ഏപ്രിലിലെ കണക്കനുസരിച്ച് അദ്ദേഹത്തിന്റെ ആസ്തി 54.7 ബില്യണ്‍ ഡോളറായിരുന്നു. ലോക്ക്ഡൗണ്‍ കാലയളവില്‍ സോഷ്യല്‍ മീഡിയയുടെ ഉപയോഗം പതിന്മടങ്ങായതോടെയാണ് മാര്‍ക്ക് സുക്കര്‍ബെര്‍ഗിന്റെ സമ്പാദ്യത്തിലും വര്‍ധനയുണ്ടായത്. 100 ബില്യണ്‍ ഡോളറിലേറെ വരുമാനമുള്ള ലോകത്തെ നാലുപേരില്‍ ഒരാളാണിന്ന് ഈ 36കാരന്‍.

ഇലോണ്‍ മസ്‌ക് (92.4 ബില്യണ്‍ ഡോളര്‍)

സമ്പത്തില്‍ ഒരു കുതിച്ചു ചാട്ടമാണ് സ്പേസ് എക്സിന്റെയും ടെസ്ലയുടെയും ഉടമയായ ഇലോണ്‍ മസ്‌ക് ഈ വര്‍ഷം നേടിയത്. കഴിഞ്ഞ വര്‍ഷം അവസാനം 23.9 ബില്യണ്‍ ഡോളറായിരുന്ന അദ്ദേഹത്തിന്റെ ആസ്തിയില്‍ 300 ശതമാനം വര്‍ധനയാണുണ്ടായത്. ടെസ്ലയുടെ ഓഹരി വിലയിലെ വര്‍ധനവാണ് അദ്ദേഹത്തിന്റെ ആസ്തി കുതിച്ചുയരാന്‍ പ്രധാനകാരണം. ഇതോടെ ലോകത്തിന്റെ ഏറ്റവും മൂല്യമുള്ള വാഹന നിര്‍മാതാക്കളായും ടെസ്ല മാറി.

കോളിന്‍ ഹുവാങ് (39.3 ബില്യണ്‍ ഡോളര്‍)

ചൈനീസ് ഇ കൊമേഴ്സ് കമ്പനിയായ പിന്‍ഡ്യുവോഡ്യുവോ സ്ഥാപകനായ കോളിന്‍ ഗുവാങ് ചൈനയിലെ ഏറ്റവും വലിയ നാലാമത്തെ സമ്പന്നനായ വ്യക്തിയാണ്. പെട്ടെന്നായിരുന്നു അദ്ദേഹത്തിന്റെ വളര്‍ച്ചയെന്നത് ശ്രദ്ധേയം. നാസ്ദാക്കില്‍ ലിസ്റ്റ് ചെയ്ത കമ്പനിയുടെ ഓഹരി മൂല്യത്തില്‍ ഇരട്ടി വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്.

എറിക് യുവാന്‍ (18.2 ബില്യണ്‍ ഡോളര്‍)

ലോക്ക് ഡൗണ്‍ കാലത്തെ ഏറ്റവും വലിയ വിജയകഥകളിലൊന്ന് എറിക് യുവാന്റേതാണ്. സൂം എന്ന വീഡിയോ കോണ്‍ഫറന്‍സിംഗ് ആപ്ലിക്കേഷന്റെ സ്വീകാര്യത അത്രയേറെയായിരുന്നു. ലോകത്തെ കോര്‍പറേറ്റ് കമ്പനികളൊക്കെയും പണം നല്‍കി ഈ സേവനം പ്രയോജനപ്പെടുത്തിയതോടെ കോവിഡിന് മുമ്പുള്ളതിനേക്കാള്‍ 1900 മടങ്ങാണ് ഉപയോഗം വര്‍ധിച്ചത്. ഇത് അദ്ദേഹത്തിന്റെ വരുമാനത്തിലും വന്‍ വര്‍ധനയുണ്ടാക്കി.

Related Articles

© 2024 Financial Views. All Rights Reserved