പക്ഷിപ്പനി: കോഴിയിറച്ചയ്ക്കും മുട്ടയ്ക്കും വില കുത്തനെ ഇടിഞ്ഞു

January 12, 2021 |
|
News

                  പക്ഷിപ്പനി: കോഴിയിറച്ചയ്ക്കും മുട്ടയ്ക്കും വില കുത്തനെ ഇടിഞ്ഞു

സംസ്ഥാനത്ത് പക്ഷിപ്പനി (ഏവിയന്‍ ഇന്‍ഫ്‌ലുവന്‍സ) പടര്‍ന്നുപിടിച്ചതിനെ തുടര്‍ന്ന് കോഴിയിറച്ചയ്ക്കും കോഴി മുട്ടയ്ക്കും വില കുത്തനെ ഇടിഞ്ഞു. കേരളത്തിന് പുറമേ രാജസ്ഥാന്‍, മധ്യപ്രദേശ്, ഹിമാചല്‍ പ്രദേശ്, ഹരിയാന, ഗുജറാത്ത്, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, ഉത്തരാഖണ്ഡ്, ഡല്‍ഹി എന്നിവിടങ്ങളിലും പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ബുധനാഴ്ച മുതല്‍, രോഗം ബാധിച്ച പക്ഷികളുടെ മരണ റിപ്പോര്‍ട്ട് പുറത്തു വന്നതോടെ, ബ്രോയിലര്‍ ചിക്കന്റെ വില മഹാരാഷ്ട്രയില്‍ കിലോയ്ക്ക് 82 മുതല്‍ 58 രൂപ വരെയും ഗുജറാത്തില്‍ 94 മുതല്‍ 65 രൂപ വരെയും തമിഴ്നാട്ടില്‍ 80 മുതല്‍ 70 രൂപ വരെയും കുറഞ്ഞു. ഇതേ കാലയളവില്‍ മുട്ടയുടെ വില നാമക്കലില്‍ (തമിഴ്നാട്) 5.10 രൂപയില്‍ നിന്ന് 4.20 രൂപയായും ബര്‍വാലയില്‍ (ഹരിയാന) 5.35 രൂപ മുതല്‍ 4.05 രൂപ വരെയും പൂനെയില്‍ 5.30 രൂപ മുതല്‍ 4.50 രൂപ വരെയും കുറഞ്ഞു.

ഇന്ത്യയില്‍ പ്രതിദിനം 1.3 കോടി ബ്രോയിലര്‍ കോഴികളും ശരാശരി 20 കോടി മുട്ടകളും വില്‍ക്കപ്പെടുന്നുണ്ട്. പക്ഷി പനി ഭീഷണിയെ തുടര്‍ന്ന് കഴിഞ്ഞ 4-5 ദിവസങ്ങളില്‍ ഉപഭോഗം 30-40 ശതമാനം വരെ കുറഞ്ഞുവെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ വര്‍ഷം ജനുവരി പകുതിയോടെ ചൈനയില്‍ കൊറോണ വൈറസ് വ്യാപിച്ചതായി റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചതോടെ രാജ്യത്ത് ഇറച്ചിക്കോഴി വില ഇടിഞ്ഞിരുന്നു.

ഏവിയന്‍ ഇന്‍ഫ്‌ലുവന്‍സ കാരണം പ്രധാനമായും കാക്കകള്‍, പ്രാവുകള്‍, താറാവുകള്‍, മയിലുകള്‍, മറ്റ് ദേശാടന പക്ഷികള്‍ എന്നിവയാണ് ചത്തൊടുങ്ങിയിട്ടുള്ളത്. കോഴികളുടെ മരണം ഇതുവരെ സ്ഥിരീകരിച്ചത് മഹാരാഷ്ട്രയിലെ പര്‍ഭാനിയില്‍ നിന്നും ഹരിയാനയിലെ ബര്‍വാലയില്‍ നിന്നുമാണ്.

Related Articles

© 2025 Financial Views. All Rights Reserved