
മുംബൈ: ലോകത്തെ ശതകോടീശ്വരന്മാരുടെ എണ്ണത്തില്‍ ഇടിവ് സംഭവിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ഇന്ത്യ ഉള്‍പ്പെടെ ഒട്ടുമിക്ക സമ്പദ് വ്യവസ്ഥകളിലും ശതകോടീശ്വരന്മാരുടെ എണ്ണം കുറയുന്നതായി ആഗോള സാമ്പത്തിക സേവനകമ്പനി യുബിഎസും കണ്‍സള്‍ട്ടിങ് സ്ഥാപനമായ പിഡബ്യുസിയും പുറത്തുവിട്ട റിപ്പോര്‍ട്ടാണ് ഇത് തെളിയിക്കുന്നത്. പത്ത് വര്‍ഷത്തിന് ശേഷം ആദ്യമായാണ് ഇത്രയും ഇടിവ് സംഭവിക്കുന്നത്.
ഇവരുടെ 'ബില്യണ്‍ ഇഫക്ട് ' റിപ്പോര്‍ട്ട് പ്രകാരം 2018 ല്‍ ഇന്ത്യയിലെ ശതകോടീശ്വരന്മാരുടെ എണ്ണത്തില്‍ 10.9% കുറവാണ് ഉണ്ടായിട്ടുള്ളത്. ഇക്കാലയളവില്‍ ഇന്ത്യന്‍ അതിസമ്പന്നരുടെ അറ്റ ആസ്തിമൂല്യത്തില്‍ വാര്‍ഷിക ഇടിവ് 8.6% ആയി 405.3 ബില്യണ്‍ ഡോളറിലെത്തി. ഇന്ത്യയിലെ അതിസമ്പന്നന്മാരില്‍ 58% പേരും പാരമ്പര്യസ്വത്ത് മൂലമല്ല വിജയം കൈവരിച്ചതെന്നും ബില്യണ്‍ ഇഫക്ട് വ്യക്തമാക്കുന്നു. അതിസമ്പന്നന്മാരെ ലോകക്രമത്തില്‍ പരിശോധിച്ചാല്‍ ശതകോടീശ്വരന്മാരുടെ എണ്ണത്തില്‍ 2.64% ആണ് ഇടിഞ്ഞിരിക്കുന്നത്. 2,101 പേരാണ് ശതകോടീശ്വരന്മാര്‍.
അതിസമ്പന്നരുടെ ആസ്തി മൂല്യത്തില്‍ 4.3% കുറഞ്ഞിട്ടുണ്ട്. 8.5 ട്രില്യണ്‍ ഡോളറാണ് ശതകോടീശ്വരന്മാരുടെ സമ്പത്ത്. ചൈന അടക്കമുള്ള രാജ്യങ്ങളടങ്ങുന്ന ഏഷ്യാ പസഫിക് മേഖലയിലും ശതകോടീശ്വരന്മാരുടെ എണ്ണത്തിലും ആസ്തിയിലും ഇടിവുണ്ടായിട്ടുണ്ട്. 754 പേരാണ് ഈ മേഖലയിലെ ശതകോടീശ്വരന്മാര്‍. ഇവരുടെ സമ്പത്തില്‍ 8% ഇടിഞ്ഞ് 2.5 ട്രില്യണ്‍ ഡോളറായി മാറി. ലോകത്തിലെ ശതകോടീശ്വരന്മാരില്‍ 8ല്‍ ഒന്ന് ചൈനയുടെ സംഭാവനയാണ്.ഏഷ്യാപസഫിക്കിന്റെ കാര്യം പരിശോധിച്ചാല്‍ 48% ചൈനക്കാര്‍ തന്നെ. എന്നാല്‍ വെറും 325 ശതകോടീശ്വരന്മാരായി ഇത് ചുരുങ്ങിയിട്ടുണ്ട്. ഇന്ത്യ ഏഷ്യാ പസഫിക്കില്‍ 14% സമ്പന്നരുമായി രണ്ടാംസ്ഥാനത്താണ്.
കാരണങ്ങള്‍ പരിശോധിക്കാം
ലോകത്ത് സാമ്പത്തിക മാന്ദ്യം പിടിമുറുക്കുന്നതാണ് അതിസമ്പന്നര്‍ക്കും വിനയായിരിക്കുന്നത്. ഏഷ്യാ പസഫിക്കിന്റെ കാര്യം പരിശോധിച്ചാല്‍ ചൈന-യുഎസ് സാമ്പത്തിക യുദ്ധവും ഒരു കാരണമാണെന്ന് റിപ്പോര്‍ട്ടുകള്‍ തെളിയിക്കുന്നു. കൂടാതെ വിദേശകറന്‍സികളില്‍ അതിശക്തനായ യുഎസ് ഡോളറിന്റെ ഇടിവ്,വാണിജ്യ സംഘര്‍ഷങ്ങള്‍,അസ്ഥിരമായ വിപണിയും സമ്പദ് വ്യവസ്ഥകളും വിപണിയില്‍ കനത്ത തോതിലാണ് പ്രഹരമേല്‍പ്പിച്ചത്. ഇതൊക്കെ പ്രതിസന്ധികള്‍ സൃഷ്ടിച്ചുവെന്ന് ബില്യണ്‍ ഇഫക്ട് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.